കണ്ണൂർ: പാലക്കാട് ഡിവിഷനിൽ രണ്ടുവർഷത്തിനിടെ അപായച്ചങ്ങല വലിച്ച് തീവണ്ടി നിർത്തിയത് 489 തവണ. ഇതുകാരണം വണ്ടി പിടിച്ചിട്ടത് 171 മണിക്കൂർ. ഇതിൽ 224 വലികൾ അനാവശ്യമായിരുന്നു. പിഴയും ഈടാക്കി. തിരുവനന്തപുരം ഡിവിഷനിൽ ഈവർഷം മാത്രം 239 ചങ്ങലവലി നടന്നു. 1.13 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കി. അപായച്ചങ്ങല വലിച്ച് വണ്ടി നിർത്തിയാൽ പ്രഷർ വാൽവ് റീസെറ്റ് ചെയ്യാൻ ചുരുങ്ങിയത് 10-15 മിനിറ്റെടുക്കും. പാലത്തിലോ മറ്റോ ആണ് വണ്ടിയെങ്കിൽ കൂടുതൽസമയം നിർത്തിയിടേണ്ടിവരും. 2018-ൽ പാലക്കാട് ഡിവിഷനിൽ 252 തവണ ചങ്ങല വലിച്ചതിൽ 147 കേസുകൾ രജിസ്റ്റർ ചെയ്തു. 2019-ൽ ഇതുവരെ നടന്ന 137 വലികളിൽ 77 എണ്ണം അനാവശ്യമായിരുന്നു. 2017-18ൽ അപായച്ചങ്ങലവലി കാരണം മൊത്തം 66 മണിക്കൂർ വണ്ടി വൈകി. 2018-19ൽ 77 മണിക്കൂറാണ് നിർത്തിയിട്ടത്. ഈവർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രം 28 മണിക്കൂർ വണ്ടികൾ നിർത്തിയിട്ടു. വലികൾ പലവിധം ഉറക്കത്തിനിടയിൽ അപ്പർ ബെർത്തിൽനിന്നിറങ്ങുമ്പോൾ അബദ്ധത്തിൽ ചങ്ങല വലിച്ചവരുൾപ്പെടെ കേസിൽ കുടുങ്ങിയവരുടെ കൂട്ടത്തിലുണ്ട്. വണ്ടിയിൽ കയറുമ്പോൾ ബാഗെടുക്കാൻ മറന്നപ്പോഴും കൂടെയുള്ളയാൾ കയറിയില്ലേ എന്ന സംശയത്തിലുമാണ് മറ്റു ചിലരുടെ വലികൾ. റെയിൽവേയുടെ അനാസ്ഥ കാരണം ചങ്ങല വലിച്ചവരുമുണ്ട്. തീവണ്ടി സ്റ്റേഷനിലെത്തിയിട്ടും ടിക്കറ്റ് ലഭിക്കാത്തതിനാൽ ചില യാത്രക്കാർ വണ്ടിയിൽ കയറി ചങ്ങല വലിക്കുകയായിരുന്നു. ബോഗിയിൽ തീപിടിച്ചാൽ, ജീവഹാനിക്കിടയാക്കുന്ന സംഭവം നടന്നാൽ, സാരമായ ആരോഗ്യപ്രശ്നമുണ്ടായാൽ തുടങ്ങി ഗൗരവവിഷയങ്ങളിൽ മാത്രമേ ചങ്ങലവലിക്കാവൂ എന്ന് റെയിൽവേ പറയുന്നു. അനാവശ്യമായി ചങ്ങലവലിച്ചാൽ ആയിരം രൂപ പിഴയോ ഒരുവർഷം തടവോ ആണ് ശിക്ഷ. എം.എൽ.എ.യ്ക്കടക്കം പിഴ കാസർകോട് എം.എൽ.എ. എൻ.എ.നെല്ലിക്കുന്നും പിഴയടച്ചവരുടെ കൂട്ടത്തിലുണ്ട്. അന്ത്യോദയ എക്സ്പ്രസിന് കാസർകോട്ട് സ്റ്റോപ്പില്ലാത്തപ്പോൾ എം.എൽ.എ. ചെയിൻവലിച്ച് വണ്ടി നിർത്തുകയായിരുന്നു. 2018 ജൂൺ 22-നാണ് സംഭവം. സ്റ്റോപ്പിനുവേണ്ടി നടന്ന സമരത്തിന്റെ ഭാഗമായി കണ്ണൂരിൽനിന്ന് കയറിയ എം.എൽ.എ.യും പ്രവർത്തകരും കാസർകോട്ടെത്തിയപ്പോൾ ചെയിൻ വലിക്കുകയായിരുന്നു. content highlights:train chain pulling fine
from mathrubhumi.latestnews.rssfeed https://ift.tt/2ZUSqKp
via
IFTTT