മുംബൈ: തീവണ്ടിയിൽ ഭക്ഷണം ഉണ്ടാക്കുന്നതു യാത്രക്കാർക്ക് ഇനി തത്സമയം കാണാം. മുംബൈ-ഡൽഹി രാജധാനി, ശതാബ്ദി എക്സ്പ്രസുകളിൽ ഇതു പരീക്ഷണാർഥം നടപ്പാക്കിത്തുടങ്ങി. മറ്റു വണ്ടികളിലേക്കും വ്യാപിപ്പിക്കുമെന്ന് ഐ.ആർ.സി.ടി.സി. വൃത്തങ്ങൾ സൂചിപ്പിച്ചു. വണ്ടികളിൽ നൽകുന്ന ഭക്ഷണപ്പൊതിയുടെമേൽ ഡൈനാമിക് ക്യു.ആർ.കോഡ് പതിപ്പിക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. ഇതു യാത്രക്കാർ തങ്ങളുടെ സ്മാർട്ട്ഫോണിൽ 'സ്കാൻ' ചെയ്താൽ അടുക്കളയിൽ നടക്കുന്ന പാചകദൃശ്യങ്ങൾ തത്സമയം കാണാൻകഴിയും. അടുക്കളയിൽ ഘടിപ്പിച്ച ക്യാമറയിൽ പകർത്തുന്ന ദൃശ്യങ്ങളാണ് യാത്രക്കാരന്റെ മൊബൈൽ ഫോണിൽ എത്തുന്നത്. നേരത്തെ 'ബുക്ക്' ചെയ്യുന്ന ഭക്ഷണപ്പൊതികളിൽ മാത്രമേ ആദ്യഘട്ടത്തിൽ ഡൈനാമിക് ക്യു.ആർ.കോഡ് പതിക്കുകയുള്ളൂ. “ബാർ കോഡ് വഴിയോ സാധാരണ ക്യു.ആർ.കോഡ് വഴിയോ ഉത്പന്നത്തിന്റെ വിവരങ്ങൾ മാത്രമേ ലഭ്യമാകുകയുള്ളൂ. പുതിയ സാങ്കേതികവിദ്യവഴി വീഡിയോയിലേക്ക് എത്തിക്കാൻ കഴിയും. ജൂലായ് അവസാനത്തോടെ ഇതിന്റെ പരീക്ഷണഘട്ടം അവസാനിക്കും. ഓഗസ്റ്റ് ആദ്യവാരത്തിൽതന്നെ നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ”- ഐ.ആർ.സി.ടി.സി. ഉദ്യോഗസ്ഥനായ സഞ്ജയ് ചക്രവർത്തി പറഞ്ഞു. Content Highlights:Train, Food
from mathrubhumi.latestnews.rssfeed https://ift.tt/2JdnwGf
via
IFTTT