Breaking

Saturday, June 29, 2019

രാത്രിയാത്രാ നിരോധനം: ഇടപെടുമെന്നു രാഹുൽ

ന്യൂഡൽഹി: വയനാട്ടിലെ രാത്രിയാത്രാ നിരോധനപ്രശ്നത്തിൽ ഇടപെടുമെന്നു മണ്ഡലത്തിൽനിന്നെത്തിയ മുപ്പതംഗ പ്രതിനിധിസംഘത്തിനു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഉറപ്പ്. ലോക്സഭാസമ്മേളനം കഴിഞ്ഞ്, ഓഗസ്റ്റിൽ ഇതിനായി മണ്ഡലം സന്ദർശിക്കുമെന്നും വയനാട് എം.പി. കൂടിയായ രാഹുൽ പറഞ്ഞു. മണ്ഡലത്തിന്റെ വികസനകാര്യം ചർച്ചചെയ്യാൻ വിളിപ്പിച്ചതനുസരിച്ചാണു നേതാക്കൾ ഡൽഹിയിലെത്തിയത്. രാത്രിയാത്രാനിരോധനം കാരണം ജനങ്ങൾക്കുള്ള പ്രശ്നം പരിഹരിക്കാൻ കേരളത്തിലെയും കർണാടകത്തിലെയും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. നിലവിൽ നിർദേശിക്കപ്പെട്ടിട്ടുള്ള ബദൽമാർഗങ്ങളുടെ പ്രായോഗികവശങ്ങൾ പരിശോധിക്കും. ഉചിതമായ പരിഹാരം കണ്ടെത്തി നടപ്പാക്കാൻ ശ്രമിക്കും. നിരോധനമുള്ള പ്രദേശം സന്ദർശിച്ച് ഇക്കാര്യം പഠിക്കുമെന്നു രാഹുൽ പറഞ്ഞു. വയനാട്ടിലെ കർഷക ആത്മഹത്യ ഉൾപ്പെടെയുള്ള പ്രശ്നങ്ങളും തോട്ടംമേഖലയിലെ പ്രതിസന്ധിയും സർഫാസി നിയമവുമായി ബന്ധപ്പെട്ട ദുരിതങ്ങളും പാർലമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തും. നിലമ്പൂർ- നഞ്ചൻകോട് റെയിൽവേ ലൈൻ, വയനാട്ടിലെ വിനോദസഞ്ചാര വികസനം എന്നീ കാര്യങ്ങളും യോഗത്തിൽ ചർച്ചയായി. വിനോദസഞ്ചാര ഭൂപടത്തിൽ അർഹിക്കുന്ന പ്രാധാന്യം വയനാട്ടിനു കിട്ടിയിട്ടില്ലെന്നു പ്രതിനിധികൾ രാഹുലിനോടു പറഞ്ഞു. രണ്ടുമണിക്കൂറോളം നീണ്ട ചർച്ചയിൽ ആരും വ്യക്തിപരമായ ആവശ്യങ്ങളൊന്നും ഉന്നയിക്കാത്തതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. വെള്ളിയാഴ്ചരാവിലെ പതിനൊന്നിനാണു യോഗം തുടങ്ങിയത്. വയനാട്ടിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ പ്രതിനിധികളെ ഒന്നിച്ചും വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറത്തെ നിലമ്പൂർ, വണ്ടൂർ, ഏറനാട്, കോഴിക്കോട്ടെ തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിലെ പ്രതിനിധികളെ പ്രത്യേകമായും രാഹുൽ കണ്ടു. ഓരോമണ്ഡലത്തിലെയും തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ, കൺവീനർ എന്നിവരും പ്രധാന നേതാക്കളുമാണ് ഡൽഹിയിലെത്തിയത്. മണ്ഡലത്തിലെ കാര്യങ്ങൾ മാസത്തിലൊരുതവണ ശ്രദ്ധയിൽപ്പെടുത്തണമെന്നും അടിയന്തരമായി ഇടപെടേണ്ടവ പെട്ടെന്നറിയിക്കണമെന്നും നിർദേശിച്ചു. പാർലമെന്റിൽ ഉന്നയിക്കേണ്ടവ, വികസന പ്രശ്നങ്ങൾ എന്നിവ പ്രത്യേകം നൽകണമെന്നും പറഞ്ഞു. സർക്കാരിന്റെ വിവിധ കമ്മിറ്റികളിലേക്കു പ്രതിനിധികളെ തീരുമാനിക്കാനും കൽപ്പറ്റയിലും മുക്കത്തും എം.പി. ഓഫീസ് തുടങ്ങാനുമുള്ള ചർച്ചകളും തുടങ്ങി. ആര്യാടൻ മുഹമ്മദ്, എ.പി. അനിൽകുമാർ, ഐ.സി. ബാലകൃഷ്ണൻ, പി.കെ. ബഷീർ, ടി. സിദ്ദിഖ്, വി.വി. പ്രകാശ്, എൻ. സുബ്രഹ്മണ്യൻ, ഇ. മുഹമ്മദ് കുഞ്ഞി, പി.കെ. ജയലക്ഷ്മി, കെ.സി. റോസക്കുട്ടി തുടങ്ങിയ നേതാക്കളാണ് ഡൽഹിയിലെത്തിയത്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്നിക്കും ചർച്ചയിൽ പങ്കെടുത്തു. Content highlights;Rahul Gandhi, Congress


from mathrubhumi.latestnews.rssfeed https://ift.tt/2ZWl79I
via IFTTT