തൊടുപുഴ:ഹരിത വായ്പത്തട്ടിപ്പുകേസിലെ പ്രതി രാജ്കുമാറിനെ ജയിലിൽ പ്രവേശിപ്പിച്ചത് മതിയായ ആരോഗ്യപരിശോധനാ റിപ്പോർട്ടില്ലാതെ. 'പ്രതി പരിശോധനയുമായി സഹകരിക്കുന്നില്ല' എന്ന് ഏതോ ഒരു ഡോക്ടർ എഴുതിയ കടലാസാണ് ഹെൽത്ത് സ്ക്രീനിങ് റിപ്പോർട്ട് എന്നപേരിൽ പോലീസ് ജയിലിൽ ഹാജരാക്കിയത്. ഈ കടലാസിൽ ആശുപത്രിയുടെയോ ഡോക്ടറുടെയോ പേരുണ്ടായിരുന്നില്ല. ജൂൺ 15-ന് രാത്രി ഒമ്പതിനാണ് കുഴഞ്ഞുവീണ പ്രതിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അവശനിലയിലായ ഇയാളെ ഡോക്ടർ നിരീക്ഷണത്തിൽ വെച്ചു. എന്നാൽ, 16-ന് രാവിലെ താലൂക്ക് ആശുപത്രിയിൽനിന്ന് ഇടുക്കി മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കാൻ പ്രതിയുടെ വൈദ്യപരിശോധനാറിപ്പോർട്ട് പോലീസ് വാങ്ങി. ഈ റിപ്പോർട്ടിൽ എല്ലുരോഗവിദഗ്ധനെ കാണിക്കണമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ളതൊഴിച്ചാൽ മറ്റ് ശാരീരികപ്രശ്നങ്ങളൊന്നും അന്ന് റിപ്പോർട്ടു ചെയ്തിരുന്നില്ല. എന്നാൽ, എല്ലുരോഗ വിദഗ്ധനെ കാണിക്കാതെ പോലീസുകാർ പ്രതിയെ മജിസ്ട്രേറ്റിനുമുമ്പിൽ ഹാജരാക്കി. മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തപ്പോൾ നിയമപ്രകാരം ഹെൽത്ത് സ്ക്രീനിങ് റിപ്പോർട്ട് പോലീസ് വാങ്ങേണ്ടതായിരുന്നു. എന്നാൽ, ഇതിന് പ്രതിയെ നെടുങ്കണ്ടം താലൂക്കാശുപത്രിയിലോ പീരുമേട് താലൂക്ക് ആശുപത്രിയിലോ കൊണ്ടുപോയില്ല. പകരം, ഒരു റിപ്പോർട്ട് തട്ടിക്കൂട്ടുകയായിരുന്നു എന്നാണ് കരുതുന്നത്. ഇത്രയും അവശനായ ഒരാൾക്ക് എങ്ങനെയാണ് ഹെൽത്ത് സ്ക്രീനിങ് റിപ്പോർട്ട് കിട്ടിയത് എന്നുചോദിച്ചപ്പോൾ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽനിന്നു കിട്ടിയെന്നാണ് പീരുമേട് സബ്ജയിലിൽനിന്നു ലഭിച്ച വിശദീകരണം. എന്നാൽ, താലൂക്ക് ആശുപത്രിയിൽനിന്ന് അങ്ങനെയൊരു റിപ്പോർട്ട് കൊടുത്തിട്ടില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. വീണ്ടും ജയിലധികൃതമായി ബന്ധപ്പെട്ടപ്പോൾ പീരുമേട് താലൂക്ക് ആശുപത്രിയിൽനിന്നാകാം എന്നുപറഞ്ഞു. എന്നാൽ, അവിടെനിന്ന് അങ്ങനെ റിപ്പോർട്ടുകൊടുത്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വീണ്ടും അന്വേഷിച്ചപ്പോഴാണ് ഡോക്ടറുടെ പേരുപോലുമില്ലാത്ത ഒരു കടലാസാണ് റിപ്പോർട്ടെന്ന പേരിൽ പോലീസ് കൈമാറിയതെന്ന് ഒരു ജയിൽ ജീവനക്കാരൻ പറഞ്ഞത്. പ്രതി അവശനിലയിലാണെന്ന് മനസ്സിലാക്കിയ പോലീസുകാർ ഇയാളെ ജയിലിലാക്കി കൈകഴുകാനാണ് ശ്രമിച്ചത്. എന്നാൽ, രാത്രി ഒന്നരയ്ക്ക് നടക്കാൻപോലും വയ്യാത്ത ഒരാളെ ജയിലിന്റെ കവാടം തുറന്ന് ജീപ്പ് അകത്തേക്കുകയറ്റി മൂന്നുപോലീസുകാർ താങ്ങിയെടുത്തുകൊണ്ടുവന്നപ്പോൾ അവരുടെ കൈയിലുള്ള റിപ്പോർട്ട് ആധികാരികമാണോ എന്നുപരിശോധിക്കാൻ ജയിൽജീവനക്കാർ ശ്രദ്ധിച്ചതുമില്ല. ഇതോടെ ജയിൽ ജീവനക്കാരും പോലീസിനൊപ്പം കുറ്റവാളികളാകുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ജൂൺ 12മുതൽ 16വരെ രാജ്കുമാർ പോലീസിന്റെ അനധികൃത കസ്റ്റഡിയിലായിരുന്നുവെന്നാണ് സൂചന. നാട്ടുകാർ തല്ലിച്ചതച്ചശേഷമാണ് രാജ്കുമാറിനെ തങ്ങളുടെ കൈയിൽ കിട്ടിയതെന്ന് പോലീസിന് വാദിക്കാമെങ്കിലും ഏറ്റെടുക്കുംമുമ്പ് എന്തുകൊണ്ട് വൈദ്യപരിശോധന നടത്തിയില്ലെന്ന ചോദ്യത്തിന് മറുപടിപറയേണ്ടിവരും. Content Highlight: Thodupuzha rajkumar custodial death
from mathrubhumi.latestnews.rssfeed https://ift.tt/2XIfm1U
via
IFTTT