Breaking

Sunday, June 30, 2019

കശ്മീരില്‍ ഭീകരര്‍ക്കിടയില്‍ കുടിപ്പക വളരുന്നു, പരസ്പരം ഒറ്റിക്കൊടുത്ത് ചതിക്കുന്നു

ന്യൂഡൽഹി: കശ്മീരിലെ ഭീകരവാദ സംഘടനകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിവിശേഷത്തിലേക്ക് മാറുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. ഹിസ്ബുൾ മുജാഹിദീൻ, ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തോയ്ബ, അൽ ഖ്വായ്ദ കശ്മീർ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയവയാണ് കശ്മീരിൽ സജീവമായ ഭീകരവാദ സംഘടനകൾ. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ പരോക്ഷമായ പിന്തുണയോടെയാണ് കശ്മീരിലെ ഭീകരവാദ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ഭീകരർ ഒളിച്ചിരിക്കുന്നതിനേപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങൾ സുരക്ഷാസേനയ്ക്ക് ചോർന്നുകിട്ടുന്നതിന് പിന്നിൽ ഭീകരവാദ ഗ്രൂപ്പുകൾ തമ്മിലുള്ള മേൽകോയ്മ തർക്കമാണെന്നാണ് വിവരങ്ങൾ. കശ്മീരിലെ പ്രധാന സ്വാധീന ശക്തിയായി മാറാനുള്ള ശ്രമത്തിന്റെ ഭാഗമായി പരസ്പരം ഒറ്റിക്കൊടുക്കാൻ ഭീകരസംഘടനകൾ തുടങ്ങിയെന്നാണ് വിവരം.ദേശീയ മാധ്യമമായ പയനിയർ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ മുന്നിൽ നിൽക്കുന്നത് ഹിസ്ബുൾ മുജാഹിദീൻ ആണെന്നാണ് രഹസ്യാന്വേഷണ വിവരങ്ങൾ. മറ്റ് ഭീകരഗ്രൂപ്പുകളെപ്പറ്റിയുള്ള വിവരങ്ങൾ സുരക്ഷാ ഏജൻസികൾക്ക് ചോർത്തി കൊടുക്കുന്നതിന് പുറമെ വിഘടനവാദികൾക്കും ഐഎസ്ഐയ്ക്കും ഇടയിലെ പാലമായി നിൽക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ഹിസ്ബുൾ ഇപ്പോൾ പയറ്റുന്നത്. ഭീകര സംഘടനകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഭാവിയിൽ കൂടിയേക്കാമെന്നാണ് വിലയിരുത്തൽ. അതേസമയം ഭാവിയിൽ ഇന്ത്യാ ഗവൺമെന്റ് ചർച്ചകൾ തുടങ്ങിയാൽ അതിൽ നിർണായക സ്വാധീനമുള്ള കക്ഷിയായി ചേരാൻ ശക്തി പ്രാപിക്കുക എന്നതും ഹിസ്ബുൾ മുജാഹിദീൻ ലക്ഷ്യമിടുന്നു. പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന തിരഞ്ഞുപിടിച്ച് വധിക്കുകയാണ്. ഇത് അവരെ സംബന്ധിച്ച് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ വിടവിൽ കൂടി കരുത്ത് കൂട്ടാനാണ് ഹിസ്ബുൾ ശ്രമിക്കുന്നത്. അൽ ഖ്വയ്ദയും ഐഎസും ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്നതിൽ അപകടം മണത്താണ് ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ചോർത്തി നൽകാൻ ഹിസ്ബുൾ ശ്രമിക്കുന്നത്. ഹിസ്ബുളിന്റെ തലവൻ സയ്യിദ് സലാഹുദ്ദീൻ ഐഎസ്ഐയുടെ സംരക്ഷണയിലാണ് ഇപ്പോൾ. രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം കൈമാറുന്നത് ഇയാളുടെയും അറിവോടെയാണെന്നാണ് കരുതുന്നത്. കഴിഞ്ഞ ആഴ്ച അൽ ഖ്വായ്ദയുടെ കശ്മീർ വിഭാഗമായ അൻസാർ ഖസ്വത്തുൾ ഹിന്ദിന്റെ നിരവധി ഭീകരരെയാണ് സുരക്ഷാസേന പലപ്പോഴായി ഏറ്റുമുട്ടലിൽ വധിച്ചത്. ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ചോർത്തി സുരക്ഷാ ഏജൻസികൾക്ക് ലഭ്യമാക്കിയത് ഹിസ്ബുൾ ആണെന്നാണ് കരുതപ്പെടുന്നത്. കശ്മീരിൽ മാത്രം പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനയാണ് ഹിസ്ബുൾ മുജാഹിദീൻ. തങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന വിധം പ്രാദേശികമായി യുവാക്കളെ മറ്റ് ഭീകര സംഘടനകൾ റിക്രൂട്ട് ചെയ്യുന്നതാണ് ഹിസ്ബുളിനെ പ്രകോപിപ്പിക്കുന്നത്. ഐഎസിന്റെ കശ്മീർ ഘടകം, ലഷ്കർ ഇ തോയ്ബ എന്നീ ഭീകരവാദ ഗ്രൂപ്പുകളുമായും ഹിസ്ബുൾ കലഹത്തിലാണ്. അടുത്തിടെ ഐഎസ് ഭീകരരുമായി ഹിസ്ബുൾ ഏറ്റുമുട്ടിയിരുന്നു. ഇതിൽ ഐഎസ് ഭീകരനായ ആദിൽ ദാസ് കൊല്ലപ്പെട്ടു. പരിക്കേറ്റ ഹിസ്ബുൾ ഭീകരൻ ആരിഫ് ഹുസൈൻ ഭട്ടിനെ സുരക്ഷാസേന പിടികൂടുകയും ചെയ്തു. ഇത്തരത്തിൽ കശ്മീരിൽ മേധാവിത്വം നേടാൻ ഭീകര സംഘടനകൾ പരസ്പരം ഏറ്റുമുട്ടാറുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനിടെയിൽ കൂടി ഭീകരവാദികളിലെ പ്രമുഖന്മാരെ തിരഞ്ഞുപിടിച്ച് സുരക്ഷാസേന വധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കശ്മീരിൽ സുരക്ഷാസേന വധിച്ച ഭീകരരുടെ എണ്ണം 700 ന് മുകളിൽ വരും. Content Highlights:War among terrorist outfits in Kashmir Valley, Security Forces get benefit


from mathrubhumi.latestnews.rssfeed https://ift.tt/2XcnpVk
via IFTTT