തൃശ്ശൂർ: ശ്രീകേരളവർമ കോളേജിൽ ശബരിമല അയ്യപ്പനെ വിവാദമാകുംവിധം ചിത്രീകരിച്ച് ബോർഡുകൾ. സംഭവത്തിൽ എസ്.എഫ്.ഐ.യ്ക്കെതിരേ പ്രതിഷേധം ശക്തം. എന്നാൽ, ബോർഡ് സ്ഥാപിച്ചത് തങ്ങളല്ലെന്ന് എസ്.എഫ്.ഐ. അറിയിച്ചു. എങ്കിലും, ബോർഡ് നീക്കുകയാണെന്ന് അവർ അറിയിച്ചു. രാവിലെ ഒൻപതോടെ സ്ഥാപിച്ച ബോർഡുകൾ അരമണിക്കൂറിനുള്ളിൽ എസ്.എഫ്.ഐ. പ്രവർത്തകർതന്നെ നീക്കംചെയ്തു. ശബരിമല സ്ത്രീപ്രവേശനത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള വിവരണസഹിതം നവാഗതരെ സ്വാഗതം ചെയ്യുന്ന ചിത്രത്തിലാണ് അയ്യപ്പനെ ചിത്രീകരിച്ചത്. എസ്.എഫ്.ഐ.യുടെ പേരിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഈ ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കേരളവർമ യൂണിറ്റിനോ പ്രവർത്തകർക്കോ ബന്ധമില്ലെന്നും എസ്.എഫ്.ഐ.യെ ആക്രമിക്കുന്നതിനായി ബോധപൂർവം ചിത്രം ഉപയോഗിച്ചതാണെന്നും എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പറഞ്ഞു. ഒരു മതത്തെയോ വ്യക്തിയെയോ തെറ്റായ ദിശയിൽ ചിത്രീകരിക്കുന്നത് എസ്.എഫ്.ഐ.യുടെ നയമല്ല. കള്ളപ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ഇത്തരം സംഭവങ്ങളെക്കുറിച്ച് ജാഗ്രത വേണമെന്നും എസ്.എഫ്.ഐ. തൃശ്ശൂർ ഏരിയാ കമ്മിറ്റിയും അറിയിച്ചു. അയ്യപ്പനെ കൂടാതെ ശിവനെ ചിത്രീകരിക്കുന്ന മറ്റൊരു ബോർഡും കോളേജിൽ സ്ഥാപിച്ചിരുന്നു. ബോർഡ് സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി., യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബി.ജെ.പി. മാർച്ച് ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മാർച്ച് പോലീസ് തടഞ്ഞു. മാർച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. മതസ്പർദ്ധ ഉണ്ടാക്കുംവിധം ചിത്രങ്ങൾ പ്രദർശിപ്പിച്ചതിന് കേസ് എടുക്കണമെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. പോലീസിനും പ്രിൻസിപ്പലിനും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്. Content Highlights:protest against sfi over Ayyappa banner in sree kerala varma college thrissur
from mathrubhumi.latestnews.rssfeed http://bit.ly/2Nlveno
via
IFTTT