Breaking

Friday, June 28, 2019

ആന്തൂർ പ്രശ്നം: സി.പി.എമ്മിൽ തർക്കം തീരുന്നില്ല

കണ്ണൂർ: പാർഥ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകാത്തതിനെത്തുടർന്ന് ഉടമ സാജൻ പാറയിൽ ആത്മഹത്യചെയ്ത സംഭവത്തിൽ സി.പി.എമ്മിൽ തർക്കം തുടരുന്നു. നഗരസഭാധ്യക്ഷ നിരപരാധിയാണെന്നും പ്രവർത്തനാനുമതി നൽകാത്തത് സെക്രട്ടറിയാണെന്നും സി.പി.എം. സംസ്ഥാന കമ്മിറ്റി ഔദ്യോഗിക വിശദീകരണം നൽകിയെങ്കിലും ആന്തൂർ മേഖലയിലെ പാർട്ടി അത് അംഗീകരിക്കുന്നില്ല. നഗരസഭാ വൈസ് ചെയർമാൻ കെ. ഷാജു ബുധനാഴ്ച രാത്രി ഫെയ്സ് ബുക്കിലിട്ട പോസ്റ്റ് പാർട്ടി നിലപാടിനോടുള്ള പരസ്യമായ വിയോജിപ്പാണ്. സി.പി.എമ്മിന്റെ ബക്കളം ലോക്കൽ കമ്മിറ്റി അംഗമാണ് ഷാജു. 'തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ അത് തിരുത്തണം. അല്ലാതെ വാദിക്കാനോ ജയിക്കാനോ നിൽക്കരുത്. അത് ഞാനാണെങ്കിലും' -ഷാജു ഫെയ്സ്ബുക്കിൽ കുറിച്ചു. ജെയിംസ് മാത്യു എം.എൽ.എ. സി.പി.എം. സംസ്ഥാന കമ്മിറ്റി യോഗത്തിൽ നഗരസഭാധ്യക്ഷയുടെ ഭർത്താവായ എം.വി. ഗോവിന്ദനെതിരേ ആരോപണം ഉന്നയിച്ചതായി വാർത്തവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഷാജുവിന്റെ പ്രതികരണം. പോസ്റ്റ് വിവാദമായതോടെ ഒരുമണിക്കൂറിനകം പിൻവലിച്ചു. ഷാജുവിന്റെ ഫെയ്സ്ബുക്ക് പേജിൽ എം.എൽ.എ.യോടൊപ്പം നിൽക്കുന്ന ഫോട്ടോയുമുണ്ട്. കൺവെൻഷൻ സെന്റർ നിർമാണത്തിനനുകൂലമായ നിലപാട് സ്വീകരിച്ചയാളാണ് ഷാജു. ഷാജു അംഗമായ ലോക്കൽ കമ്മിറ്റിയുടെ മുൻ സെക്രട്ടറിയും ഇപ്പോൾ ഏരിയാ കമ്മിറ്റി അംഗവുമായ അശോകൻ തന്റെ സംരംഭത്തെ സഹായിച്ചുവെന്ന് സാജൻ പാറയിലിന്റെ കുറിപ്പിൽ പറയുന്നുണ്ട്. പ്രാദേശിക എതിർപ്പ് രൂക്ഷം സംസ്ഥാന കമ്മിറ്റി അംഗവും തളിപ്പറമ്പ് എം.എൽ.എ.യുമായ ജെയിംസ് മാത്യുവും തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയും നഗരസഭ പരിധിയിലെ മുഴുവൻ ലോക്കൽ കമ്മിറ്റികളും ചെയർപേഴ്സന്റെ നിലപാടിനെ എതിർത്തിട്ടും സംസ്ഥാന കമ്മിറ്റി വ്യത്യസ്ത തീരുമാനമെടുത്തതിൽ പ്രാദേശികമായി എതിർപ്പ് രൂക്ഷമാണ്. 2018 നവംബറിൽ നിർമാണം തുടരാൻ അനുമതി ശരിയാക്കിക്കൊടുക്കുന്നതുവരെയുള്ള കാര്യമേ സി.പി.എം. ജില്ലാ നേതൃത്വത്തിനും എം.എൽ.എ.യ്ക്കും അറിയുകയുള്ളൂവെന്നാണ് പാർട്ടിയുടെ പുതിയ വിശദീകരണം. കെട്ടിടാനുമതിക്കായി എം.എൽ.എ. തന്നെ നേരിട്ട് ഇടപെട്ടു. എന്നാൽ, എം.വി. ഗോവിന്ദൻ ഇടപെട്ടതിനെത്തുടർന്ന് അനുമതി ലഭിച്ചില്ലെന്നാണ് ജെയിംസ് മാത്യു സംസ്ഥാന സമിതിയിൽ ആരോപിച്ചത്. തുടർന്ന് സാജൻ പാർട്ടി ജില്ലാ സെക്രട്ടറിയെ സമീപിച്ചു. പാർട്ടി ഇടപെടലിനെത്തുടർന്ന് രൂപവത്കരിച്ച ഉപസമിതിയുടെ നിർദേശമനുസരിച്ച് ടൗൺ പ്ളാനറും നഗരസഭാ എൻജിനീയറും സംയുക്ത പരിശോധന നടത്തി. ടൗൺ പ്ളാനർ നിർദേശിച്ച മാറ്റങ്ങൾ വരുത്തി 2019 ഏപ്രിൽ 12-നാണ് പ്രവർത്തനാനുമതിക്കായി ഉടമ നഗരസഭയെ സമീപിക്കുന്നത്. അനുമതി നൽകാമെന്ന് നഗരസഭാ എൻജിനീയർ മേയ് 25-ന് ശുപാർശചെയ്യുകയും ചെയ്തു. ഇതിനുശേഷം ജൂൺ ആറിന് നഗരസഭാ സെക്രട്ടറി സ്വന്തംനിലയ്ക്ക് പരിശോധന നടത്തിയതെന്തിനെന്നാണ് ഇപ്പോൾ സംശയമുയരുന്നത്. ആ പരിശോധനയാണ് അനുമതി അനന്തമായി വൈകുന്നതിനിടയാക്കിയത്. ജൂൺ 18-ന് സാജൻ ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. എൻജിനീയർ അനുമതി നൽകാമെന്ന് രേഖാമൂലം ശുപാർശചെയ്തിട്ടും സെക്രട്ടറി വീണ്ടും പരിശോധന നടത്തിയതിനെപ്പറ്റി പോലീസ് അന്വേഷിക്കുന്നുണ്ട്. Content Highlights:Anthoor Municipality issue


from mathrubhumi.latestnews.rssfeed https://ift.tt/2xgvFUO
via IFTTT