കണ്ണൂർ: കണ്ണൂർ ജയിലിൽ തടവുകാർ 'ഉപ്പിലിട്ട് കേടാക്കിയ' മൊബൈൽ ജാമറുകൾക്ക് പകരം പുതിയവ എത്തുന്നു. തടവുകാർക്ക് കയറിയെത്താൻ കഴിയാത്തവിധം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുപോലുള്ള നീണ്ട പോസ്റ്റിലാണ് ജാമർ സ്ഥാപിക്കുക. 2007-ൽ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ജയിലുകളിൽ ജാമർ സ്ഥാപിച്ചത്. മൊബൈൽ ഉപയോഗം കൂടുതലുള്ളത് കണ്ണൂർ ജയിലിലായതിനാൽ ആദ്യം അവിടെവെച്ചു. 20 ലക്ഷം രൂപ മുടക്കിയ ഉപകരണം പ്രവർത്തിച്ചത് ഏതാനുംമാസം മാത്രം. കെൽട്രോണാണ് ജയിൽ വകുപ്പിനായി ഇത് സ്ഥാപിച്ചത്. പ്രവർത്തനം നിലച്ചപ്പോൾ കെൽട്രോണിലെ സാങ്കേതിക വിദഗ്ധരെത്തി പരിശോധിച്ചു. ഉപ്പിട്ടതാണ് പ്രശ്നമെന്ന് അപ്പോഴാണ് മനസ്സിലായത്. അറ്റകുറ്റപ്പണി നടത്തി ശരിയാക്കിയെടുക്കാൻ പറ്റാത്ത തരത്തിലാക്കിയിരുന്നു തടവുകാരുടെ 'ഓപ്പറേഷൻ'. പോസ്റ്റിനുമുകളിൽ ഒരുപെട്ടിയിലാണ് ജാമർ സ്ഥാപിച്ചിരുന്നത്. ജയിലിൽനിന്ന് മൊബൈലിൽ ഫോൺ വിളിക്കാനാവാത്തതിനെത്തുടർന്ന് അസ്വസ്ഥരായ രാഷ്ട്രീയത്തടവുകാർ പെട്ടിയിൽ നിറയെ ഉപ്പിടുകയായിരുന്നു. അതോടെ ജാമർ പ്രവർത്തിക്കാതായി. പിന്നീട് പുതിയതുവെക്കാൻ അധികൃതർ തയ്യാറായില്ല. ജയിലിൽ ജാമർ വെച്ചാൽ പരിസരത്തെ ചില വീടുകളിലും മൊബൈൽ ഫോൺ പ്രവർത്തിക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. റിമാൻഡ് തടവുകാർ റിമാൻഡിൽത്തന്നെ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് തടവുകാർക്ക് ഇനി അത്ര സുഖമുണ്ടാകില്ല. ശിക്ഷാതടവുകാരെപ്പോലെതന്നെ പകൽ സമയത്ത് ജയിൽ വളപ്പിൽ യഥേഷ്ടം സഞ്ചരിക്കാവുന്ന സ്ഥിതിയായിരുന്നു ഇതുവരെ. ശിക്ഷാതടവുകാരെപ്പോലെ റിമാൻഡ് തടവുകാരെയും രാവിലെ അഞ്ചരയ്ക്ക് തടവ് ബ്ലോക്കിൽനിന്ന് പുറത്തിറക്കും. വൈകീട്ട് അഞ്ചരയ്ക്ക് തിരിച്ചുകയറ്റും. ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ സന്ദർശനത്തോടെ അതിന് മാറ്റംവന്നു. ഇവർ പകലും സെല്ലിൽതന്നെ കഴിയേണ്ടിവരും. അച്ചടക്കം നിരന്തരം ലംഘിക്കുന്ന സാഹചര്യത്തിൽ അത്തരം ഇളവുകൾ നൽകേണ്ടെന്നാണ് ഡി.ജി.പി.യുടെ നിർദേശം. content highlights:Mobile phone jammer in jails
from mathrubhumi.latestnews.rssfeed https://ift.tt/2X6WRF7
via
IFTTT