തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്നു രണ്ടുപേർ തടവുചാടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ട് വല്ലിയെ സസ്പെൻഡ് ചെയ്തു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന, ദിവസവേതനാടിസ്ഥാനത്തിൽ ജോലിനോക്കുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ സജിത, ഉമ എന്നിവരെ പുറത്താക്കി. ജയിൽചാട്ടത്തെക്കുറിച്ച് അന്വേഷിച്ച ജയിൽ ഡി.ഐ.ജി. സന്തോഷ് കുമാർ നൽകിയ റിപ്പോർട്ടിലാണ് നടപടി. തടവുകാരെ നിരീക്ഷിക്കുന്നതിൽ ജീവനക്കാർ വീഴ്ചവരുത്തിയെന്ന് റിപ്പോർട്ടിലുണ്ട്. സുരക്ഷാക്രമീകരണങ്ങളും കൃത്യമായി പാലിച്ചില്ല. വനിതാ ജയിലിൽ ഒട്ടേറെ സുരക്ഷാവീഴ്ചകളുണ്ട്. ജീവനക്കാരുടെ സുരക്ഷാ ഡ്യൂട്ടി കൃത്യമായി പാലിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ്ങിനാണ് റിപ്പോർട്ട് കൈമാറിയത്. മതിലിനുമുകളിൽ വൈദ്യുതവേലി സ്ഥാപിക്കും വനിതാ ജയിലിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി മതിലിനു മുകളിൽ വൈദ്യുതവേലി സ്ഥാപിക്കാൻ ജയിൽ വകുപ്പ് തീരുമാനിച്ചു. മതിലിനോടുചേർന്നുള്ള ചവറുകൂനകൾ മാറ്റി. സമീപത്തുള്ള മരങ്ങൾ മുറിച്ചുമാറ്റിത്തുടങ്ങി. സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് ജയിൽ വകുപ്പ് അധികൃതരും പൊതുമരാമത്ത് അധികൃതരുമായുള്ള ചർച്ച ശനിയാഴ്ച നടന്നു. സുരക്ഷ വർധിപ്പിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാനായി ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം വനിതാ ജയിൽ സന്ദർശിച്ചു. Content Highlights:jail superintendent, suspended, Women prisoners escaped from jail
from mathrubhumi.latestnews.rssfeed https://ift.tt/2IZVkrQ
via
IFTTT