തൃശ്ശൂർ: വിയ്യൂർ ജയിൽവളപ്പിൽ കുഴിച്ചിട്ട നിലയിൽ അഞ്ച് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. രണ്ട് ഫോണുകൾ ഷെഡ്ഡിനുള്ളിൽ ഒളിപ്പിച്ച നിലയിലും കണ്ടെത്തി. ജയിലിലെ ബി., സി. ബ്ലോക്കുകൾക്ക് സമീപത്തുനിന്നാണ് ഫോണുകളും ഇവയിലുപയോഗിക്കുന്ന അഞ്ച് ബാറ്ററികളും കണ്ടെടുത്തത്. ജയിൽ അധികൃതർ നടത്തിയ പരിശോധനയിൽ രാവിലെ ഒരു ഫോണും വൈകീട്ട് ആറ് ഫോണുകളും കണ്ടെടുത്തു. ഋഷിരാജ്സിങ് ജയിൽ ഡി.ജി.പി. ആയി എത്തിയതോടെ തുടർച്ചയായ പരിശോധനകളുണ്ടാകുമെന്ന ഭീതിയിലാണ് തടവുകാർ ഫോണുകൾ കുഴിച്ചിട്ടതെന്നാണ് സൂചന. പിടിച്ചെടുത്തവയെല്ലാം പഴയരീതിയിലുള്ള മൊബൈൽ ഫോണുകളാണ്. ഈ ഫോണുകളിൽ ഉപയോഗിക്കുന്നതാണ് അഞ്ച് ബാറ്ററികളും. ശൗചാലയത്തിന് സമീപത്തുനിന്നും തടവുകാർ കൃഷിപ്പണിയെടുക്കുന്ന ഇടങ്ങളിൽനിന്നുമാണ് അഞ്ച് ഫോണുകൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. മറ്റ് രണ്ടെണ്ണം പഴയ ബാറ്ററികൾ സൂക്ഷിക്കുന്ന ഷെഡ്ഡിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച നടന്ന മിന്നൽപരിശോധനയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയിൽനിന്ന് സിം ഇല്ലാത്ത ഒരു ഫോണും മുഹമ്മദ് ഷാഫിയിൽനിന്ന് രണ്ട് സിമ്മും രണ്ട് ഫോണും കണ്ടെടുത്തിരുന്നു. ഇതേത്തുടർന്ന് ഇവരെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. Content HIghlights:hidden mobile found viyyur central jail, jail raid,rishiraj singh
from mathrubhumi.latestnews.rssfeed https://ift.tt/2RHwH5T
via
IFTTT