ബിജാപുർ: ഛത്തീസ്ഗഢിലെ ബിജാപുർ ജില്ലയിൽ വെള്ളിയാഴ്ച മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളിയുൾപ്പെടെ മൂന്നു സി.ആർ.പി.എഫ്. ജവാന്മാർ കൊല്ലപ്പെട്ടു. ഇടുക്കി രാജാക്കാട് മുക്കുടിൽ ഓറോലിക്കൻ ഒ.പി. സാജു (47), കർണാടക കലബുറഗി സ്വദേശി പി. മഹാദേവ (50), ഉത്തർപ്രദേശ് അലിഗഢ് സ്വദേശി മദൻപാൽ സിങ് (52) എന്നിവരാണു മരിച്ചത്. സി.ആർ.പി.എഫ്. ഹെഡ് കോൺസ്റ്റബിളാണ് സാജു. മറ്റു രണ്ടുപേരും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരാണ്. ബിജാപുരിലെ കേശ്കുടുൽ ഗ്രാമത്തിൽ രാവിലെ പതിനൊന്നോടെ മോട്ടോർ സൈക്കിളിൽ റോന്തുചുറ്റാനിറങ്ങിയ സി.ആർ.പി.എഫ്. സംഘത്തിനുനേരെ ആയുധങ്ങളുമായെത്തിയവർ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടയിൽപ്പെട്ട നാട്ടുകാരായ രണ്ടുപെൺകുട്ടികളിൽ ഒരാൾ മരിച്ചു. ഒരാൾക്കു പരിക്കേറ്റു. ജിബ്ബി തെലാം എന്ന പതിന്നാലുകാരിയാണ് മരിച്ചത്. ഏറ്റുമുട്ടലിനിടെ ഇതുവഴിപോയ വാഹനത്തിലുണ്ടായിരുന്നവരാണിവർ. സാജുവിന്റെ മൃതദേഹം ശനിയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുമെന്നാണു ബന്ധുക്കൾക്കു ലഭിച്ചവിവരം. 1992-ലാണ് ഇദ്ദേഹം സി.ആർ.പി.എഫിൽ ചേർന്നത്. രണ്ടാഴ്ചമുമ്പു വീട്ടിലെത്തി മടങ്ങിയതാണ്. രാജാക്കാട് മുക്കുടിൽ സ്വദേശിയായ ഇദ്ദേഹം ആറുവർഷംമുമ്പ് കട്ടപ്പന വെള്ളയാംകുടിയിലേക്കു താമസം മാറ്റിയിരുന്നു. പരേതനായ പാപ്പന്റെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: സുജ. മക്കൾ: അജയ്, ആര്യനന്ദ. Content Highlights:Maoist attack, Bijapur
from mathrubhumi.latestnews.rssfeed https://ift.tt/2XEB2fs
via
IFTTT