കുമളി(ഇടുക്കി): പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ മരിച്ച രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞിരുന്നില്ലെന്ന ഇടുക്കി എസ്.പി.യുടെ വാദം പൊളിയുന്നു. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരവും അദ്ദേഹം അവശനായിരുന്നുവെന്ന റിപ്പോർട്ടും സ്പെഷ്യൽ ബ്രാഞ്ച് കൃത്യമായി ഇടുക്കി ജില്ലാ പോലീസ് മേധാവിയെയും ഡി.വൈ.എസ്.പി.യെയും അറിയിച്ചിരുന്നതായാണ് സൂചന. എന്നാൽ എസ്.പി. കെ.ബി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ ഈ റിപ്പോർട്ട് അവഗണിക്കുകയായിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ ജൂൺ 12-നാണ് രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മൂന്ന് ദിവസത്തോളം കസ്റ്റഡിയിൽ സൂക്ഷിച്ച് ജൂൺ 16-നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനിടെ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം സ്പെഷ്യൽ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത വിവരം താനറിഞ്ഞില്ലെന്നായിരുന്നു എസ്.പി. കെ.ബി. വേണുഗോപാൽ നേരത്തെ പ്രതികരിച്ചത്. രാജ്കുമാറിന്റെ കസ്റ്റഡി വിവരം രേഖാമൂലം അറിയിച്ചില്ലെന്നും മറച്ചുവച്ചെന്നുമായിരുന്നു എസ്.പി. കെ.ബി. വേണുഗോപാൽ പറഞ്ഞിരുന്നത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം ഉന്നതഉദ്യോഗസ്ഥരെ അറിയിക്കാതിരുന്നത് ഉൾപ്പെടെയുള്ള കൃത്യവിലോപം ചൂണ്ടിക്കാണിച്ച് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്പെഷ്യൽ ബ്രാഞ്ച് ജൂൺ 13,14 തിയതികളിലായി എല്ലാവിവരങ്ങളും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. Content Highlights:Peerumedu Custodial Death; Special Branch informed all details to district police chief and dysp
from mathrubhumi.latestnews.rssfeed https://ift.tt/2ROaL9i
via
IFTTT