ന്യൂഡൽഹി: പാർലമെന്റിൽ തുടർച്ചയായി രണ്ടാം ദിനവും കോൺഗ്രസിനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയും ബി.ജെ.പി.യുടെ വൻവിജയവും ചോദ്യം ചെയ്യുന്നതിലൂടെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 'ബി.ജെ.പി.യും സഖ്യകക്ഷികളും ജയിച്ചപ്പോൾ രാജ്യവും ജനാധിപത്യവും തോറ്റെന്ന് ചില നേതാക്കൾ പറയുന്നു. ഇത്തരം പ്രസ്താവനകൾ നിർഭാഗ്യകരമാണ്. വയനാട്ടിലും റായ്ബറേലിയിലും ബെറാംപുരിലും തിരുവനന്തപുരത്തും ഇന്ത്യ തോറ്റോ?. അമേഠിയിൽ ഇന്ത്യ തോറ്റോ?. ഇത് ധാർഷ്ട്യവും ജനവിധിക്കെതിരായ ഭാഷ ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കലുമാണ്. രാഷ്ട്രീയ സുസ്ഥിരത ആഗ്രഹിച്ച ജനങ്ങൾ വിവേകത്തോടെയാണ് തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്' -പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് വ്യാഴാഴ്ച രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. 'കോൺഗ്രസ് ജയിച്ചില്ലെങ്കിൽ ഇന്ത്യ ജയിക്കില്ലെന്നു തോന്നുന്നുണ്ടോ. ഇന്ത്യയും കോൺഗ്രസും ഒന്നാണോ. അവർ തിരഞ്ഞെടുപ്പുസംവിധാനത്തെ മാനിക്കാൻ പഠിക്കണം. 17 സംസ്ഥാനങ്ങളിൽ ഒരു സീറ്റുപോലും നേടാൻ കോൺഗ്രസിനായില്ല. അതിനാലവർ ആത്മപരിശോധന നടത്തി തോൽവി അംഗീകരിക്കണം. അവർക്കിപ്പോഴും നമ്മുടെ വിജയം ദഹിച്ചിട്ടില്ല. പരാജയം ഉൾക്കൊള്ളാനുമാവുന്നില്ല. ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന് ചേർന്നതല്ല. മാധ്യമങ്ങളെ വിലയ്ക്കെടുത്താണ് ബി.ജെ.പി. വിജയിച്ചതെന്നാണ് മറ്റൊരാരോപണം. തമിഴ്നാടിനും കേരളത്തിനും ഇതു ബാധകമാണോ' -പ്രധാനമന്ത്രി ചോദിച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കെതിരേയുള്ള പ്രതിപക്ഷപാർട്ടികളുടെ പ്രചാരണത്തെയും പ്രധാനമന്ത്രി വിമർശിച്ചു. 'ബി.ജെ.പി.ക്ക് രണ്ടംഗങ്ങൾ മാത്രമാണ് 1980-ൽ പാർലമെന്റിൽ ഉണ്ടായിരുന്നത്. അന്ന് സഭയിൽ ഞങ്ങൾ പരിഹസിക്കപ്പെട്ടു. എന്നിട്ടും കഠിനാധ്വാനത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടി. പോളിങ് ബൂത്തിനെ വിമർശിക്കാൻ നിന്നില്ല. പ്രതിപക്ഷം എന്നതിനർഥം എതിർക്കൽ മാത്രം എന്നല്ല. തിരഞ്ഞെടുപ്പുപ്രക്രിയ കൂടുതൽ പരിഷ്കരിക്കേണ്ടതിനെക്കുറിച്ചാണ് നമ്മളിപ്പോൾ ആലോചിക്കേണ്ടത്' -പ്രധാനമന്ത്രി പറഞ്ഞു. 'ജാർഖണ്ഡിലെ ആൾക്കൂട്ടക്കൊല വേദനിപ്പിച്ചു ജാർഖണ്ഡിൽ ആൾക്കൂട്ടം മുസ്ലിം യുവാവിനെ തല്ലിക്കൊന്നുവെന്ന വാർത്ത തന്നെ വേദനിപ്പിച്ചെന്ന് നരേന്ദ്രമോദി. എന്നാൽ, അതിന്റെ പേരിൽ ഒരു സംസ്ഥാനത്തെ മുഴുവൻ അവഹേളിക്കരുത്. രാജ്യസഭയിലെ ചിലർ ജാർഖണ്ഡ് സംസ്ഥാനം ആൾക്കൂട്ടക്കൊലപാതകത്തിന്റെ കേന്ദ്രമെന്നാണ് പറയുന്നത്. ഒരു സംസ്ഥാനത്തെ മുഴുവൻ ഇങ്ങനെ അപമാനിക്കരുത്. അവിടെ എത്രയോ നല്ല മനുഷ്യരുണ്ടെന്നറിയുക. ജാർഖണ്ഡിലായാലും പശ്ചിമബംഗാളിലായാലും കേരളത്തിലായാലും അക്രമത്തെ ഒരേ രീതിയിലാണ് കാണേണ്ടത്. അക്രമികളെ പാഠം പഠിപ്പിക്കണം. ഇക്കാര്യത്തിൽ രാജ്യം ഒറ്റക്കെട്ടാണെന്ന് അവരെ അറിയിക്കണം -മോദി പറഞ്ഞു. Content highlights:PM Narendra Modi, Wayanad, Thiruvananthapuram
from mathrubhumi.latestnews.rssfeed https://ift.tt/2JaYKGK
via
IFTTT