Breaking

Saturday, June 29, 2019

സർഫാസി നിയമം: പാവങ്ങളെ പീഡിപ്പിക്കരുത്- എം.പി. വീരേന്ദ്രകുമാർ

ന്യൂഡൽഹി: ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും സർഫാസിനിയമം ദുരുപയോഗം ചെയ്തു പാവപ്പെട്ടവരെ അനാവശ്യമായി പീഡിപ്പിക്കുന്നതു തടയണമെന്ന് എം.പി. വീരേന്ദ്രകുമാർ രാജ്യസഭയിൽ ആവശ്യപ്പെട്ടു. റിസർവ് ബാങ്കിന്റെ മുന്നറിയിപ്പുണ്ടായിട്ടും കുടിശ്ശികവരുത്തിയവരുടെ ഫോട്ടോ സഹിതം പത്രങ്ങളിൽ പരസ്യംനൽകുന്നത് അവരെ ആത്മഹത്യയിലേക്കു നയിക്കുന്നതായും അദ്ദേഹം ശൂന്യവേളയിൽ പറഞ്ഞു. വായ്പക്കുടിശ്ശിക വരുത്തിയതിനു തന്റെ നാടായ വയനാട്ടിൽമാത്രം 8000-ലേറെ കർഷകർ കിടപ്പാടമൊഴിയാനുള്ള ഭീഷണി നേരിടുകയാണ്. ബാങ്കുകളിൽനിന്നു നോട്ടീസ് ലഭിച്ച ചില കർഷകർ ആത്മഹത്യ ചെയ്യുകയുമുണ്ടായി. കഷ്ടകാലത്ത് വായ്പയെടുത്തു തിരിച്ചടയ്ക്കാനാവാത്ത സത്യസന്ധരായ വ്യക്തികളുടെ പേരും വിലാസവും ചിത്രവും പ്രമുഖപത്രങ്ങളിൽ വരുന്നത് അവരെ ആത്മഹത്യയിലേക്കു നയിക്കുകയാണ്. കുടിശ്ശിക വരുത്തിയവരുടെ ഫോട്ടോ പ്രസിദ്ധീകരിക്കരുതെന്നു ബാങ്കുകൾക്ക് റിസർവ് ബാങ്ക് മുന്നറിയിപ്പു നല്കിയിരുന്നു. വായ്പയെടുക്കുന്ന ചെറുകിടക്കാരെക്കുറിച്ച് ഒരു മുൻവിധിയുണ്ട്. വൻകിടക്കാർക്കു കോടതികളിൽ നിന്നും ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലുകളിൽ നിന്നും സ്റ്റേ നേടാനുള്ള ശക്തിയുണ്ട്. ചെറുകിടക്കാർക്ക് അതിനുള്ള ശേഷിയില്ല. 2013-ൽ കൽക്കട്ട ഹൈക്കോടതി ഇങ്ങനെ നിരീക്ഷിച്ചിരുന്നു. സർഫാസിനിയമം ദുരുപയോഗംചെയ്തു ബാങ്കുകൾ പീഡിപ്പിക്കുന്ന പാവപ്പെട്ട കർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാർ കാര്യക്ഷമമായ നടപടിയെടുക്കണമെന്നു വീരേന്ദ്രകുമാർ ആവശ്യപ്പെട്ടു. നൈപുണി പരിശീലനം: 25327 പേർ രജിസ്റ്റർ ചെയ്തു ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ 'കൗശൽ പഞ്ജി'യിൽ കേരളത്തിൽനിന്ന് 25,327 യുവാക്കൾ നൈപുണി പരിശീലനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു. തൊഴിൽവൈദഗ്ധ്യമില്ലാത്ത ഗ്രാമീണ യുവാക്കൾക്ക് നൈപുണി പരിശീലനം നൽകുന്നതിനെക്കുറിച്ചുള്ള എം.പി. വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനു രാജ്യസഭയിൽ രേഖാമൂലം നല്കിയ മറുപടിയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽവൈദഗ്ധ്യമില്ലാത്തവരുടെ കണക്ക് സംസ്ഥാനാടിസ്ഥാനത്തിൽ ലഭ്യമല്ലെന്നു മന്ത്രി അറിയിച്ചു. തമിഴ്നാട്ടിൽനിന്നാണ് (1.84 ലക്ഷം) കൂടുതൽപ്പേർ 'കൗശൽ പഞ്ജി'യിൽ രജിസ്റ്റർ ചെയ്തത്. ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയുടെ കീഴിൽ 98.42 കോടി രൂപയും ഗ്രാമീണ സ്വയംതൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിനായി 1.52 കോടി രൂപയും 2018-19-ൽ കേരളത്തിനു നൽകി. ഗ്രാമീണ കൗശല്യ യോജനയുടെ കീഴിൽ 2018-19-ൽ 13,763 പേർക്ക് കേരളത്തിൽ പരിശീലനം ലഭിക്കുകയും അതിൽ 9656 പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്തെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ രണ്ടുവർഷങ്ങളിലും പതിനായിരത്തിലേറെപ്പേർ കേരളത്തിൽ പരിശീലനം നേടുകയും അതിന്റെ പകുതിയോളംപേർ ജോലിക്കുകയറിയെന്നുമാണു കേന്ദ്രസർക്കാരിന്റെ കണക്ക്. കേരളത്തിൽ രണ്ടു പാലങ്ങൾക്ക് അനുമതി നൽകി ന്യൂഡൽഹി: പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ (പി.എം.ജി.എസ്.വൈ.) കീഴിൽ കേരളത്തിൽ രണ്ടു പാലങ്ങളുടെ പദ്ധതിക്ക് 2018-19-ൽ അംഗീകാരം നൽകിയതായി കേന്ദ്ര സർക്കാർ. 2015-16-ൽ ഒരു പാലത്തിനും അനുമതി നൽകിയിരുന്നു. പി.എം.ജി.എസ്.വൈ. പദ്ധതിയുടെ നിബന്ധനകൾ ലഘൂകരിക്കണമെന്ന നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും എം.പി. വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് മറുപടിയായി ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമർ രാജ്യസഭയെ രേഖാമൂലം അറിയിച്ചു. Content Highlights:SARFAESI Act, MP Veerendra Kumar


from mathrubhumi.latestnews.rssfeed https://ift.tt/2ZXEU8G
via IFTTT