Breaking

Saturday, June 29, 2019

മദ്യലഹരിയിൽ സ്‌റ്റേഷനിൽ പോലീസുകാരന്റെ വിളയാട്ടം

തിരുവനന്തപുരം: മദ്യപിച്ച് പോലീസ് സ്റ്റേഷനിലെത്തി പടക്കം പൊട്ടിക്കുകയും റോഡിലും സ്റ്റേഷനിലും ബഹളം വയ്ക്കുകയും ചെയ്ത സീനിയർ സിവിൽ പോലീസ് ഓഫീസറെ റൂറൽ എസ്.പി. സസ്പെൻഡ് ചെയ്തു. മംഗലപുരം പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ കോലിയക്കോട് സ്വദേശി ജി.ബി.ബിജുവിനെതിരേയാണ് നടപടി. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇയാൾ ബഹളമുണ്ടാക്കുന്നതിന്റെയും മദ്യലഹരിയിൽ സ്റ്റേഷനിൽ വീഴുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ താൻ അനുകൂലിക്കുന്ന പാനൽ ജയിച്ചതിന്റെ ആഹ്ലാദം പ്രകടിപ്പിക്കാനാണ് ബിജു ജോലിചെയ്യുന്ന മംഗലപുരം പോലീസ് സ്റ്റേഷനിലെത്തിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാണ് ഇയാൾ സ്റ്റേഷനിലെത്തിയത്. തുടർന്ന് കാറിൽ സൂക്ഷിച്ചിരുന്ന പടക്കമെടുത്ത് പോലീസ് സ്റ്റേഷന്റെ മതിലിന് പുറത്തുവച്ച് കത്തിച്ചു. സ്റ്റേഷനിൽ ബഹളമുണ്ടാക്കിയ ഇയാൾ മറ്റ് പോലീസുകാരെ വെല്ലുവിളിക്കുകയും ചെയ്തു. തിരിച്ചുവന്ന് വീണ്ടും കാറിലിരുന്ന് മദ്യപിക്കുകയും ചെയ്തായി നാട്ടുകാർ പറയുന്നു. തുടർന്ന് വീണ്ടും വാഹനമെടുത്ത് പോത്തൻകോട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ എത്തിയതോടെ കാർ റോഡിനെ കുറുകെനിന്നു. ഇതോടെ ഇരുഭാഗത്തും വാഹനക്കുരുക്കായി. വാഹനങ്ങളിലെത്തിയവർ ഇറങ്ങി വന്ന് വാഹനം മാറ്റാനാവശ്യപ്പെട്ടതോടെ ഇയാൾ ഇവരെ ചീത്ത പറഞ്ഞു. പോലീസുകാരനാണെന്ന് കണ്ടതോടെ നാട്ടുകാർ കൂടി. തുടർന്ന് പോലീസെത്തി ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ഇയാൾ വീണ്ടും ബഹളമുണ്ടാക്കുകയും തറയിൽക്കിടന്ന് ഉരുളുകയും ചെയ്തു. ഇതോടെ പോലീസുകാർ ബിജുവിന്റെ വീട്ടുകാരെ പോലീസ് വാഹനം അയച്ച് വിളിച്ചുവരുത്തി. തുടർന്ന് മദ്യപിച്ച് വാഹനം ഓടിച്ചതിനും ബഹളമുണ്ടാക്കിയതിനും സ്റ്റേഷന് സമീപം പടക്കം പൊട്ടിച്ചതിനും കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു. Content Highlights:Drunk police officer, rolls on floor,Mangalapuram police station


from mathrubhumi.latestnews.rssfeed https://ift.tt/2XBmeOS
via IFTTT