Breaking

Sunday, June 23, 2019

പ്ലസ്‌വൺ, വി.എച്ച്.എസ്.ഇ. ഇംപ്രൂവ്മെന്റ്- സപ്ലിമെന്ററി പരീക്ഷ ജൂലായ് 22 മുതല്‍

തിരുവനന്തപുരം: ഹയർസെക്കൻഡറി, എൻ.എസ്.ക്യു.എഫ്. (വി.എച്ച്.എസ്.ഇ.) ഒന്നാംവർഷ ഇംപ്രൂവ്മെന്റ്-സപ്ലിമെന്ററി പരീക്ഷ ജൂലായ് 22 മുതൽ 29 വരെ നടക്കും. ഗൾഫ് മേഖലയിലെ സ്കൂളുകളിൽ രജിസ്റ്റർചെയ്യുന്ന വിദ്യാർഥികൾക്ക് യു.എ.ഇ.യിലുള്ള പരീക്ഷാകേന്ദ്രത്തിലോ അതത് വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ ഏതെങ്കിലും പരീക്ഷാകേന്ദ്രത്തിലോ എഴുതാം. മാർച്ചിലെ ഒന്നാംവർഷ പരീക്ഷയിൽ എഴുതിയ ആറുവിഷയങ്ങളിൽ മൂന്നെണ്ണംവരെ സ്കോർ മെച്ചപ്പെടുത്തുന്നതിനും രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതാത്ത വിഷയങ്ങൾ എഴുതാനും റഗുലർ വിദ്യാർഥികൾക്ക് അവസരമുണ്ട്. ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയിലോ സപ്ലിമെന്ററി പരീക്ഷയിലോ ആറുവിഷയങ്ങളും എഴുതിയിട്ടുണ്ടെങ്കിലേ റഗുലർ വിദ്യാർഥികൾക്ക് 2020 മാർച്ചിലെ രണ്ടാംവർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനാകു. മറ്റു പരീക്ഷാ ബോർഡുകളിൽ നിന്നും രണ്ടാംവർഷ ഹയർ സെക്കൻഡറി കോഴ്സിലേക്ക് പുനഃപ്രവേശനം നേടിയവർ (ലാറ്ററൽ എൻട്രി വിഭാഗം) സപ്ലിമെന്ററി പരീക്ഷ എഴുതിയാലേ രണ്ടാംവർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനാവൂ. രണ്ടാംവർഷ ഹയർസെക്കൻഡറി കോഴ്സ് പൂർത്തിയാക്കി 2015 മുതലുള്ള ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തെങ്കിലും പരീക്ഷ എഴുതാൻ കഴിയാതിരുന്നവർ സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതോടെ 2020 മാർച്ചിലെ രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ യോഗ്യത നേടും. 2015 മുതലുള്ള ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയോ എഴുതുകയോ ചെയ്തവർ രണ്ടാംവർഷത്തിൽ പരാജയപ്പെട്ട വിഷയങ്ങൾ എഴുതാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യണം. കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക് സിസ്റ്റംസ് വിഷയങ്ങൾ ഒഴികെയുള്ളവയ്ക്ക് 2014 പ്രവേശനം മുതലുള്ള പാഠ്യപദ്ധതി പ്രകാരമുള്ള സിലബസിലാണ് പരീക്ഷ. കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയും ഇലക്ട്രോണിക് സിസ്റ്റംസും പുതിയ സിലബസിലും പഴയതിലും പരീക്ഷ ഉണ്ടായിരിക്കും. കമ്പാർട്ട്മെന്റൽ വിദ്യാർഥികൾക്ക് ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഒറ്റത്തവണ രജിസ്ട്രേഷനാണ്. രജിസ്റ്റർചെയ്യുന്ന വിഷയത്തിൽ 2019-ലെ ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കും 2020-ലെ രണ്ടാംവർഷ പരീക്ഷയ്ക്കും രജിസ്റ്റർ ആകും. പരീക്ഷാഫീസ് ഒന്നിച്ച് ഒടുക്കണം. റഗുലർ, ലാറ്ററൽ എൻട്രി വിഭാഗക്കാർ 25-നകവും കമ്പാർട്ട്മെന്റൽ വിഭാഗക്കാർ ജൂലായ് മൂന്നിനകവും ഫീസ് അടയ്ക്കണം. റഗുലർ, ലാറ്ററൽ എൻട്രി വിഭാഗത്തിൽപ്പെട്ടവർക്ക് ഒരു പേപ്പറിന് 175 രൂപയാണ് ഫീസ്. സർട്ടിഫിക്കറ്റ് ഫീസ് 40 രൂപ. കമ്പാർട്ട്മെന്റൽ വിഭാഗത്തിൽപ്പെട്ടവർക്ക് പരീക്ഷാഫീസ് ഒരു പേപ്പറിന് 225 രൂപ. സർട്ടിഫിക്കറ്റിന് 80 രൂപ. വിജ്ഞാപനം www.dhsekerala.gov.in-ൽ ലഭിക്കും. Content Highlights:Higher Secondary Improvement Exams commence from 22 July


from mathrubhumi.latestnews.rssfeed http://bit.ly/2IyIL6u
via IFTTT