Breaking

Thursday, June 27, 2019

കോടിപതിയായിരുന്ന വ്യവസായി ഇപ്പോൾ കോടികളുടെ കടക്കാരൻ

കോട്ടയം: ദിവസം മൂന്നുലക്ഷം രൂപ വിറ്റുവരവുള്ള സ്ഥാപനം. ദക്ഷിണ റെയിൽവേയുടെ പരിധിയിൽ തീവണ്ടികളിൽ സ്വന്തം സംഭാരം വിൽക്കാനുള്ള അവകാശം. പള്ളിക്കത്തോട് ഇളമ്പള്ളി തഴയ്ക്കൽ സെബാസ്റ്റ്യൻ ഒരുകാലത്ത് വൻവ്യവസായിയായി പേരെടുത്തതിങ്ങനെ. ഗൾഫിൽ പണിയെടുത്തുണ്ടാക്കിയെടുത്ത സ്ഥാപനം ഭൂമിമോഹികളും അവരെ പിന്തുണച്ച പള്ളിക്കത്തോട് പഞ്ചായത്തുംചേർന്ന് തകർത്തപ്പോൾ താൻ കടക്കാരനായെന്ന് സെബാസ്റ്റ്യൻ. മകന്റെ വീട്ടിൽ താമസം. 'നന്ദിനി' സംഭാരം എന്ന് ഒരുകാലത്ത് പേരെടുത്ത ഉത്പന്നം സൃഷ്ടിച്ച വ്യവസായി ഇന്ന് കോടതികൾ കയറിയിറങ്ങുന്നു. 166 പശുക്കളുടെ ഫാം നടത്തിയ വ്യക്തി ഇന്ന് ഒരു പശുവിന്റെ പാൽ വിറ്റ് ജീവിക്കുന്നു. 18 വർഷം ഗൾഫിൽ ജോലിചെയ്തുണ്ടാക്കിയ പണവും കുടുംബസ്വത്ത് വിറ്റുണ്ടാക്കിയ തുകയും ചേർത്താണ് 2001-ൽ ഇത്തഴയ്ക്കൽ ഇൻഡസ്ട്രീസ് തുടങ്ങിയത്. കുടുംബസ്വത്ത് വാങ്ങിയ വ്യക്തി സെബാസ്റ്റ്യന്റെ സ്ഥാപനം പച്ചപിടിച്ചതോടെ അതിൽ കണ്ണുവെച്ചു. സ്ഥാപനവും ബാക്കിയുള്ള സ്ഥലവും വിലയ്ക്കുചോദിച്ചെങ്കിലും സെബാസ്റ്റ്യൻ വിറ്റില്ല. ഇതോടെ പരാതിപ്രളയം തുടങ്ങി. സംഭാരം, പഴച്ചാർ, സോഡ എന്നിവ നിർമിക്കുന്ന ഫാക്ടറിയിൽ റെയ്ഡുകളുടെ തുടക്കമായി. കുഴപ്പം കണ്ടെത്താതെ ഉദ്യോഗസ്ഥർ മടങ്ങി. 2010-11ൽ ലൈസൻസ് പുതുക്കാൻ പഞ്ചായത്തിൽ അപേക്ഷ നൽകിയതോടെ പൂട്ടുവീണു. ഫാക്ടറി വാങ്ങാൻ നേരത്തേ ചോദിച്ച വ്യക്തിക്ക് ഇടനിലക്കാരനായി അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് വന്നെങ്കിലും വഴങ്ങാതിരുന്നതോടെ ശത്രുത കൂടി. ലൈസൻസും ഭക്ഷ്യവസ്തുക്കൾ വിൽക്കാനുള്ള അനുമതിയും തേടി പഞ്ചായത്തിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ തദ്ദേശതിരഞ്ഞെടുപ്പ് വന്നു. പഞ്ചായത്ത് പ്രസിഡന്റ് മത്സരിക്കുന്ന വാർഡിൽ പ്രതിഷേധവുമായി സെബാസ്റ്റ്യനും നാമനിർദേശപത്രിക കൊടുത്തു. ഇത് പിൻവലിച്ചാൽ ലൈസൻസ് തരാമെന്നു പറഞ്ഞ് പ്രസിഡന്റിന്റെ ആൾക്കാർ വന്നു. ലൈസൻസ് കിട്ടി. പക്ഷേ ഭക്ഷണവസ്തു വിൽക്കാനുള്ള അനുമതി കിട്ടണമെങ്കിൽ പത്രിക പിൻവലിക്കണമെന്ന നിബന്ധനവെച്ചു. ഇതിനു വ്യവസായി തയ്യാറായില്ല. തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് തോറ്റു. ദിവസങ്ങൾക്കകം സെബാസ്റ്റ്യന്റെ വീടാക്രമിച്ചു. ഫാക്ടറി കല്ലെറിഞ്ഞുപൊളിച്ചു. വണ്ടി തല്ലിത്തകർത്തു. പുതിയ സമിതിവന്ന് എല്ലാ അനുമതിയും കിട്ടിയെങ്കിലും കള്ളക്കളിയുമായി ചിലർ നിന്നു. ഫാക്ടറിയുടെ ജലസ്രോതസ്സിൽ മാലിന്യംകലർത്തി വെള്ളം പരിശോധനയ്ക്കെടുപ്പിക്കാൻ പരാതി നൽകി. വെള്ളത്തിൽ ഇരുമ്പ് സാന്നിധ്യം അധികമെന്നു മാത്രമാണ് കണ്ടത്. ഇതു പരിഹരിക്കാൻ സമയംനൽകാതെ സെക്രട്ടറി 2011-ൽ ഫാക്ടറി പൂട്ടി. വെള്ളം നന്നായാൽ പ്രവർത്തിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടും പഞ്ചായത്ത് കനിഞ്ഞില്ല. കടംകൂടിയതോടെ ഫാക്ടറിയും വളപ്പിലുള്ള വീടും വിറ്റു. ഇതോടെ ജീവിതം വഴിമുട്ടി. ഇപ്പോഴും കേസുകളുമായി എതിരാളികൾ വേട്ടതുടരുകയാണെന്നു സെബാസ്റ്റ്യൻ പറയുന്നു. അറിയില്ല ഇപ്പോഴത്തെ പഞ്ചായത്ത് ഭരണസമിതിയുമായി ഈവ്യവസായിക്ക് തർക്കമില്ല. മുൻ ഭരണസമിതിയുടെ കാലത്താണ് എല്ലാം ഉണ്ടായത്. ഇനിയും വ്യവസായങ്ങൾക്ക് അനുമതി നൽകാൻ തയ്യാറാണ്. -ജിജി അഞ്ചാനി, പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് (അന്നത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം തേടിയെങ്കിലും കിട്ടിയില്ല) Content Highlights:presidents attack against enterprenuer, Pallikkathod panchayth, Nandini sambaram


from mathrubhumi.latestnews.rssfeed https://ift.tt/2XctAsw
via IFTTT