കായംകുളം: കെ.എസ്.ആർ.ടി.സി. ബസിൽ ഒഴിഞ്ഞുകിടന്ന ജനറൽ സീറ്റിൽ ഒപ്പം ഇരുന്നതിന് സഹയാത്രികനെതിരേ യുവതിയുടെ പരാതി. കുട്ടനാട് സ്വദേശി മനുപ്രസാദി (33)ന് എതിരെയാണ് കായംകുളം പോലീസ് സ്റ്റേഷനിൽ കണ്ടല്ലൂർ സ്വദേശിനി പരാതി നൽകിയത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ചങ്ങൻകുളങ്ങരയിൽനിന്നാണ് യുവാവ് ബസിൽ കയറിയത്. വലതുകാലിന് വൈകല്യമുള്ള മനുപ്രസാദ് ഒഴിഞ്ഞുകിടന്ന സീറ്റിൽ ഇരിക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി ഇയാളോട് കയർക്കുകയും എഴുന്നേറ്റ് മാറുകയും ചെയ്തു. പിന്നീട്, ഭർത്താവിനെ വിളിച്ച് വിവരം പറഞ്ഞു. ഇദ്ദേഹം കായംകുളം സ്റ്റാൻഡിൽ എത്തിയപ്പോഴേക്ക് ബസ് വിട്ടുപോയിരുന്നു. തുടർന്ന് കായംകുളം പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് ഹരിപ്പാട്ട് സ്റ്റാൻഡിൽ ബസ് തടഞ്ഞ് ഹൈവേ പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തു. ചൊവ്വാഴ്ച ഹാജരാകണമെന്ന് നിർദേശിച്ച് യുവാവിനെ വിട്ടയച്ചു. യുവതിയോടും ചൊവ്വാഴ്ച സ്റ്റേഷനിലെത്താൻ നിർദേശിച്ചിരുന്നു. എന്നാൽ, യുവാവ് എത്തിയെങ്കിലും യുവതി ഹാജരായില്ല. യുവാവിനെ കസ്റ്റഡിയിൽ എടുത്തതിൽ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. യാത്രക്കാർ പ്രതികരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. content highlights:ksrtc bus, kayamkulam
from mathrubhumi.latestnews.rssfeed https://ift.tt/2J07KhS
via
IFTTT