ഹൈദരാബാദ്: പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിർമല(73 )അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. നടൻ മാഞ്ചു മനോജ് ആണ് വിവരം പുറത്ത് വിട്ടത്. ചലച്ചിത്ര മേഖലയിൽവിപ്ലവം തീർത്ത സിനിമാപ്രവർത്തകയാണ് വിജയ നിർമല. അഭിനേത്രി എന്നതിലുപരി വ്യത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങളാണ് ഇവർ സംവിധാനം ചെയ്തത്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന നേട്ടം കൈവരിച്ച വിജയ നിർമല ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് ബുക്ക് റെക്കോഡും സ്വന്തമാക്കി. തമിഴ്നാട്ടിൽ ജനിച്ച വിജയ നിർമല ഫിലിം പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന പിതാവ് വഴിയാണ് സിനിമയിൽ എത്തുന്നത്. 1957 -ൽ തെലുങ്കു സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. വർഷങ്ങൾക്ക് ശേഷം നായികയായെത്തിയ വിജയ നിർമലയ്ക്ക് മികച്ച വേഷങ്ങൾ നൽകിയത് മലയാള സിനിമയാണ്. എ. വിൻസന്റ് സംവിധാനം ചെയ്ത ഭാർഗവി നിലയം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഭാർഗവി എന്ന യക്ഷി കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. മധു, പ്രേം നസീർ എന്നിവരായിരുന്നു നായകൻമാർ. റോസി, കല്യാണ രാത്രിയിൽ പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുർഗ, കേളനും കളക്ടറും തുടങ്ങി മലയാളത്തിൽ 25 ചിത്രങ്ങളിൽ വേഷമിട്ടു. 1971 ൽ മീന എന്ന ചിത്രം ഒരുക്കി കൊണ്ടാണ് വിജയ നിർമല സംവിധാന രംഗത്ത് ചുവടു വയ്ക്കുന്നത്. പിന്നീട് ഐ.വി ശശിയുടെ സഹായത്തോടെ കവിത എന്ന ചിത്രം പുറത്തിറങ്ങി. അടൂർ ഭാസി,വിൻസന്റ്, തിക്കുറിശ്ശി, മീന, ഫിലോമിന,കവിയൂർ പൊന്നമ്മ എന്നിവർ അഭിനയിച്ചു കൃഷ്ണ മൂർത്തിയായിരുന്നു അദ്യ ഭർത്താവ്. പിന്നീട് തെലുങ്ക് സിനിമാ താരം കൃഷ്ണ ഘട്ടമാനെനിയെ വിവാഹം കഴിച്ചു. ഇരുവരുടെയും പ്രൊഡക്ഷൻ കമ്പനിയായ വിജയകൃഷ്ണ മൂവിസ് വ്യത്യസ്ത ഭാഷകളിലായി പതിനഞ്ചു ചിത്രങ്ങൾ നിർമിച്ചു. തെലുങ്ക് നടൻ നരേഷാണ് ഇവരുടെ മകൻ. Content Highlights:veteran actor director film maker vijaya nirmala passed away, bhargavi nilayam, kavitha movie
from mathrubhumi.latestnews.rssfeed https://ift.tt/2NhU0EJ
via
IFTTT