Breaking

Wednesday, June 26, 2019

അഞ്ചുവർഷത്തിനിടെ വെട്ടിപ്പൊളിച്ചത് 3000 കോടിയുടെ റോഡ്

തിരുവനന്തപുരം: റോഡുകൾ വെട്ടിപ്പൊളിച്ചതിലൂടെ അഞ്ചുവർഷത്തിനിടെ 3000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി ജി. സുധാകരൻ. റോഡ് അറ്റകുറ്റപ്പണിക്കുള്ള ചെലവ് ഇതിനുപുറമേയാണ്. റോഡു പൊളിക്കുന്നത് തടയാൻ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എം.എൽ.എ. ചെയർമാനായി പൊതുമരാമത്ത് ഉപദേശകസമിതി രൂപവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇവരുടെ അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിക്കാൻ പാടില്ല. പ്രധാന പദ്ധതികൾക്കായി റോഡ് വെട്ടിപ്പൊളിക്കണമെങ്കിൽ ആറുമാസം മുമ്പും ചെറിയ പദ്ധതികൾക്ക് മൂന്നുമാസം മുമ്പും പൊതുമരാമത്ത് വകുപ്പിനെ അറിയിക്കണമെന്നാണ് നിയമം. ഇതാരും പാലിക്കാറില്ല. വകുപ്പുകൾ തമ്മിൽ ഏകോപനത്തിന് ഒട്ടേറെ ഉത്തരവുകളിറക്കിയെങ്കിലും ഫലംകണ്ടില്ല.ജലഅതോറിറ്റി എൻജിനീയർമാരും കരാറുകാരും ചേർന്ന് കള്ളക്കളി നടത്തുകയാണ്. റോഡ് വെട്ടിപ്പൊളിക്കൽ അഴിമതിക്കുള്ള പ്രധാന വഴിയാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. റോഡ് പൊളിക്കുന്നതിന് മരാമത്ത് വകുപ്പിനു നൽകേണ്ട തുക നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഏജൻസികൾ അടയ്ക്കാറില്ല. ബി.എസ്.എൻ.എൽ, ജലഅതോറിറ്റി അടക്കമുള്ളവ റോഡ് പൊളിക്കുന്നുണ്ട്. ഇത് പഴയസ്ഥിതിയിലാക്കാനുള്ള തുക ബജറ്റ് വിഹിതമായി മരാമത്ത് വകുപ്പിനു നൽകണമെന്ന് ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ മറ്റു വകുപ്പുകളിൽനിന്ന് പണം വാങ്ങേണ്ടിവരില്ലെന്നും എം. സ്വരാജിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.


from mathrubhumi.latestnews.rssfeed https://ift.tt/2RyVBo9
via IFTTT