ഇരിങ്ങാലക്കുട: വിദേശ മലയാളിയെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തി അരക്കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിലായി. അനേകം ക്രിമനൽ കേസുകളിലെ പ്രതിയായ എറണാകുളം ഇരുമ്പനത്ത് താമസിക്കുന്ന മരിയനന്ദനയിൽ ഷാരോൺ (29) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ വിദേശമലയാളിയുടെ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. 2018 ഡിസംബറിലായിരുന്നു സംഭവം. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഒരാളുടെ പേരിൽ ഇരിങ്ങാലക്കുടക്കാരനായ വിദേശമലയാളിയെ കോയമ്പത്തൂരിലേക്ക് വിളിച്ചുവരുത്തിയായിരുന്നു തട്ടിപ്പ്. പോലീസ് വേഷത്തിലെത്തി കാർ സഹിതം ഇയാളെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസം ഭീഷണിപ്പെടുത്തിയാണ് അരക്കോടി രൂപ തട്ടിയെടുത്തതെന്ന് ഡിവൈ.എസ്.പി. ഫേമസ് വർഗ്ഗീസ്, സി.ഐ. പി.ആർ. ബിജോയ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. എൻ.ഐ.എ. യിലെ ഐ.പി.എസ്. ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടികൊണ്ടുപോയത്. കാറിൽ പോലീസ് ബോർഡ് വെച്ച് തോക്കും മറ്റു ആയുധങ്ങളുമായിട്ടായിരുന്നു നാലംഗസംഘം എത്തിയത്. ഈ കേസിലെ മറ്റു പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. കൊലപാതകം, വധശ്രമമടക്കം നിരവധി കേസുകളിലെ പ്രതിയായ ഷാരോണിനെ ഏറെ ശ്രമകരമായാണ് ഇടപ്പള്ളി പള്ളി പരിസരത്തുനിന്ന് കസ്റ്റഡിയിൽ എടുത്തതെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ നീക്കങ്ങളറിയാൻ അനുയായികളുടെ ഒരു സംഘം തന്നെ ഇയാൾക്കുണ്ട്. ഇവർ സുരക്ഷിതത്വം ഉറപ്പുവരുത്തിയ ശേഷമാണ് ഇയാൾ പുറത്തിറങ്ങുക. അതുകൊണ്ടുതന്നെ വളരെ രഹസ്യമായിട്ടായിരുന്നു പോലീസ് നീക്കം. പള്ളിയിൽ പ്രാർഥിക്കാനെത്തുന്നവരുടെ കൂട്ടത്തിൽ മഫ്തിയിൽ പോലീസ് സംഘം ഇടപ്പള്ളിയിൽ തങ്ങുകയാണ് ചെയ്തത്. കൊല്ലം കുണ്ടറയിൽ കോളജ് പഠനകാലത്ത് അടിപിടി കേസുകളിൽ പ്രതിയായിരുന്ന ഇയാൾ 2015-ൽ ആലപ്പുഴ മണ്ണഞ്ചേരിയിൽ വേണുഗോപാൽ എന്നയാളെ വെട്ടിക്കൊന്നതോടെ കുപ്രസിദ്ധി നേടി. ഗുണ്ടകളായ മാക്കാൻ സജീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും തൊപ്പി കണ്ണൻ എന്നയാളെ ആക്രമിച്ചതിനും ഇയാളുടെ പേരിൽ സൗത്ത്, നോർത്ത് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുണ്ട്. കൂടാതെ മറ്റൊരാളുടെ പേരിൽ സിം കാർഡുകളെടുത്ത് കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് വേറെയും കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. മൊബൈൽ ഫോൺ ഉപയോഗിക്കാതെ നെറ്റ് കോളും വാട്ട്സ്ാപ്പ് കോളും ആണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ഇരിങ്ങാലക്കുട എസ്.ഐ. കെ.എസ്. സുബിന്ത്, എ.എസ്.ഐ. പി.കെ. ബാബു, എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. Content Highlights:Man arrested for cheating NRI,irinjalakuda thrissur
from mathrubhumi.latestnews.rssfeed https://ift.tt/31Z51hq
via
IFTTT