Breaking

Wednesday, June 26, 2019

സംസ്കരിച്ച ഉപ്പിൽ കൂടിയ അളവിൽ പൊട്ടാസ്യം ഫെറോസയനൈഡ്

മുംബൈ: അയഡിൻ ചേർത്ത് പാക്കറ്റിലെത്തുന്ന ഉപ്പിൽ മാരകമായ രീതിയിൽ വിഷാശം കലർന്നിട്ടുണ്ടെന്ന് പരിശോധനാ റിപ്പോർട്ട്. യു.എസിലെ അനലറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്ന ഉപ്പിൽ കൂടുതലും ആരോഗ്യത്തിന് ഹാനികരമാകുന്ന അളവിൽ പൊട്ടാസ്യം ഫെറോസയനൈഡ് ഉണ്ടെന്ന് കണ്ടെത്തിയത്. അന്തരീക്ഷത്തിൽനിന്ന് ഈർപ്പം വലിച്ചെടുത്ത് ഉപ്പ് കട്ടപിടിക്കാതിരിക്കാനാണ് പൊട്ടാസ്യം ഫെറോസയനൈഡ് ചേർക്കുന്നത്. ഈ രീതിയിൽ ഉപ്പിനെ ദീർഘകാലം നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെയാകാം ആവശ്യത്തിലധികം രാസവസ്തു ഇതിൽ ചേർക്കുന്നതെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ മുംബൈയിലെ ഗോധം ഗ്രെയിൻസ് ആൻഡ് ഫാം പ്രൊഡക്ട്സ് ചെയർമാൻ ശിവശങ്കർ ഗുപ്ത പത്രസമ്മേളനത്തിൽ പറഞ്ഞു. പൊട്ടാസ്യം ഫെറോസയനൈഡ് അമിതമായി ശരീരത്തിൽ എത്തുന്നത് അർബുദം, പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദം, വൃക്കരോഗം തുടങ്ങിയവയ്ക്ക് കാരണമാകും. ഉപ്പിൽ എന്തെല്ലാം രാസവസ്തുക്കൾ എത്രയളവിൽ ചേർത്തിട്ടുണ്ടെന്ന് കണ്ടെത്താനുള്ള പരിശോധനാസംവിധാനം ഇന്ത്യയിൽ ഇല്ലെന്നും അതിനാൽ താൻ ഇന്ത്യയിൽനിന്നുള്ള ഉപ്പിന്റെ പ്രമുഖ ബ്രാൻഡുകൾ യു.എസിലെ ലാബിൽ പരിശോധിപ്പിക്കുകയായിരുന്നെന്നും ഗുപ്ത പറഞ്ഞു. ഒരു കിലോ ഉപ്പിൽ പൊട്ടാസ്യം ഫെറോസയനൈഡിന്റെ അളവ് ഉത്പാദക കമ്പനികൾ അവകാശപ്പെടുന്നതിനെക്കാൾ പലമടങ്ങ് കൂടുതലാണ്. സാധാരണഗതിയിൽ ഇത് 0.0600 മില്ലിഗ്രാമിന് അടുത്താണുവരേണ്ടത്. എന്നാൽ, ഇന്ത്യൻ ബ്രാൻഡുകളിലെ പരിശോധനാഫലത്തിൽ 1.85 മില്ലിഗ്രാം മുതൽ 4.71 ഗ്രാംവരെ കണ്ടെത്തി. ഉപ്പിൽ ചേർക്കുന്ന അയഡിന്റെ അളവും പല മുൻനിര ബ്രാൻഡുകളിലും കൂടുതലാണ്. മാരകമായ രോഗങ്ങളാണ് ഇവ വരുത്തുന്നത്. ശുദ്ധീകരിച്ച ഉപ്പ് എന്നെഴുതി പാക്കറ്റിൽ വരുന്ന ഉപ്പു പരിശോധിച്ച് ഗണമേന്മ ഉറപ്പുവരുത്തിയതാണോ എന്ന ചോദ്യത്തിന്, അതിന് അപേക്ഷിച്ചിട്ടില്ലെന്ന മറുപടിയാണ് പല കമ്പനികളും നൽകിയതെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്നു ലഭിച്ചതെന്ന് രേഖകൾ കാണിച്ച് ഗുപ്ത വെളിപ്പെടുത്തി. രേഖകൾ തെറ്റാണെന്നു തെളിയിച്ചാൽ ഒരു കോടി രൂപയും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. വിഷമയമായ ഉപ്പിനെതിരേ പോരാട്ടത്തിന് ഇറങ്ങിയിരിക്കയാണ് 91-കാരനായ ഗുപ്ത. ഫെറോസയനൈഡ് ചെറിയ തോതിൽ ശരീരത്തിൽ എത്തിയാലും ആരോഗ്യപ്രശ്നമുണ്ടാകും പൊട്ടാസ്യം ഫെറോസയനൈഡ് ഒരു വിഷപദാർഥമാണ്. ചെറിയ തോതിൽപോലും ഇതു കാലങ്ങളോളം ശരീരത്തിൽ എത്തിയാൽ ആരോഗ്യപ്രശ്നമുണ്ടാകും. ഉപ്പിൽ ചേർക്കുന്ന അയഡിൻ കുറഞ്ഞാലും കൂടിയാലും കുഴപ്പമാണ്. ഗോയിറ്റർ തടയാനാണ് സർക്കാർ അയഡിൻ ചേർത്ത ഉപ്പ് വിൽക്കാൻ നിർദേശിച്ചത്. എന്നാൽ അയഡിൻ കൂടിയാൽ തൈറോഡ് പോലുള്ള രോഗങ്ങൾ വരും. കടൽമത്സ്യം കഴിക്കുന്നവർക്ക് അയഡിൻ ചേർത്ത ഉപ്പിന്റെ ആവശ്യമില്ല. തീരപ്രദേശങ്ങളിൽ വസിക്കുന്നവർക്കും ഈ ഉപ്പിന്റെ ആവശ്യമില്ല. - വിജയചന്ദ്രൻ പിള്ള, കെമിക്കൽ എൻജിനീയർ, മുംബൈ Content Highlights:Iodized salt, Potassium ferrocyanide


from mathrubhumi.latestnews.rssfeed https://ift.tt/2KDlna8
via IFTTT