Breaking

Friday, June 28, 2019

സാമ്പത്തികംമുതൽ ദുരന്തപ്രതിരോധം വരെ ചർച്ചചെയ്ത് മോദിയും ആബെയും

ഒസാക്ക: ജി-20 ഉച്ചകോടിക്കായി വ്യാഴാഴ്ച ജപ്പാനിലെ ഒസാക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഹാർദമായ സ്വീകരണം. ആഗോള സമ്പദ്വ്യവസ്ഥ, സാമ്പത്തികത്തട്ടിപ്പുനടത്തി രാജ്യംവിടുന്നവർ, പ്രകൃതിദുരന്തങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസോയുമായി ചർച്ചചെയ്തു. ഒക്ടോബറിൽ ജപ്പാന്റെ ചക്രവർത്തിയായി നരുഹിതോ സ്ഥാനമേൽക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുമെന്നു മോദി പ്രഖ്യാപിച്ചു. നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായതിനുശേഷം ആബെയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഈ വർഷം അവസാനം നടക്കുന്ന ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി ആബെയെ മോദി ഇന്ത്യയിലേക്കു ക്ഷണിച്ചു. പഴയ സുഹൃത്തുക്കളായ രണ്ടു പ്രധാനമന്ത്രിമാരും തമ്മിൽ നടന്ന കൂടിക്കാഴ്ച ഫലവത്തായിരുന്നെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളോടു പറഞ്ഞു. ആഗോള വാണിജ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ഉചിതമായ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് ആബെ പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിന്റെ കാര്യത്തിൽ ജി-20യുടെ ഭാഗത്തുനിന്നു ഗുണകരമായ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ആബെ ഇന്ത്യയുടെ പിന്തുണതേടി. വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് ലോകത്തെ 20 രാജ്യങ്ങളുടെ നേതാക്കളും കേന്ദ്രബാങ്ക് ഗവർണർമാരും പങ്കെടുക്കുന്ന ജി-20 ഉച്ചകോടി. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി, മോദിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിയിൽ പണിയുന്ന കൺവെൻഷൻ സെന്റർ എന്നിവയുടെ കാര്യവും ചർച്ചയായി. ജപ്പാന്റെ സഹായത്തോടെ പണിയുന്നവയാണ് ഇവരണ്ടും. ജപ്പാനുമായിച്ചേർന്ന് അയൽരാജ്യങ്ങളിൽ പദ്ധതികൾ നടപ്പാക്കേണ്ടതിന്റെ ആവശ്യം മോദി പറഞ്ഞു. കെനിയയിൽ ഇരുരാജ്യങ്ങളും ചേർന്ന് അർബുദരോഗാശുപത്രി പണിയാൻ പദ്ധതിയുണ്ട്. 2022-ലെ ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിലേക്കുള്ള ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പാണ് ഒസാക്ക ഉച്ചകോടിയെന്ന് അവിടേക്കു തിരിക്കുംമുമ്പ് മോദി പറഞ്ഞു. 'പുതിയ ഇന്ത്യ'യിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്ന് ജപ്പാനിലെ ഇന്ത്യൻ സമൂഹത്തോട് അദ്ദേഹം പറഞ്ഞു. ജപ്പാനുമായുള്ള ബന്ധത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. രണ്ടുപതിറ്റാണ്ടുമുമ്പ് പ്രധാനമന്ത്രി എ.ബി. വാജ്പേയിയും ജപ്പാൻപ്രധാനമന്ത്രി യോഷിരോ മോറിയും അത് ആഗോളപങ്കാളിത്തമാക്കി മാറ്റി. 2014-ൽ ഞാൻ പ്രധാനമന്ത്രിയായശേഷം എന്റെ പ്രിയസുഹൃത്ത് ആബെ ഷിൻസോയുമായുള്ള ബന്ധം ശക്തമാക്കാൻ അവസരം ലഭിച്ചു -കോബെയിൽ ഒത്തുകൂടിയ ഇന്ത്യക്കാരോട് അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തെ ഉച്ചകോടിക്കിടെ, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ എന്നിവരെയും മോദി കാണുന്നുണ്ട്. Content Highlights:PM Modi meet Japan PM-g 20


from mathrubhumi.latestnews.rssfeed https://ift.tt/2xgl2BJ
via IFTTT