Breaking

Saturday, June 29, 2019

‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതി വരുന്നു

ന്യൂഡൽഹി: ഒരു സംസ്ഥാനത്തുനിന്ന് വേറൊരിടത്തേക്ക് താമസം മാറുന്നവർക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും രാജ്യത്തെവിടെനിന്നും റേഷൻ വാങ്ങാൻ സൗകര്യമൊരുങ്ങുന്നു. ഇതിനായി 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' പദ്ധതി പരിഗണനയിലാണെന്ന് ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ രാജ്യസഭയെ അറിയിച്ചു. കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം നടന്നിരുന്നു. ഒരുവർഷംകൊണ്ട് പദ്ധതി നടപ്പാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. എല്ലാ റേഷൻ കടകളിലും ഇതിനായി പ്രത്യേകം സംവിധാനമൊരുക്കും. ആന്ധ്രാപ്രദേശ്, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇനിയും പ്രത്യേക മെഷീനുകളുടെ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ഏതു ജില്ലയിൽനിന്നും റേഷൻ വാങ്ങാവുന്ന ഐ.എം.പി.ഡി.എസ്. സംവിധാനം ഇപ്പോൾ കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ട്. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ വൈകാതെ ഈ സംയോജിത സംവിധാനം നിലവിൽവരും. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ജോലി ആവശ്യങ്ങൾക്കായി എത്തുന്ന കുടുംബങ്ങൾക്കാണ് ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ഏറെ പ്രയോജനപ്പെടുക. കേരളത്തിൽ 25 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരിൽ വളരെ കുറച്ചുപേർക്കേ റേഷൻ കാർഡുള്ളൂ. 15 മുതൽ 17 ശതമാനംവരെ ആളുകൾ കുടുംബസമേതമാണ് താമസിക്കുന്നത്. ഇക്കൂട്ടർക്കാണ് റേഷൻ കാർഡുള്ളത്. സംസ്ഥാനത്ത് ഒരോ വർഷവും ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം ഏഴുശതമാനത്തോളം കൂടിവരികയാണ്. ഇവരുടെ 'കൊണ്ടുനടക്കാവുന്ന അവകാശങ്ങളിൽ' വളരെ പ്രധാനമാണ് ഒറ്റ റേഷൻ കാർഡ് എന്ന് സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. രവി രാമൻ അഭിപ്രായപ്പെട്ടു. എന്നാൽ, രാഷ്ട്രീയ അവകാശംകൂടി ഇതോടൊപ്പം ലഭ്യമാക്കണം. ഇതരസംസ്ഥാന തൊഴിലാളികളിൽ വളരെ കുറച്ചുപേർക്കേ അവർ ജോലിചെയ്യുന്ന ഇടങ്ങളിൽ വോട്ടുള്ളൂ. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് സ്വന്തം നാട്ടിൽ വോട്ടുചെയ്യാൻ വളരെ കുറച്ചുപേരെ പോയിട്ടുള്ളൂ. പണിയെടുക്കുന്ന സ്ഥലങ്ങളിൽ വോട്ടവകാശം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികൾക്ക് 'കൊണ്ടുനടക്കാവുന്ന അവകാശങ്ങളെ'ക്കുറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള പഠനറിപ്പോർട്ട് ഉടൻ പുറത്തിറങ്ങും. ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയത് ഡോ. ഹർഷ് മന്ദർ, ഡോ. രവി രാമൻ, യോർക്ക് സർവകലാശാലയിലെ ഡോ. ഇന്ദ്രജിത് റോയ്, രാജസ്ഥാനിലെ ആജീവിക സംഘടന എന്നിവർ ചേർന്നാണ്. Content highlight:One Nation One Ration Card


from mathrubhumi.latestnews.rssfeed https://ift.tt/2ZWTDB4
via IFTTT