കണ്ണൂർ: 'നായനാരുടെ നാട്ടിൽ എന്റെ സ്വപ്നപദ്ധതി ചില വികസനവിരുദ്ധർ തകർത്തു' -ആന്തൂർ നഗരസഭ പാർഥ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകാത്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത സാജൻ പാറയിൽ എഴുതിയ കുറിപ്പിൽ പറയുന്നു. വികസനവിരുദ്ധർ ആരെന്ന് പേരെടുത്തുപറയാത്ത കുറിപ്പിൽ പക്ഷേ, സഹായിച്ചവരുടെ പേര് പറയുന്നുണ്ട്. കേസന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം സാജന്റെ കണ്ണൂർ കൊറ്റാളിയിലെ വീട്ടിൽനിന്നാണ് കുറിപ്പ് കണ്ടെത്തിയത്. എപ്പോൾ എഴുതിയതാണെന്നു വ്യക്തമാകുന്ന പരാമർശമോ തീയതിയോ ഒന്നുമില്ലാത്ത നാലുപേജ് കുറിപ്പാണ് കിട്ടിയത്. ഡയറിയുടെ പുറംചട്ടയുള്ളതെങ്കിലും തീയതി ഇല്ലാത്ത നോട്ടുപുസ്തകത്തിൽ വളരെ വലിയ അക്ഷരങ്ങളിലാണ് എഴുത്ത്. ആത്മഹത്യയെക്കുറിച്ച് സൂചനയൊന്നുമില്ല. കൺവെൻഷൻ സെന്ററിനടുത്തുള്ള നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലെ ദേവിയെ വാഴ്ത്തിക്കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. നായനാരുടെ നാട്ടിൽ ലോകനിലവാരത്തിലുള്ള കൺവെൻഷൻ സെന്ററാണ് താൻ സ്വപ്നം കണ്ടതെന്ന് കുറിപ്പിൽ പറയുന്നു. പി. ജയരാജൻ, ജയിംസ് മാത്യു എം.എൽ.എ, സി.പി.എം. തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗമായ അശോകൻ, കോൺഗ്രസ് നേതാവ് കെ. സുധാകരൻ എന്നിവർ പദ്ധതിയെ സഹായിച്ചുവെന്ന് സാജൻ എഴുതിയിട്ടുണ്ട്. ഇത് ആത്മഹത്യാക്കുറിപ്പാണോയെന്ന് ഇപ്പോൾ വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ഡിവൈ.എസ്.പി. വി.എ. കൃഷ്ണദാസ്, ഇൻസ്പെക്ടർ എം. കൃഷ്ണൻ, എസ്.ഐ. വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച കൺവെൻഷൻ സെന്റർ പരിശോധിച്ചു. പ്രോജക്ട് മാനേജർ സജീവനിൽനിന്ന് മൊഴിയെടുത്ത പോലീസ് രേഖകൾ കസ്റ്റഡിയിലെടുത്തു. കണ്ണൂരിൽ ഏഴ് ബാങ്കുകളിൽ അക്കൗണ്ടുള്ള സാജന് കൺവെൻഷൻ സെന്ററിന്റെ പേരിൽ സഹകരണബാങ്കിൽ 50 ലക്ഷം രൂപയുടെയും മറ്റൊരു ബാങ്കിൽ അഞ്ചുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയും മാത്രമാണുള്ളത്. നഗരസഭയിൽനിന്നും വീട്ടിൽനിന്നും കഴിഞ്ഞ ദിവസം രേഖകൾ പോലീസ് ശേഖരിച്ചിരുന്നു. മൊഴിയെടുക്കൽ ബുധനാഴ്ചയും തുടരും. Content Highlights:sajans suicide
from mathrubhumi.latestnews.rssfeed https://ift.tt/2RyVzwx
via
IFTTT