കൊച്ചി: 'ഉണ്ട' സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ പരിസ്ഥിതിനാശത്തെക്കുറിച്ച് കേന്ദ്രസർക്കാർ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും സിനിമാ കമ്പനിക്കുമെതിരേ അന്വേഷണം നടത്തണം. അന്വേഷണവും വനഭൂമി പൂർവസ്ഥിതിയിലാക്കാനുള്ള നടപടികളും നാലുമാസത്തിനകം പൂർത്തിയാക്കണം. പെരുമ്പാവൂരിലെ ആനിമൽ ലീഗൽ ഫോഴ്സ് ഇന്റഗ്രേഷൻ സംഘടനയുടെ ജനറൽ സെക്രട്ടറി ഏഞ്ചൽസ് നായർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. 'ഉണ്ട' സിനിമയുടെ ചിത്രീകരണത്തിനായി കാസർകോട് കാറഡുക്ക വനഭൂമിയിൽ നടത്തിയ പ്രവർത്തനങ്ങൾ വനംവകുപ്പ് തടഞ്ഞില്ലെന്നാരോപിച്ചാണ് ഹർജി. ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നത് തടയണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി അനുവദിച്ചില്ല. നിയമാനുസൃതം അനുമതിവാങ്ങിയാണ് ചിത്രീകരണം. അതിനാൽ ചിത്രീകരണം അനധികൃതമാണെന്നു പറയാനാകില്ല. സെൻസർ നടപടികൾ പൂർത്തിയാക്കി സിനിമ റിലീസ് ചെയ്തതും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന് അന്വേഷണത്തിനുള്ള സൗകര്യങ്ങൾ സംസ്ഥാനസർക്കാർ ഒരുക്കണം. ഗ്രാവലിട്ട് റോഡുണ്ടാക്കിയത് പൂർവസ്ഥിതിയിലാക്കിയിട്ടില്ലെങ്കിൽ കേന്ദ്രം നടപടിയെടുക്കണം. നിർമാതാക്കളായ മൂവീസ് മിൽ പ്രൊഡക്ഷനിൽനിന്ന് ചെലവീടാക്കണം. ഗ്രാവൽ നീക്കം ചെയ്യുമ്പോൾ പരിസ്ഥിതിയെ ബാധിക്കരുതെന്നും കോടതി നിർദേശിച്ചു. ചിത്രീകരണത്തിനുവേണ്ടി വനഭൂമി അനുവദിച്ചത് ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. വീഴ്ച സംഭവിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. വനഭൂമി നശിപ്പിക്കുന്നതരത്തിൽ ഇടപെടലുണ്ടായത് വ്യക്തമാക്കുന്ന ചിത്രങ്ങൾ ഹർജിക്കാരൻ ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ചാണ് കോടതി ആരോപണങ്ങൾ വിലയിരുത്തിയത്. ഗ്രാവലിട്ട് റോഡ് നിർമിച്ചതിലൂടെ വനനശീകരണ പ്രവർത്തനം നടന്നു. സംഭവത്തിൽ അന്വേഷണം ആവശ്യമാണ്. അവർ അനുമതി ദുരുപയോഗം ചെയ്തോയെന്ന് വനംവകുപ്പ് പരിശോധിക്കേണ്ടതായിരുന്നു. ഇതു ചെയ്തതായി കാണുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. Content Highlights:deforestation, mammootty film unda on controversy
from mathrubhumi.latestnews.rssfeed https://ift.tt/2Jbg8Lz
via
IFTTT