Breaking

Saturday, June 29, 2019

സെൻട്രൽ ജയിലുകളിൽ ശരീരം മൊത്തമായി പരിശോധിക്കുന്ന സ്കാനർ ഉടൻ -ഋഷിരാജ് സിങ്

പാലക്കാട്: തടവുകാർ ഒളിപ്പിച്ചുകടത്തുന്ന വസ്തുക്കൾ പിടികൂടാൻ മൂന്ന് സെൻട്രൽ ജയിലുകളിലും ഹൈടെക് ജയിലിലും ഉടൻ 'ഹോൾബോഡി സ്കാനർ' ഏർപ്പെടുത്തുമെന്ന് ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ്. ജൂലായ് പതിനഞ്ചോടെ ഉദ്ഘാടനം ചെയ്യുന്ന പാലക്കാട് ജില്ലാ ജയിലിലെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. സെൻട്രൽ ജയിലുകളിൽ കഴിഞ്ഞദിവസം ഡി.ജി.പി. നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകളടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. ഹോൾബോഡി സ്കാനറുകൾ ജയിലിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ജയിൽ ഡി.ജി.പി.യുമായി ചർച്ചനടത്തിയിരുന്നു. അവിടെ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകാതെ നേരിട്ടുപോയി പരിശോധിച്ചശേഷമാവും സംസ്ഥാനത്ത് സ്ഥാപിക്കുകയെന്നും ഋഷിരാജ് സിങ് പറഞ്ഞു. ഇതോടൊപ്പം മൊബൈൽ ജാമറുകളുമുണ്ടാവും. ജയിലുകളിൽ രാത്രി നടത്തുന്ന പരിശോധനകളിൽ താൻ നേരിട്ട് പങ്കെടുക്കുമെന്നും ഡി.ജി.പി. പറഞ്ഞു. ജയിലുകളിൽ 437 സി.സി.ടി.വി. ക്യാമറകളും 22 വീഡിയോ കോൺഫറൻസ് കേന്ദ്രങ്ങളും ഒരുക്കും. ജയിലിലെ വയർലെസ് സംവിധാനത്തിന്റെ കാര്യക്ഷമത ഉയർത്തി രണ്ടു മാസത്തിനകം ബി.എസ്.എൻ.എല്ലിന്റെ സഹകരണത്തോടെ പുതിയ വയർലെസ് സംവിധാനം കൊണ്ടുവരും. യുവതികളുടെ ജയിൽചാട്ടം: ഉദ്യോഗസ്ഥവീഴ്ച പരിശോധിക്കും പാലക്കാട്: തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ ജയിലിൽനിന്ന് രണ്ടു വനിതാ തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ പുറത്തുനിന്നുള്ളവരുടെ പങ്കിനുപുറമേ ഉദ്യോഗസ്ഥരുടെ സഹായം സംബന്ധിച്ചും അന്വേഷിക്കുന്നുണ്ടെന്ന് ജയിൽ ഡി.ജി.പി. മുമ്പുതന്നെ ജയിൽചാടാൻ ഇവർക്ക് പദ്ധതിയുണ്ടായിരുന്നതായി സഹതടവുകാരിൽനിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് മനസ്സിലാക്കുന്നതിൽ ജയിൽജീവനക്കാർക്കുണ്ടായ വീഴ്ച പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് ട്രാൻസ്ജെൻഡേഴ്സിന് മുറി പാലക്കാട്: മലമ്പുഴ മന്തക്കാട് നിർമാണം പൂർത്തിയായ പാലക്കാട് ജില്ലാ ജയിലിൽ ട്രാൻസ്ജെൻഡേഴ്സ് തടവുകാർക്കായി പ്രത്യേകം മുറിയൊരുക്കിയതായി ഋഷിരാജ് സിങ് പറഞ്ഞു. പാലക്കാട് ജില്ലാ ജയിലിലെ നിർമാണജോലികൾ പൂർത്തിയായിക്കഴിഞ്ഞും ഉദ്ഘാടനം വൈകുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ല. ജൂലായ് 10-നും 15-നും ഇടയിൽ ഉദ്ഘാടനം നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുെട സമയംകൂടി പരിഗണിച്ചാവും തീയതി തീരുമാനിക്കുക. പാലക്കാട് ജയിലിൽ 320 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണുള്ളത്. നിലവിൽ കോട്ടയ്ക്കകത്ത് പ്രവർത്തിക്കുന്ന ജയിലിലെ അന്തേവാസികൾക്കുപുറമേ ചിറ്റൂർ, ഒറ്റപ്പാലം, ആലത്തൂർ സബ് ജയിലുകളിലെ 80 ശതമാനം പേരെയും ഇവിടെ പ്രവേശിപ്പിക്കാൻ സൗകര്യമുണ്ട്. 84 വനിതാ തടവുകാരെയും ഇവിടെ പാർപ്പിക്കാനാവും -അദ്ദേഹം പറഞ്ഞു. ജയിൽവിഭാഗം മധ്യമേഖലാ ഡി.ഐ.ജി. സാം തങ്കയ്യൻ, ജയിൽ സൂപ്രണ്ട് എസ്. ശിവദാസ് എന്നിവരും ഡി.ജി.പി.ക്കൊപ്പമുണ്ടായിരുന്നു. Content Highlights:Rishiraj singh,immediately fix body scanner, at central jails in kerala


from mathrubhumi.latestnews.rssfeed https://ift.tt/2ZWTA8m
via IFTTT