Breaking

Tuesday, June 25, 2019

മക്കളുടെ വിവാഹത്തിന് തച്ചങ്കരിയുടെ സംഗീതാർച്ചന

കൊച്ചി: ടോമിൻ തച്ചങ്കരി അങ്ങനെയാണ്. എന്തിലും അല്പം വ്യത്യസ്തതയ്ക്ക് ശ്രമിക്കും. കെ.എസ്.ആർ.ടി.സി. എം.ഡി.യായി തബലയടിച്ച് ചുമതലയേറ്റയാളാണ്. ഇപ്പോൾ മറ്റൊരു വ്യത്യസ്തതയ്ക്ക് ഒരുങ്ങുകയാണ് അദ്ദേഹം. തന്റെ രണ്ട് മക്കളുടെ വിവാഹത്തിന് സമ്മാനമായി സ്വന്തമായി എഴുതി ഈണം നൽകിയ പാട്ട്. ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിയുടെയും ഭാര്യ അനിതയുടെയും മൂത്ത മകൾ മേഘയുടെ വിവാഹവും ഇളയ മകൾ കാവ്യയുടെ വിവാഹ നിശ്ചയവും 30-ന് കൊച്ചിയിൽ നടക്കും. തച്ചങ്കരിയുടെ വീട്ടിൽത്തന്നെയുണ്ട് പാട്ടിന്റെ ഒരു ബറ്റാലിയൻ. രണ്ട് മക്കളും ഗിറ്റാർ വായിക്കുന്നവരാണ്. അനിത പിയാനോ വായിക്കും. പി.കെ. ഗോപിയുടെ രചനയിൽ തച്ചങ്കരി സംഗീതം നൽകിയ 'രക്ഷകാ എന്റെ പാപഭാരമെല്ലാം.., കാൽവരിക്കുന്നിലെ..' തുടങ്ങിയ ക്രിസ്തീയ ഭക്തിഗാനങ്ങൾ വലിയ ഹിറ്റുകളാണ്. ഒരു സംഗീത കുടുംബമായതിനാലാണ് വിവാഹത്തിന് ഇത്തരമൊരു ആലോചനയുണ്ടായതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇടക്കാലത്ത് അനിതയ്ക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളിൽനിന്നുള്ള ഒരു തിരിച്ചുവരവു കൂടിയാണ് ചടങ്ങുകൾ. കല്യാണത്തിനു മുന്നോടിയായി 28-ന് എറണാകുളത്തെ വസതിയിൽ നടക്കുന്ന മധുരംവെപ്പ് ചടങ്ങിലാണ് തച്ചങ്കരി എഴുതി സംഗീതം നൽകിയ പാട്ട് അവതരിപ്പിക്കുന്നത്. വളർത്തി വലുതാക്കിയ മക്കൾ വീടുവിട്ടുപോകുന്നതിന്റെ വിഷമം, ദൈവം തന്ന ദാനമായ മക്കളെ ദൈവത്തെ തിരിച്ചേല്പിക്കുന്ന വിവാഹമെന്ന ദൈവിക കൂദാശയുടെ സന്തോഷം തുടങ്ങിയ കാര്യങ്ങൾ വെച്ചാണ് 'ദൈവം തന്ന ദാനം...' എന്ന പാട്ടെഴുതിയിരിക്കുന്നത്. എറണാകുളം തമ്മനത്തുള്ള അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ ഇതിന്റെ ജോലികൾ പൂർത്തിയായി. തച്ചങ്കരിയും കുടുംബാംഗങ്ങളും തന്നെയാണ് പാടുന്നത്. രാത്രി മുഴുവൻ നീളുന്നതാണ് മധുരംവെപ്പ് ചടങ്ങും ആഘോഷങ്ങളും. സ്വന്തം പാട്ടുകളുടെതുൾപ്പെടെ പാരഡികളുമുണ്ടാകും. മക്കൾ രണ്ടുപേരും ബെംഗളൂരുവിൽ എൻജിനീയർമാരാണ്. പ്രതിശ്രുത വരൻമാരും അവിടെത്തന്നെ എൻജിനീയർമാർ. മൂത്ത മകൾ മേഘയുടെത് മിശ്രവിവാഹമാണ്. വരൻ കോഴിക്കോട് ചേവായൂർ സ്വദേശി ഗൗതം. കൊച്ചി കോന്തുരുത്തി സെയ്ന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിലാണ് വിവാഹം. തുടർന്ന് ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ സത്കാരം. കാവ്യയെ വിവാഹം ചെയ്യുന്നത് എറണാകുളം സ്വദേശി ക്രിസ്റ്റഫർ. ജൂലായ് ആറിന് വാഴക്കാലയിലാണ് കല്യാണം. content highlights:tomin thachankarys daughters marriage


from mathrubhumi.latestnews.rssfeed http://bit.ly/2IH2PDV
via IFTTT