Breaking

Friday, June 28, 2019

ഗൗരി ലങ്കേഷ് വധം: നടന്നത് വിശദമായ ആസൂത്രണം, പേര് 'ഈവന്റ്'- പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍

മുംബൈ: സാമൂഹ്യപ്രവർത്തകരായ നരേന്ദ്ര ധാബോൽകർ, ഗോവിന്ദ് പൻസാരെ, മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകത്തിനു പിന്നിൽ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടന്നതായി പ്രതിയുടെ വെളിപ്പെടുത്തിൽ. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശരദ് കലാസ്കർ എന്നയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈവന്റ് എന്ന പേരിലാണ് ഗൗരി ലങ്കേഷിന്റെ കൊലപാതക പദ്ധതി തയ്യാറാക്കിയത്. വലതുപക്ഷ സംഘടനയിൽപ്പെട്ടവരാണ് ഈ കൊലപാതകങ്ങളെല്ലാം നടത്തിയതെന്നും ഇയാൾ വ്യക്തമാക്കി. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ ആസൂത്രണം, ആയുധങ്ങൾ സംഘടിപ്പിക്കൽ തുടങ്ങിയവയായിരുന്നു പിടിയിലുളള ശരദ് കലാസ്കറുടെ പങ്ക്. ഗൗരി ലങ്കേഷിനു നേരെ വെടിയുതിർത്ത പരശുറാം വാഗ്മാരെ ഉപയോഗിച്ച തോക്ക് ഒളിപ്പിച്ചതും ഇയാളായിരുന്നു. നരേന്ദ്ര ധാബോൽകറെ വെടിവെച്ചുകൊന്നത് താനാണെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചതായാണ് റിപ്പോർട്ട്. 2016 ഓഗസ്റ്റ് മാസത്തിൽ പ്രതികൾ ബൽഗാമിൽ യോഗംചേരുകയും ഹിന്ദുത്വത്തിനെതിരായി പ്രവർത്തിക്കുന്നവരെ ഇല്ലായ്മചെയ്യാൻ പദ്ധതി തയ്യാറാക്കുകയും ചെയ്തു. കൊല്ലപ്പെടേണ്ടവരുടെ പട്ടിക ഇവിടെവെച്ചാണ് തയ്യാറാക്കിയത്. ഗൗരി ലങ്കേഷിനെ വധിക്കാൻ തീരുമാനിക്കുന്നതും ഇവിടെവെച്ചാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതക പദ്ധതിക്ക് സംഘം നൽകിയ പേര് ഈവന്റ് എന്നായിരുന്നു. പിന്നീട് പ്രതികളിലൊരാളായ ഭരത് കുർണേയുടെ വീട്ടിൽവെച്ചും പ്രതികൾ ഗൂഢാലോചന നടത്തി. ഇവിടെവെച്ചാണ് കൊലപാതകം സംബന്ധിച്ച് വിശദമായ പദ്ധതി തയ്യാറാക്കിയത്. അമോൽ കാലേ എന്നയാളാണ് ഓരോരുത്തരുടെയും ചുമതലകൾ വീതിച്ചുനൽകിയത്. ഏതാനും ദിവസങ്ങൾക്കു ശേഷം ശരദ് കലാസ്കർ, പരശുറാം വാഗ്മാരെ, ഭരത് കുർണെ എന്നിവരും മറ്റൊരു പ്രതിയായ മിഥുൻ എന്നയാളും ചേർന്ന് ഭരത് കുർണെയുടെ വീടിന് സമീപത്തുള്ള ഒരു കുന്നിൽ വെച്ച് വെടിവെക്കാനുള്ള പരിശീലനം നടത്തി. ഓരുരുത്തരും 15-20 റൗണ്ട് വെടിയുതിർത്ത് പരിശീലനം നടത്തി. പിന്നീട് സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് തിരികെ പോകാനും കൊലപാതക ദിവസം മാത്രം വീണ്ടും സന്ധിക്കാനും അമോൽ കാലെ മറ്റുള്ളവർക്ക് നിർദേശം നൽകി. 2017 സെപ്തംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് സ്വന്തം വീടിനു മുന്നിൽ വെടിയേറ്റു മരിക്കുന്നത്. നാലു വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് അമോൽ കാലെയും നേരത്തെ അറസ്റ്റിലായിരുന്നു. കൊലപാതകത്തിനു ശേഷം ശരദ് കലാസ്കർ കൊല്ലാനുപയോഗിച്ച തോക്ക് പല കഷ്ണങ്ങളാക്കി മുംബൈ- നാസിക് ഹൈവേയിലുള്ള വ്യത്യസ്ത ഇടങ്ങളിൽ ഉപേക്ഷിച്ചിരുന്നു. തോക്കിന്റെ ഭാഗങ്ങൾ പിന്നീട് സിബിഐ വിദഗ്ധരുടെ സഹായത്തോടെ കണ്ടെടുത്തിരുന്നു. ആയുധം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മഹാരാഷ്ട്രയിലെ നല്ലസോപ്പര എന്ന സ്ഥലത്തുനിന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ശരദ് കലാസ്കർ അറസ്റ്റിലായത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഇയാൾക്ക് ഗൗരി ലങ്കേഷ്, ധാബോൽകർ, പൻസാരെ എന്നിവരുടെ കൊലപാതകങ്ങളുമായുള്ള ബന്ധം വ്യക്തമായത്. Content Highlights:Gauri Lankesh Murder, Event, Narendra Dabholkar, Govind Pansare, Sharad Kalaskar


from mathrubhumi.latestnews.rssfeed https://ift.tt/2XCXlSK
via IFTTT