തൃശ്ശൂർ: സ്വന്തമായി മൂന്നു സെന്റ് സ്ഥലം വാങ്ങാനുള്ള ശ്രമം പാളിയപ്പോൾ തെറ്റിയത് ഒരു കുടുംബത്തിന്റ മനോനില. രണ്ടര വർഷമായി ഇരുട്ടിന്റെയും പേടിയുടെയും തടവറയിൽ കഴിഞ്ഞ അഞ്ചംഗ കുടുംബത്തെത്തേടി സാമൂഹികനീതി വകുപ്പ് അധികൃതർ വ്യാഴാഴ്ച എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന രംഗങ്ങളാണ്. പൂത്തോളിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിന്റെ ക്വാർട്ടേഴ്സിലാണ് അപ്പുക്കുട്ടനും ഭാര്യയും മൂന്നു മക്കളും താമസം. അപ്പുക്കുട്ടനു പുറമേ മൂത്ത മകൾക്കും ബിരുദപഠനത്തിനു ശേഷം ജോലി കിട്ടി. മകൻ വീടിനടുത്ത് കട തുടങ്ങി. ഇളയ മകളും ബിരുദധാരി. അപ്പുക്കുട്ടൻ പെൻഷനായപ്പോൾ കിട്ടിയ പണം ഉപയോഗിച്ച് സ്വന്തം വീട് വെയ്ക്കാൻ സ്ഥലം വാങ്ങാൻ തീരുമാനിച്ചു. അവിടെയാണ് കുടുംബത്തിന്റെ താളപ്പിഴ തുടങ്ങിയത്. എല്ലാവരുടെയും മനസ്സിന്റെയും. നഗരത്തിനടുത്ത് മൂന്നുസെന്റ് സ്ഥലം എട്ടുലക്ഷത്തിന് വാങ്ങാൻ ഉറപ്പിച്ചു. അഞ്ചുലക്ഷം അഡ്വാൻസും നൽകി. കരാർ രജിസ്റ്റർ ചെയ്തില്ല. നിശ്ചയിച്ച സമയം കഴിഞ്ഞും ബാക്കി തുക കൊടുക്കാനായില്ല. വായ്പ നൽകാമെന്ന് പറഞ്ഞ ബാങ്ക് പിന്മാറി. സ്ഥലം വിൽക്കുന്നയാൾ ബാക്കി തുക വാങ്ങി സ്ഥലം രജിസ്റ്റർ ചെയ്ത് നൽകാനായി എത്തിയപ്പോൾ അപ്പുക്കുട്ടൻ ഒരു നാൾ മറഞ്ഞിരുന്നു. പിന്നെ വീടിന്റെ വാതിൽ തുറക്കാതായി. ഫോൺ ഉപേക്ഷിച്ചു. സ്ഥലം വിൽക്കുന്നയാൾ കട തേടിയെത്തിയതോടെ മകൻ കടയിൽ പോകുന്നത് ഉപേക്ഷിച്ചു. മകളെ ജോലിക്ക് വിടുന്നതും അച്ഛൻ നിർത്തി. ആരും വീടിനു പുറത്തിറങ്ങരുതെന്ന് നിർദേശിച്ചു. അഡ്വാൻസ് തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി സ്ഥലം വിൽക്കുന്നയാൾ എത്തിയെങ്കിലും ക്വാർട്ടേഴ്സിന്റെ വാതിൽ തുറന്നില്ല. പെൻഷൻ ആയതിനാൽ ക്വാർട്ടേഴ്സ് ഒഴിയണമെന്ന നോട്ടീസ്കൂടി കിട്ടിയതോടെ സ്ഥിതി വീണ്ടും മോശമായി. രണ്ടു ദിവസത്തിലൊരിക്കൽ മാത്രം കുടുംബനാഥൻ ആരും കാണാതെ വീടിനു പുറത്തിറങ്ങി സാധനങ്ങൾ വാങ്ങിപ്പോകുന്ന സ്ഥിതിയായി. കാര്യങ്ങൾ തിരക്കിയ അയൽക്കാരോട് വീട്ടുകാർക്കെല്ലാം പനിയാണ് എന്നാണ് തുടക്കത്തിൽ പറഞ്ഞിരുന്നത്. പണത്തിന് ഞെരുക്കം വന്നതോടെ കുടിശ്ശിക കൂടി വൈദ്യുതിബന്ധം നിലച്ചു. സഹായിക്കാനായി ആരെങ്കിലും എത്തിയാലും ആരും വീടിന്റെ വാതിൽ തുറക്കാറില്ല. സംഭവം കളക്ടറുടെ ശ്രദ്ധയിൽപ്പെട്ട് സാമൂഹികനീതി വകുപ്പിന്റെ ഉദ്യോഗസ്ഥർ വ്യാഴാഴ്ച എത്തിയപ്പോൾ കുടുംബത്തിൽ എല്ലാവരുടെയും മനോനില തെറ്റിയ നിലയിലായിരുന്നു. ഇവർ കുളിച്ചിട്ട് മാസങ്ങളായിരുന്നു. നഖം നീണ്ടുവളർന്നും മുടി ജടപിടിച്ചുമായിരുന്നു. വെളിച്ചത്തെ ഇവർക്ക് ഭയമായിരുന്നു. പാത്രങ്ങൾ കഴുകാതെയും മാലിന്യങ്ങൾ വീട്ടിനുള്ളിൽത്തന്നെ സൂക്ഷിച്ച നിലയിലുമായിരുന്നു. പഴകിയ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു. ഇവരെ കുളിപ്പിച്ച് പുതിയ വസ്ത്രങ്ങളും ഭക്ഷണവും നൽകി. പോലീസ് സഹായത്തോടെ ആശുപത്രിയിലുമെത്തിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2J9V8ov
via
IFTTT