Breaking

Saturday, June 29, 2019

വ്യാപാരമേഖലയിൽ ഇന്ത്യയ്‌ക്കൊപ്പം പ്രവർത്തിക്കുമെന്ന് ട്രംപ്

ഒസാക്ക: വ്യാപാരനയത്തിൽ ഇന്ത്യയുമായുള്ള ഭിന്നതകൾ മാറ്റിവെച്ച് ജി-20 ഉച്ചകോടിവേദിയിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാപാരമേഖലയിൽ ഇന്ത്യയുമായി ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ട്രംപ് പറഞ്ഞു. വ്യാപാരനയത്തിൽ ഇന്ത്യയ്ക്കുനേരെ രൂക്ഷപരാമർശം നടത്തിയതിനു തൊട്ടടുത്ത ദിവസമാണ് ട്രംപ് നിലപാട് മയപ്പെടുത്തിയത്. നിലവിലെ സ്ഥിതിയിൽ ആശങ്കയറിയിച്ച അദ്ദേഹം, പ്രതിസന്ധി മറികടക്കാൻ ഇരുരാജ്യങ്ങളിലെയും വാണിജ്യമന്ത്രിമാരുമായി എത്രയും പെട്ടെന്ന് തർക്കവിഷയങ്ങൾ ചർച്ചചെയ്യുമെന്ന് ഉറപ്പുനൽകി. ലോകത്തെ 20 പ്രബലരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-20-യുടെ 14-ാമത് ഉച്ചകോടി വെള്ളിയാഴ്ചയാണ് ജപ്പാനിലെ ഒസാക്കയിൽ തുടങ്ങിയത്. യു.എസ്. ഉത്പന്നങ്ങൾക്കുമേൽ ഇന്ത്യ വർഷങ്ങളായി ഉയർന്ന തീരുവയാണ് ചുമത്തുന്നതെന്നും ഈയിടെ ഇതുവീണ്ടും കുത്തനെ കൂട്ടിയെന്നുമായിരുന്നു ട്രംപിന്റെ കഴിഞ്ഞദിവസത്തെ വിമർശനം. ഇത് അംഗീകരിക്കാനാവില്ലെന്നും തീരുവ പിൻവലിക്കണമെന്നും ഉച്ചകോടിയിൽ പങ്കെടുക്കാൻ ഒസാക്കയിലേക്ക് തിരിക്കുംമുമ്പ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. യു.എസ്. ഇന്ത്യയ്ക്കു നൽകിവന്ന വ്യാപാര ഇളവ് പിൻവലിച്ചതിനു തിരിച്ചടിയായി ഈയിടെ 28 യു.എസ്. ഉത്പന്നങ്ങൾക്കുമേൽ ഇന്ത്യ അധികതീരുവ ചുമത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ട മോദിയെ ട്രംപ് അനുമോദിച്ചു. യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വശം ട്രംപ് കൊടുത്തയച്ച സ്നേഹപൂർവമുള്ള കത്തിന് മോദി നന്ദിപറഞ്ഞു. വിപുലമായ ചർച്ചയാണ് ട്രംപുമായി നടന്നതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മോദി പറഞ്ഞു. സാങ്കേതികവിദ്യ, പ്രതിരോധ, സുരക്ഷാ മേഖലയിലെ സഹകരണം, വ്യാപാരബന്ധം മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരതയെ നേരിടാൻ 'ശക്തമായ നേതൃത്വം' നൽകി ലോകത്തെ നയിക്കുമെന്നും മോദിയും ട്രംപും പറഞ്ഞു. 'തുറന്നതും ഫലപ്രദവും' എന്നാണ് കൂടിക്കാഴ്ചയെ വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ വിശേഷിപ്പിച്ചത്. ഇറാൻ-യു.എസ്.-ഇറാൻ സംഘർഷത്തെത്തുടർന്ന് ഊർജമേഖലയിൽ ഇന്ത്യയ്ക്കുണ്ടായ ഉത്കണ്ഠയും മേഖലയിലെ സമാധാനവും സ്ഥിരതയും സംബന്ധിച്ച ആശങ്കകളും മോദി ട്രംപുമായി പങ്കുവെച്ചു. ''ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ബാധിച്ചു. ഇന്ത്യയ്ക്ക് ഊർജം ആവശ്യമുണ്ട്. സാമ്പത്തികതാത്പര്യത്തിനുപുറമേ മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിലും ഇന്ത്യയ്ക്കു താത്പര്യമുണ്ട്. ഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഹോർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലും നാവികസേനാകപ്പലുകൾ നിയോഗിച്ചിട്ടുണ്ട് ” -മോദി ട്രംപിനോടു പറഞ്ഞു. ട്രംപ് ഇതിനെ സ്വാഗതംചെയ്തു. അതേസമയം, എണ്ണവില സ്ഥിരത കൈവരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും ട്രംപ് വിശദീകരിച്ചു. Content highlights:Donald Trump, G20, India


from mathrubhumi.latestnews.rssfeed https://ift.tt/2XDmugb
via IFTTT