Breaking

Sunday, June 30, 2019

2022-നകം 10 ലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കും- മുഖ്യമന്ത്രി

കൊച്ചി: വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ ഇ-മൊബിലിറ്റി കോൺഫറൻസ് ആൻഡ് എക്സ്പോ 2019 (ഇവോൾവ്) കൊച്ചിയിൽ തുടങ്ങി. വൈദ്യുത ഗതാഗത നയം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. 2022-ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുമെന്ന് എക്സ്പോ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങൾ, 50,000 മുച്ചക്ര വാഹനങ്ങൾ, 1,000 ചരക്ക് വാഹനങ്ങൾ, 3,000 ബസുകൾ, 100 ഫെറി ബോട്ടുകൾ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ആറു നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾ നിരോധിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയുടെ പശ്ചാത്തലത്തിൽ പുനരുപയോഗം സാധ്യമായ ബദൽ ഊർജ സ്രോതസ്സുകളെക്കുറിച്ച് കേരളം ഗൗരവമായി ചിന്തിച്ചിരുന്നു. വിധിക്ക് പിന്നീട് സ്റ്റേ വന്നെങ്കിലും പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയിൽ കേരളം ഉറച്ചുനിന്നു. ഇതിന്റെ ഭാഗമായി സി.എൻ.ജി., എൽ.എൻ.ജി. ഇന്ധനങ്ങളുടെ ഉപയോഗത്തിന് തുടക്കമിട്ടു. ഐ.ഐ.ടി. മദ്രാസിലെ പ്രൊഫ. അശോക് ജുൻജുൻവാലയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സമിതിയാണ് വൈദ്യുത വാഹന നയത്തിന്റെ കരട് തയ്യാറാക്കിയത്. വൈദ്യുത വാഹന രംഗത്ത് നിക്ഷേപകർക്ക് വലിയ സാധ്യതയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുത വാഹന നിർമാണത്തിനായി ആരംഭിച്ച കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് 8,000 വൈദ്യുത ഓട്ടോറിക്ഷകൾ ഓരോ വർഷവും പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഓട്ടോ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ പി.എസ്.യു. ആണ് കെ.എ.എൽ. കെ.എസ്.ആർ.ടി.സി.ക്കു വേണ്ടി 3000 ഇ-ബസുകളും നിർമിക്കും. ഇ-ബസ് നിർമാണത്തിന് യൂറോപ്യൻ നിക്ഷേപം ലഭിക്കുന്ന ആദ്യ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടപ്പള്ളി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിൽ ആരംഭിച്ച ചാർജിങ് സ്റ്റേഷന്റെ വിർച്വൽ ഉദ്ഘാടനവും തിരുവനന്തപുരത്ത് ആരംഭിക്കുന്ന സെന്റർ ഓഫ് എക്സലൻസിന്റെ ലോഞ്ചിങ്ങും മുഖ്യമന്ത്രി നിർവഹിച്ചു. വൈദ്യുത വാഹന നിർമാണത്തിനുള്ള ധാരണാപത്രങ്ങളും ചടങ്ങിൽ കൈമാറി. വൈദ്യുത വാഹനങ്ങൾക്കുള്ള സബ്സിഡിക്കുള്ള ആദ്യ അപേക്ഷയും സ്വീകരിച്ചു. ഹൈബി ഈഡൻ എം.പി. അധ്യക്ഷത വഹിച്ചു. നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ തുടങ്ങിയവർ പ്രസംഗിച്ചു. Content Highlights:10 lakhs electric vehicles


from mathrubhumi.latestnews.rssfeed https://ift.tt/2IY5TLG
via IFTTT