Breaking

Thursday, June 27, 2019

കാര്‍ട്ടൂണ്‍ പുരസ്‌കാര വിവാദം; പുതിയ ജൂറിയെ നിശ്ചയിച്ചേക്കും

തൃശ്ശൂർ: ലളിതകലാ അക്കാദമിയുടെ വിവാദമായ കാർട്ടൂൺ പുരസ്കാരം പുനർനിർണയിക്കാൻ പുതിയ ജൂറിയെ നിയമിക്കാൻ നീക്കം. പുരസ്കാരതീരുമാനം കാർട്ടൂണിസ്റ്റുകൾ അടക്കമുള്ള വിദഗ്ധരെ ഉൾപ്പെടുത്തി പുനഃപരിശോധിക്കുമെന്ന് ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനാണ് സൂചനനല്കിയത്. അക്കാദമിയുടെ ജനറൽ കൗൺസിലോ നിർവാഹക സമിതിയോ ചേർന്നാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപിച്ച പുരസ്കാരം പുനഃപരിശോധിക്കുന്നതിൽ നിർവാഹകസമിതി അംഗങ്ങളിൽ കടുത്ത വിയോജിപ്പുണ്ട്. എന്നാൽ പുതിയ ജൂറിയെ തിരഞ്ഞെടുത്തെന്ന മട്ടിലുള്ള വാർത്തകളെ ചെയർമാനും സെക്രട്ടറിയും നിഷേധിച്ചു. തീരുമാനം എടുക്കുന്നതിനായി ജനറൽ കൗൺസിൽ ചേരണോയെന്ന കാര്യം നിർവാഹക സമിതിയാണു തീരുമാനിക്കേണ്ടത്. ചിലപ്പോൾ നിർവാഹക സമിതി നേരിട്ടുതന്നെ പുതിയ ജൂറിയെവെക്കാമെന്നു ശുപാർശ നൽകിയേക്കും. ജൂറിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് വ്യക്തമാക്കി സർക്കാർ ആവശ്യപ്പെട്ട പുനഃപരിശോധനാ നിർദേശം യോഗംചേർന്ന് തള്ളിയതിന് പിന്നാലെ രഹസ്യമായി പുനഃപരിശോധിക്കാമെന്ന് കത്ത് നൽകിയതാണ് അക്കാദമിയെ വീണ്ടും കുഴപ്പത്തിലാക്കിയത്. പുരസ്കാര തീരുമാനം പുനഃപരിശോധിക്കണമെന്നു തന്നെയാണ് സർക്കാരിന്റെ നിലപാടെന്നും ഇതിൽ മാറ്റമില്ലെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞിരുന്നു. ഇതിനുശേഷം കഴിഞ്ഞയാഴ്ച മന്ത്രിയുമായി അക്കാദമി ചെയർമാനും സെക്രട്ടറിയും ചർച്ചനടത്തി. തുടർന്നാണ് തീരുമാനങ്ങളിൽ മാറ്റം വന്നതെന്നാണ് സൂചന. അക്കാദമി സ്വതന്ത്ര സ്ഥാപനമാണെങ്കിലും സർക്കാരിന്റെ നയങ്ങൾക്ക് എതിരായി വരുന്ന കാര്യം ചൂണ്ടിക്കാണിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് സെക്രട്ടറി പൊന്ന്യം ചന്ദ്രൻ അഭിപ്രായപ്പെട്ടെന്നാണ് വിവരം. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ഓഗസ്റ്റിൽ അവസാനിക്കും. കാലാവധി കഴിയുമ്പോൾ തുടരാൻ അനുവദിക്കുന്നതായിരുന്നു കീഴ്വഴക്കമെങ്കിലും ഈ സമിതിയുടെ കാര്യത്തിൽ ആശങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം പുറത്തുവരുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2Llpqre
via IFTTT