Breaking

Thursday, June 27, 2019

ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടില്ല; അസ്സമില്‍ പതിനാലുകാരി ആത്മഹത്യ ചെയ്തു

ഗുവാഹത്തി: ദേശീയ പൗരത്വ രജസ്റ്ററിൽ പേര് ഉൾപ്പെടാത്തതിനെ തുടർന്ന് അസ്സമിൽ പതിനാലുകാരി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ദരാങ് ജില്ലയിലെ രൗമരി ഗ്രാമത്തിലെ നൂർ നഹാർ ബീഗം ആണ് മരിച്ചത്. സർക്കാർ പുറത്തുവിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതിയ പട്ടികയിലും തന്റെ പേര് ഉൾപ്പെടാത്തതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും വിദ്യാർഥി സംഘടനകളും ആരോപിക്കുന്നത്. കഴിഞ്ഞ വർഷം അസ്സം സർക്കാർ പുറത്തുവിട്ട കരട് പട്ടികയിൽ നൂർ നഹാമിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. പിന്നീടു പുറത്തുവന്ന പട്ടികയിലും പേര് ഇടംനേടിയില്ല. ഇതിനു ശേഷമാണ് കഴിഞ്ഞ ദിവസം സർക്കാർ പുതിയ പട്ടിക പുറത്തുവിട്ടത്. ഇതിലും നൂറിന്റെ പേര് ഉൾപ്പെട്ടില്ല.ഈ പട്ടികയിലും പേര് ഉൾപ്പെടാതിരുന്നതിൽ അതീവ ദുഃഖിതയായിരുന്നു നൂർ എന്നും ബന്ധുക്കൾ പറയുന്നു. പുതിയ പട്ടികയിൽ ഉൾപ്പെടാത്തവരെക്കൂടി ഉൾപ്പെടുത്തുന്നതിനായി പുതിയൊരു പട്ടിക കൂടി ജൂലായ് 31ന് പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് അന്തിമ പട്ടികയാണെന്നായിരുന്നു നൂറും വീട്ടുകാരും ധരിച്ചിരുന്നത്. പട്ടികയിൽ പേര് ഉൾപ്പെടാൻ ഇനിയും അവസരമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ കുട്ടി ഇത്തരമൊരു കടുംകൈ ചെയ്യില്ലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്ന പ്രക്രിയയിൽ നിരവധി ആശയക്കുഴപ്പങ്ങളുണ്ട്. ഇതു സംബന്ധിച്ച് ജനങ്ങൾക്ക് വേണ്ട വിധത്തിൽ വിവരങ്ങൾ നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അസ്സം മൈനനോരിറ്റി സ്റ്റുഡന്റ്സ് യൂണിയൻ നേതാവ് അബ്ദുൾ ഹായി ആരോപിച്ചു. അതേസമയം, പെൺകുട്ടിയുടെ മരണത്തിന് പൗരത്വ രജിസ്റ്ററുമായി ബന്ധമില്ലെന്ന് ജരാങ് ജില്ലാ പോലീസ് സൂപ്രണ്ട് അമൃത് ഭുയാൻ പറഞ്ഞു. ആത്മഹത്യ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:Missing from NRC, 14-year-old Assam Girl commit suicide


from mathrubhumi.latestnews.rssfeed https://ift.tt/2ZOcspP
via IFTTT