Breaking

Saturday, June 29, 2019

തുണികൾ മോഷ്ടിച്ച് വേഷം മാറി; തടവുചാടിയ യുവതികളെ കുടുക്കിയതിന് പിന്നിൽ ഓട്ടോ ഡ്രൈവറുടെ ഇടപെടൽ

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാജയിലിൽനിന്ന് വിചാരണത്തടവുകാരികളായ സന്ധ്യയും ശില്പയും പുറത്തുചാടിയത് ജാമ്യംകിട്ടില്ലെന്ന ഭീതിയെത്തുടർന്ന്. പോലീസ് പിടികൂടിയ ഇരുവരേയും ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യയും പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളയംദേശം തെക്കുംകര പുത്തൻവീട്ടിൽ ശില്പമോളും ജയിൽ ചാടിയത്. ഗുരുതരമായ കുറ്റങ്ങളല്ല ഇരുവർക്കുമെതിരേ ഉണ്ടായിരുന്നത്. ബന്ധുക്കൾ കൈയൊഴിഞ്ഞതിനാൽ ജാമ്യം ലഭിക്കില്ലെന്ന ഭീതിയിലായിരുന്നു ഇരുവരും. ഇതിനിടെ അടുത്തെങ്ങും ജാമ്യം ലഭിക്കില്ലെന്ന് സഹതടവുകാർ പറയുകയും ചെയ്തു. അഭിഭാഷകനിൽനിന്നും ഇത്തരമൊരു നിയമോപദേശം ലഭിച്ചതായും ഇരുവരും പോലീസിനോട് പറഞ്ഞു. ഇതോടെ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. ജയിലിലെ മുകൾനിലയിലുള്ള തയ്യൽ പരിശീലന കേന്ദ്രത്തിൽനിന്നാൽ ജയിൽപരിസരം വ്യക്തമായി കാണാം. ഇതിലൂടെയാണ് ഒരുവശത്തെ മതിലിന് ഉയരം കുറവാണെന്ന് മനസ്സിലാക്കിയത്. ഒരാഴ്ചയിലേറെ ഇരുവരും പരിസരം നിരീക്ഷിച്ചു. ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധകുറയുന്ന സമയവും മനസ്സിലാക്കി. ജയിലിനുള്ളിൽനിന്ന് സംഘടിപ്പിച്ച സാരി ഉപയോഗിച്ചാണ് ചാടിയത്. ബയോഗ്യാസ് പ്ലാന്റിന് സമീപം ഉപയോഗിക്കാതെ കിടന്ന ഇരുമ്പുകമ്പി ചാരി മതിലിൽ കയറി. ഫോർട്ട് അസി. കമ്മിഷണറുടെ നേതൃത്വത്തിൽ പോലീസ് ഇരുവരെയും ജയിലിൽ എത്തിച്ച് തെളിവെടുത്തു. സഹതടവുകാരുടെ സഹായം ഇരുവർക്കും ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടി ഉണ്ടായേക്കും. കുടുക്കിയത് ഓട്ടോഡ്രൈവറുടെ ഇടപെടൽ രണ്ട് തടവുകാരെയും പിടികൂടാൻ പോലീസിനെ സഹായിച്ചത് ഇരുവരും യാത്രചെയ്ത ഓട്ടോറിക്ഷയിലെ ഡ്രൈവറായ കാപ്പിൽ സ്വദേശി ബാഹുലേയന്റെ ഇടപെടൽ. ചൊവ്വാഴ്ച വൈകീട്ടോടെ ജയിൽചാടിയ സന്ധ്യയും ശില്പയും തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്കാണ് എത്തിയത്. രോഗികളുടെ കൂട്ടിരിപ്പുകാരുടെ വസ്ത്രം മോഷ്ടിച്ചു വേഷംമാറി. കുഞ്ഞിന് മരുന്നുവാങ്ങാൻ പണമില്ലെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിൽ പിരിവ് നടത്തി. പിന്നീട് കാപ്പിലെത്തി ബാഹുലേയന്റെ ഓട്ടോറിക്ഷയിൽ കയറി. പാരിപ്പള്ളിയിലേക്കുള്ള യാത്രാമധ്യേ ബാഹുലേയന്റെ ഫോൺവാങ്ങി ശില്പ സഹോദരനെ വിളിച്ചു. എന്നാൽ, സഹോദരൻ സഹായിക്കാൻ തയ്യാറായില്ല. തുടർന്ന് കാമുകൻ രാഹുലിനെ വിളിച്ചു. പാലോട് ചെന്നാൽ സഹായിക്കാമെന്ന് ഇയാൾ പറഞ്ഞു. ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ ബാഹുലേയൻ സ്ത്രീകൾ ഇറങ്ങിയശേഷം രാഹുലിനെ ഫോൺ ചെയ്തു. ഇരുവരും ജയിൽ ചാടിയവരാണെന്ന് രാഹുൽ പറഞ്ഞു. തുടർന്ന് ഇക്കാര്യം പോലീസിനെ അറിയിച്ചു. ഇതിനിടെ യുവതികൾ പാലോട് എത്താനുള്ള ശ്രമത്തിലായിരുന്നു. വിവരമറിഞ്ഞ് പാലോട് പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തു. രാഹുലിനെ തേടി ശില്പ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. ടെസ്റ്റ് ഡ്രൈവിനെന്നു പറഞ്ഞ് വണ്ടി മോഷ്ടിച്ചു പാരിപ്പള്ളിയിലെ പഴയ ഇരുചക്രവാഹനങ്ങൾ വിൽക്കുന്ന കടയിൽ വാഹനം വാങ്ങാനെന്ന വ്യാജേന ശില്പയും സന്ധ്യയും വൈകീട്ടോടെ എത്തി. ഈ സമയം ഒരാൾ മാത്രമാണ് കടയിലുണ്ടായിരുന്നത്. വാഹനം ഓടിച്ചുനോക്കേണ്ടതുണ്ടെന്ന് പറഞ്ഞ് ടെസ്റ്റ് ഡ്രൈവിന് വാങ്ങി. കടയുടമയെ കബളിപ്പിച്ച് പഴയ പ്ലഷർ സ്കൂട്ടർ തട്ടിയെടുത്ത് ഇരുവരും പാലോട്ടേക്കു തിരിച്ചു. പാലോട് അടപ്പുപാറ ഭാഗത്തുനിന്ന് നാട്ടുകാരാണ് ഇവരെ കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചത്. Content Highlights:women prisoners, escaped from attakulangara jail


from mathrubhumi.latestnews.rssfeed https://ift.tt/2XcLwyB
via IFTTT