കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശബരിമല വിഷയവും കാരണമായെന്ന് സി.പി.എം. ജനങ്ങളുടെ മനോഗതി മനസിലാക്കുന്നതിൽ പരാജയപ്പെട്ടെന്നും ശബരിമല വിഷയത്തെത്തുടർന്ന് പതിവായി ഇടതുപക്ഷത്തിന് വോട്ട് ചെയ്തവരിൽ ഒരുവിഭാഗത്തെ കോൺഗ്രസിനും ബി.ജെ.പിക്കും ആകർഷിക്കാൻ കഴിഞ്ഞെന്നും പാർട്ടി മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്നു. കണ്ടുപിടിക്കേണ്ടത് മാത്രമല്ല, തിരുത്തേണ്ട ചില ദൗർബല്യങ്ങളുണ്ട് എന്ന തലക്കെട്ടിലാണ് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വനിതാമതിൽ ഉൾപ്പെടെയുള്ള ബഹുജന സമരങ്ങളിൽ അണിനിരന്ന എല്ലാ വിഭാഗങ്ങളും വോട്ടായി മാറിയില്ല. സംസ്ഥാന സർക്കാരിന്റെ പ്രകടനത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ നല്ല അംഗീകാരം ഉണ്ടായിരുന്നെങ്കിലും അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതിൽ പരാജയപ്പെട്ടു. വനിതാമതിലിന് ശേഷം രണ്ട് യുവതികൾ ശബരിമലയിൽ പ്രവേശിച്ചത് യു.ഡി.എഫും ബി.ജെ.പി.യും ഉപയോഗപ്പെടുത്തി. ഈ പ്രചാരണം അനുഭാവികൾക്കിടയിൽ വലിയ ആഘാതം സൃഷ്ടിച്ചു. കേന്ദ്രത്തിൽ വീണ്ടും ബി.ജെ.പി. സർക്കാർ വരുമെന്ന ഭയം മതനിരപേക്ഷ മനസുകളിൽ യു.ഡി.എഫിന് അനുകൂലമായ ചുവടുമാറ്റത്തിന് ഇടയാക്കി. കേന്ദ്രത്തിൽ കോൺഗ്രസിനെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കണമെന്നുള്ള പ്രചാരണം ഇതിന് ആക്കംകൂട്ടി. സി.പി.എമ്മിന്റെ തോൽവി ഉറപ്പാക്കാൻ തിരുവനന്തപുരം, ആറ്റിങ്ങൽ,പത്തനംതിട്ട,തൃശ്ശൂർ,പാലക്കാട് എന്നിവിടങ്ങളിലൊഴിച്ച് ബി.ജെ.പി. യു.ഡി.എഫിന് വോട്ട് മറിച്ചു. രാഷ്ട്രീയ അക്രമങ്ങൾക്ക് പാർട്ടി മാത്രമാണ് ഉത്തരവാദി എന്ന പ്രചാരണം വിജയിപ്പിക്കുന്നതിൽ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും വിജയിച്ചെന്നും എതിരാളികൾക്ക് പാർട്ടിയെ രാഷ്ട്രീയ അക്രമകാരികളായി ചിത്രീകരിക്കുന്നതിന് അവസരങ്ങൾ ഉണ്ടാകില്ലെന്നത് പാർട്ടി ഉറപ്പുവരുത്തണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. കേരളത്തിൽ ബിജെപിയുടെ വളർച്ച തടയുന്നതിനുള്ള സംഘടനാപ്രവർത്തനം ആവശ്യമാണെന്നും ശക്തികേന്ദ്രങ്ങളിൽ പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വിശദീകരിക്കുന്നു. Content Highlights:cpm loksabha election result analysis report published in deshabimani
from mathrubhumi.latestnews.rssfeed https://ift.tt/2Fz7WUv
via
IFTTT