ഓച്ചിറ (കൊല്ലം) : മാനസികവെല്ലുവിളി നേരിടുന്ന സഹോദരന്റെ മൃതദേഹം ചാക്കിൽക്കെട്ടി ബൈക്കിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയെ ചെങ്ങന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ക്ലാപ്പന, പെരിനാട് കടവത്ത് ക്ഷേത്രത്തിനുസമീപം വാസവപുരത്ത് വാടകയ്ക്കുതാമസിക്കുന്ന ശിവകാശി സ്വദേശി മൈക്കിൾരാജി(പുളി-21)ന്റെ മൃതദേഹവുമായി പോയ സഹോദരി കസ്തൂരി(35)യാണ് കസ്റ്റഡിയിലായത്. യുവാവിനെ കൊലപ്പെടുത്തിയശേഷം മറവുചെയ്യാൻ കൊണ്ടുപോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് മാസാണം (40), എട്ടുവയസ്സുകാരിയായ മകൾ എന്നിവർക്കൊപ്പം ബൈക്കിൽ മൃതദേഹവുമായി ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു യുവതി. ചെങ്ങന്നൂർ പാണ്ടനാട്ടുള്ള വീടിനുസമീപം മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു ലക്ഷ്യം. ബൈക്കിനുപിന്നിലിരുന്ന കസ്തൂരിയാണ് മൃതദേഹം പിടിച്ചിരുന്നത്. യാത്രയിൽ മൃതദേഹത്തിന്റെ കാൽ റോഡിലുരഞ്ഞ് പാദം തകർന്നു. മൂന്ന് വിരലുകൾക്കും സാരമായ പരിക്കുപറ്റി. യാത്രയ്ക്കിടെ ശക്തമായ മഴ വന്നതിനാൽ മൃതദേഹം കടത്തിണ്ണയിൽ കിടത്തി, കസ്തൂരിയെ കാവൽനിർത്തി. തുടർന്ന് മാസാണം കടന്നുകളഞ്ഞു. ഏറെസമയം കഴിഞ്ഞും ഭർത്താവിനെ കാണാത്തതിനെ തുടർന്ന് ചെങ്ങന്നൂരിലുള്ള ബന്ധുക്കളെ കസ്തൂരി വിവരമറിയിച്ചു. ബന്ധുക്കൾ എത്തിയെങ്കിലും സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ അവരും അവിടെനിന്നുമുങ്ങി. ഭർത്താവിനെ കാണാതായതിനെത്തുടർന്ന് രാത്രിതന്നെ കസ്തൂരി മൃതദേഹം ചുമന്ന് ചെങ്ങന്നൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. മരണത്തിൽ സംശയംതോന്നിയ ഡോക്ടർ വിവരം ചെങ്ങന്നൂർ പോലീസിൽ അറിയിച്ചു. പോലീസ് എത്തി ചോദ്യംചെയ്തപ്പോൾ തങ്ങൾ കടത്തിണ്ണയിൽ കഴിയുന്നവരാണെന്നും അസുഖംവന്ന സഹോദരനെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി മരിച്ചതാണെന്നും കസ്തൂരി പറഞ്ഞു. എന്നാൽ മൃതദേഹപരിശോധനയിൽ യുവാവിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതായി ഡോക്ടർ അറിയിച്ചു. തുടർന്ന് പോലീസ് കസ്തൂരിയെ കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ പോലീസും ഓച്ചിറ പോലീസും വിരലടയാള വിദഗ്ധരും ക്ലാപ്പനയിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. വീട്ടിൽ താമസിച്ചിരുന്ന ശിവകാശി സ്വദേശികളായ മറ്റൊരു കുടുംബവും ഇവിടെനിന്ന് കടന്നുകളഞ്ഞു. യുവതിയെ പോലീസ് ചോദ്യംചെയ്തുവരികയാണ്. രാത്രിയോടെ കസ്തൂരിയെ ചെങ്ങന്നൂർ പോലീസ് ഓച്ചിറ പോലീസിന് കൈമാറി. മൈക്കിൾരാജിന്റെ മൃതദേഹം ശിവകാശിയിലെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. Content Highlights:woman arrested, death of mentally challenged brother
from mathrubhumi.latestnews.rssfeed https://ift.tt/2xgarGR
via
IFTTT