ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരടിനെക്കുറിച്ച് നിർദേശമറിയിക്കാൻ ഒരുമാസംകൂടി സമയം നീട്ടിനൽകുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ രാജ്യസഭയെ അറിയിച്ചു. എല്ലാതലത്തിലും ചർച്ചചെയ്താണു കരട് തയ്യാറാക്കിയതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാതെയാണു കരട് തയ്യാറാക്കിയതെന്ന വിമർശനം അദ്ദേഹം തള്ളി. പ്രീപ്രൈമറിതലംമുതൽ കോളേജ് വിദ്യാഭ്യാസംവരെ സമഗ്രമായ പരിഷ്കരണം ശുപാർശ ചെയ്യുന്നതാണു കരടുനയം. ഐ.എസ്.ആർ.ഒ. മുൻ മേധാവി കെ. കസ്തൂരിരംഗന്റെ അധ്യക്ഷതയിലുള്ള സമിതിയാണു കരട് തയ്യാറാക്കിയത്. വിദ്യാഭ്യാസരംഗത്തു സമഗ്രപരിഷ്കാരം ലക്ഷ്യമിടുന്ന നയത്തിനെതിരേ വിവിധമേഖലകളിൽനിന്ന് എതിർപ്പുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അഭിപ്രായം അറിയിക്കാനുള്ള സമയം ജൂൺ 30-ൽനിന്ന് ജൂലായ് 31 ആക്കിയത്. സംസ്ഥാനങ്ങളുമായി ചർച്ചചെയ്താണോ കരടു തയ്യാറാക്കിയതെന്നു രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറെക് ഒബ്രിയാനാണു ചോദിച്ചത്. ഫെഡറലിസത്തെപ്പറ്റി രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഏറെ പറയാറുണ്ട്. എന്നാൽ, 29 സംസ്ഥാന സർക്കാരുകളുമായി ഒറ്റയോഗംപോലും നടത്താതെയാണ് കരടുനയമുണ്ടാക്കിയത്. മൂന്നുദിവസംമാത്രമേ ജനങ്ങൾക്കു കരടിന്മേൽ അഭിപ്രായമറിയിക്കാൻ സമയമുള്ളൂവെന്നും അതു നീട്ടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഒബ്രിയാൻ പറഞ്ഞു. എന്നാൽ, നാലുവർഷത്തോളം രാജ്യത്തെ വിവിധ മേഖലകളിൽ ചർച്ച നടത്തിയിട്ടുണ്ടെന്നു മന്ത്രി രമേഷ് പൊഖ്റിയാൽ പറഞ്ഞു. കരടുനയം പൊതുജന സമക്ഷം വെച്ചിട്ടുണ്ടെന്നും അതിൽ അഭിപ്രായമറിയിക്കാൻ ഒരുമാസംകൂടി സമയം നീട്ടുന്നതായും അദ്ദേഹം അറിയിച്ചു. Content Highlights: Deadline to submit comments on Draft NEP extended
from mathrubhumi.latestnews.rssfeed https://ift.tt/2KIbNTu
via
IFTTT