മൂവാറ്റുപുഴ: യോഗാ ദിനാചരണത്തിനുള്ള ഒരുക്കത്തിനിടെ സ്കൂൾ വളപ്പിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. സ്കൂളിലെ മലയാളം അധ്യാപിക അരിക്കുഴ പാലക്കാട്ട് പുത്തൻപുര ദീപുവിന്റെ ഭാര്യ രേവതി(26) ആണ് മരിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച വൈകീട്ട് 7 മണിയോടെയായിരുന്നു മരണം. നട്ടെല്ലിനും ചെവിക്കും പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ടീച്ചർ. കഴിഞ്ഞ ജൂൺ 21-ന് രാവിലെ 8.30-ഓടെ വിവേകാനന്ദ വിദ്യാലയത്തിന്റെ മുറ്റത്ത് യോഗാ ദിനാചരണത്തിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴായിരുന്നു അപകടം. സമ്മേളനം നടക്കുന്ന വെള്ളൂർക്കുന്നം ക്ഷേത്ര ഓഡിറ്റോറിയത്തിലേക്ക് റൺ ഫോർ യോഗ കൂട്ട ഓട്ടത്തിനായി കുട്ടികളെ വരി നിർത്തുകയായിരുന്നു ടീച്ചർ. ഇതിനിടയിലാണ് അക്കാദമിക ഡയറക്ടർ ആർ. കൃഷ്ണകുമാർ വർമയുടെ കാർ സ്കൂൾ മുറ്റത്തേക്ക് വന്നതും നിയന്ത്രണം വിട്ട് ടീച്ചറെയും കുട്ടികളെയും ഇടിച്ചുവീഴ്ത്തിയതും. കുട്ടികളെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ ഇടിയുടെ നേരിട്ടുള്ള ആഘാതം ഏറ്റത് ടീച്ചർക്കാണ്. നിലത്തേക്ക് തലയിടിച്ച് ചെരിഞ്ഞ് വീണുപോയ ഇവരുടെ കഴുത്തിന്റെ ഭാഗത്ത് നട്ടെല്ലിന് സാരമായ പരിക്കേറ്റു. വീണുപോയ ഇവരെ കാർ കുറച്ചു ദൂരം നിരക്കിക്കൊണ്ടുപോയി. കാർ അടുത്തുള്ള സ്കൂൾ വാഹനത്തിൽ മുട്ടിയാണ് നിന്നത്. പതിനൊന്നു കുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റു. കാറിനു വേഗം കുറവായതിനാലാണ് വലിയ ദുരന്തം ഒഴിവായത്. കാറിനടുത്തേക്കു വന്ന കുട്ടിയുടെ ദേഹത്ത് മുട്ടാതിരിക്കാൻ പെട്ടെന്ന് കാർ നിർത്താൻ ശ്രമിക്കുന്നതിനിടെ േബ്രയ്ക്കിനു പകരം ആക്സിലറേറ്ററിൽ ചവിട്ടിയതാവാം അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലും ചികിത്സയിലും ആയിരുന്ന ടീച്ചർ സംസാരിക്കുകയും വിവരങ്ങൾ തിരക്കുകയും ചെയ്തിരുന്നു. സ്ഥിതി മെച്ചപ്പെട്ടുവരുന്നു എന്ന പ്രതീക്ഷയ്ക്കിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശ്വാസംമുട്ടനുഭവപ്പെട്ടതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് 7 മണിയോടെ ടീച്ചർ വിടപറഞ്ഞു. ഈ അക്കാദമിക വർഷത്തിലാണ് രേവതി വിവേകാനന്ദ വിദ്യാലയത്തിൽ അധ്യാപികയായി ചേർന്നത്. പിറവം കരിങ്കൽചിറ മമ്പുറം ഭാഗത്ത് മമ്പുറം വീട്ടിൽ വിജയന്റെയും ഗിരിജയുടെയും മകളാണ് രേവതി. ഭർത്താവ് ദീപു (ഹോട്ടൽ മാനേജ്മെന്റ്). ഏക മകൾ: അദ്വൈത ദീപു (3). രേവതിയുടെ സഹോദരി: അശ്വതി. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച മൃതദേഹ പരിശോധന നടത്തും. തുടർന്ന് 11 മണിയോടെ സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. content highlights:accident in school campus
from mathrubhumi.latestnews.rssfeed http://bit.ly/2IH2XDp
via
IFTTT