Breaking

Sunday, June 30, 2019

ഇറാൻ പ്രതിസന്ധി: യു.എസ്. ഖത്തറിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചു

ദോഹ: ഇറാനുമായുള്ള ഭിന്നത പശ്ചിമേഷ്യയെ യുദ്ധമുഖത്തെത്തിച്ചതിനുപിന്നാലെ ഖത്തറിൽ കൂടുതൽ യുദ്ധവിമാനങ്ങൾ വിന്യസിച്ച് യു.എസ്. റഡാറുകളെ വെട്ടിച്ച് പറക്കാൻശേഷിയുള്ള എഫ്-22 സ്റ്റെൽത്ത് വിമാനങ്ങളാണ് യു.എസ്. മേഖലയിൽ വിന്യസിച്ചത്. ഇതാദ്യമായാണ് എഫ്-22 വിമാനങ്ങൾ യു.എസ്. ഖത്തറിലെത്തിക്കുന്നതെന്ന് യു.എസ്. സൈന്യം വ്യക്തമാക്കി. മേഖലയിൽ യു.എസിന്റെയും സൈന്യത്തിന്റെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ് എഫ്-22 വിമാനങ്ങളെത്തിച്ചതെന്ന് യു.എസ്. വ്യോമസേന സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, എത്ര വിമാനങ്ങളാണ് വിന്യസിച്ചതെന്ന വിവരം സൈന്യം വ്യക്തമാക്കിയില്ല. ഖത്തറിലെ അൽ ഉദൈദ് വ്യോമത്താവളത്തിൽ പറക്കുന്ന അഞ്ച് എഫ്-22 വിമാനങ്ങളുടെ ചിത്രവും സൈന്യം പുറത്തുവിട്ടിട്ടുണ്ട്. യു.എ.ഇ. തീരത്തും ഒമാൻ ഉൾക്കടലിലുമായി കപ്പലുകൾ ആക്രമിക്കപ്പെട്ട സംഭവങ്ങളോടെയാണ് പശ്ചിമേഷ്യയിൽ യു.എസ്. നിരീക്ഷണം ശക്തമാക്കിയത്. സംഭവങ്ങൾക്കുപിന്നിൽ ഇറാനെന്നാണ് യു.എസിന്റെ ആരോപണം. യു.എസിന്റെ നിരീക്ഷണഡ്രോൺ ഇറാൻ വെടിവെച്ചുവീഴ്ത്തിയതോടെ പ്രതിസന്ധി യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു. Content Highlights:Iran, US, Qatar


from mathrubhumi.latestnews.rssfeed https://ift.tt/2NkqePG
via IFTTT