Breaking

Friday, June 28, 2019

വാരിയെല്ലൊടിച്ച് മർദനം : പീരുമേട് കസ്റ്റഡിമരണത്തിലെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം: ഇടുക്കി ജില്ലയിലെ പീരുമേട് സബ്ജയിലിൽ റിമാൻഡ്പ്രതി രാജ്കുമാർ മരിച്ചത് ക്രൂരമർദനമേറ്റതിനെ തുടർന്നാണെന്നതിന് വ്യക്തമായ സൂചനയുമായി പോസ്റ്റുമോർട്ടം റിപ്പോർട്ടും. മർദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞു. കാലിനും ശരീരത്തിന്റെ പലഭാഗത്തും മർദനമേറ്റു. ന്യൂമോണിയ ബാധയെത്തുടർന്നാണ് മരിച്ചത്. എന്നാൽ, മരണകാരണം ഇതല്ല. ന്യൂമോണിയയിലേക്ക് നയിച്ചത് ആന്തരിക മുറിവുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. നെടുങ്കണ്ടം തൂക്കുപാലത്തുള്ള 'ഹരിത ഫിനാൻസ്' എന്ന സ്ഥാപനത്തിന്റെപേരിൽ തട്ടിപ്പ് നടത്തിയതിലാണ് ഉടമ രാജ്കുമാറിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചത്. ഒന്പതുദിവസം കസ്റ്റഡിയിലായിരുന്ന രാജ്കുമാർ, പീരുമേട് സബ്ജയിലിൽ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് 21-നാണ് മരിച്ചത്. 12-ന് രാത്രി ഒരുമണിക്ക് രാജ്കുമാറിനെ തെളിവെടുപ്പിന് പോലീസ് കോലാഹലമേട്ടിൽ അമ്മയുടെ വീട്ടിൽ എത്തിച്ചിരുന്നു. ഇവിടെനിന്ന് ബന്ധുക്കളുടെ മുന്നിലിട്ട് പോലീസ് മർദിച്ചതായി പറയുന്നു. 15-ന് വൈകീട്ടുവരെ രാജ്കുമാർ പോലീസ് കസ്റ്റഡിയിലായിരുന്നു. 15-ന് രാത്രി എട്ടിന് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു. ഒമ്പതുമണിക്ക് മെഡിക്കൽ റിപ്പോർട്ടെടുക്കാൻ പോലീസ് രാജ്കുമാറിനെ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ എത്തിച്ചു. ആരോഗ്യസ്ഥിതി മോശമാണെന്ന് മനസ്സിലാക്കിയ ഡോക്ടർ ഒരു പോലീസുകാരന്റെ കാവലിൽ 12 മണിക്കൂർ നിരീക്ഷണത്തിൽ കിടത്തി. 16-ന് രാജ്കുമാറിന്റെ അറസ്റ്റുരേഖപ്പെടുത്തി. ആശുപത്രിയിൽനിന്ന് സ്ട്രെച്ചറിലാണ് കോടതിയിലേക്ക് കൊണ്ടുപോയത്. നടക്കാൻ കഴിയാതിരുന്ന രാജ്കുമാറിന്റെ അടുക്കലേക്ക് മജിസ്ട്രേറ്റ് എത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. തുടർന്ന് പീരുമേട് സബ്ജയിലിലേക്കും കൊണ്ടുപോയി. അവിടെവെച്ചാണ് മരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നിയമസഭയിൽ പോലീസിനെ നിശിതമായി വിമർശിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ വാർഷികദിനത്തിൽ കസ്റ്റഡിമരണത്തിന്റെപേരിൽ നിയമസഭയിൽ മറുപടി പറയേണ്ടിവരുന്നത് വിധിവൈപരീത്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും മാറ്റും രാജ്കുമാറിന്റെ മരണത്തെത്തുടർന്ന് നെടുങ്കണ്ടം സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും മാറ്റും. കഴിഞ്ഞദിവസം നടപടികളുടെ ഭാഗമായി എ.ആർ. ക്യാമ്പിലേക്ക് മാറ്റിയ മൂന്ന് പോലീസുകാർ ഉൾപ്പടെ നാലുപേരെക്കൂടി സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു. എ.എസ്.ഐ. സ്റ്റേഷൻ റൈറ്റർ റോയി പി. വർഗീസ്, സി.പി.ഒ. അസിസ്റ്റന്റ് റൈറ്റർ ശ്യാംകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ് വർഗീസ്, ബിജു ലൂക്കോസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ എണ്ണം എട്ടായി. ആശുപത്രിയിൽ എത്തിച്ചത് നടക്കാൻകഴിയാത്ത അവസ്ഥയിൽ മെഡിക്കൽ എടുക്കാൻ പോലീസ് ആശുപത്രിയിൽ കൊണ്ടുവന്ന പ്രതി നടക്കാൻകഴിയാത്ത അവസ്ഥയിലായിരുന്നു. ഹൃദ്രോഗത്തിന് മരുന്നു കഴിച്ചിരുന്നതായി രാജ്കുമാർ പറഞ്ഞിരുന്നു. ഓടിയപ്പോൾ കുഴിയിൽവീണ് പരിക്കുപറ്റിയതാണെന്നാണ് പോലീസ് പറഞ്ഞത്. പരിശോധനയ്ക്ക് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകണമെന്ന് പോലീസ് പറഞ്ഞെങ്കിലും ഒരു പോലീസുകാരന്റെ കാവലിൽ വാർഡിൽ നിരീക്ഷണത്തിൽ കിടത്തി. മറ്റു കുഴപ്പങ്ങളൊന്നും തോന്നാഞ്ഞതിനാൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നില്ല. -ഡോ. വിഷ്ണു, ഡ്യൂട്ടി ഡോക്ടർ, നെടുങ്കണ്ടം താലൂക്കാശുപത്രി Content Highlights:Peerumed custodial death


from mathrubhumi.latestnews.rssfeed https://ift.tt/2LolNRd
via IFTTT