Breaking

Friday, June 28, 2019

അധ്യക്ഷസ്ഥാനത്തേക്ക് പൊതുസ്വീകാര്യനെ കണ്ടെത്താനാവാതെ കോൺഗ്രസ്

: രാഹുൽഗാന്ധി അധ്യക്ഷസ്ഥാനത്തുനിന്നു മാറിനിൽക്കുമെന്നുറപ്പായതോടെ പൊതുസ്വീകാര്യനായ മറ്റൊരാളെ കണ്ടെത്താനാവാതെ കോൺഗ്രസ് കുഴങ്ങുന്നു. രാഹുലിന്റെ രാജിയുമായി പൊരുത്തപ്പെടാൻ നേതാക്കൾക്കൊന്നുമാവാത്തതിനാൽ പുതിയ പേരുകളൊന്നും ആരും അംഗീകരിക്കുന്നില്ല. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാത്തതിലുള്ള നൈരാശ്യമാണ് രാഹുലിനെന്നും, തീരുമാനം മാറ്റാത്തതിനാൽ പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസ് ബുദ്ധിമുട്ടുകയാണെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. അധ്യക്ഷസ്ഥാനത്തേക്കു രാഹുൽതന്നെ മറ്റൊരാളെ നിർദേശിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം നിർദേശിച്ചാൽ എല്ലാവരും അംഗീകരിക്കുമെന്നതിനാലാണിത്. ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞ സാഹചര്യത്തിൽ അവിടെനിന്നൊരാളെ അധ്യക്ഷപദവിയിലേക്കു കൊണ്ടുവരണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ രൂപപ്പെട്ടിരുന്നു. എന്നാൽ, രാഹുലല്ലാതെ മറ്റൊരാളെ ആലോചിക്കാൻപോലുമാവില്ലെന്നാണ് എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ നേതാക്കളുടെ നിലപാട്. ഹിന്ദി മേഖലയിൽ കോൺഗ്രസ് തകർന്നിരിക്കെ, ദക്ഷിണേന്ത്യയിൽനിന്നൊരാളെ അധ്യക്ഷനാക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന അഭിപ്രായവും ശക്തമാണ്. അങ്ങനെയെങ്കിൽ വടക്കേയിന്ത്യയിൽനിന്നുതന്നെ ഒരാൾ വന്നേക്കും. നേരത്തേ അശോക് ഗഹ്ലോതിന്റെ പേര് അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നിരുന്നെങ്കിലും രാജസ്ഥാനിലെ കനത്തതോൽവിയുടെ പശ്ചാത്തലത്തിൽ അതിനോട് മിക്കനേതാക്കൾക്കും താത്പര്യമില്ല. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുംവരെ സംഘടനാകാര്യങ്ങളിൽ സജീവമായി രംഗത്തുണ്ടാവുമെന്ന് രാഹുൽ മുതിർന്ന നേതാക്കൾക്ക് ഉറപ്പുനൽകി. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ രാഹുൽ കണ്ടുതുടങ്ങി. ഹരിയാണയിൽ പി.സി.സി. പുനഃസംഘടിപ്പിക്കേണ്ടതുൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാംനബി ആസാദുമായി വ്യാഴാഴ്ച ചർച്ചചെയ്തു. വയനാട്ടിലെ നേതാക്കളുമായി കൂടിക്കാഴ്ച ഇന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ വയനാട് മണ്ഡലത്തിൽനിന്നുള്ള 37 നേതാക്കൾ വെള്ളിയാഴ്ച രാഹുലുമായി കൂടിക്കാഴ്ച നടത്തും. വയനാടിന്റെ വികസനകാര്യങ്ങൾ ചർച്ചചെയ്യാൻ രാഹുൽ ക്ഷണിച്ചതനുസരിച്ചാണ് നേതാക്കളെത്തിയത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.വി. അബ്ദുൾ വഹാബ്, ആര്യാടൻ മുഹമ്മദ്, എ.പി. അനിൽകുമാർ, ഐ.സി. ബാലകൃഷ്ണൻ, പി.കെ. ബഷീർ, ടി. സിദ്ദിഖ്, വി.വി. പ്രകാശ്, പി.കെ. ജയലക്ഷ്മി തുടങ്ങിയ നേതാക്കളാണ് രാഹുലിനെ കാണുന്നത്. Content Highlights:congress president post-rahul gandhi


from mathrubhumi.latestnews.rssfeed https://ift.tt/2LmDjW9
via IFTTT