Breaking

Saturday, June 29, 2019

ദേശീയപാത വികസനക്കുരുക്ക് നീങ്ങുന്നു: കേരളം 6000 കോടി നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതവികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ നാലിലൊന്ന് കേരളം വഹിക്കും. നാലിലൊന്ന് വിഹിതമായി ഇപ്പോൾ കണക്കാക്കിയിട്ടുള്ള ഏകദേശതുകയായ ആറായിരം കോടിരൂപ ദേശീയപാതാ അതോറിറ്റിക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചു. അടുത്തിടെ ഡൽഹിയിൽ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും നടത്തിയ ചർച്ചയിൽ കേന്ദ്രം മുന്നോട്ടുവെച്ച പ്രധാന ആവശ്യം ഇതായിരുന്നു. ഇത് അംഗീകരിച്ചതോടെ സംസ്ഥാനത്തെ ദേശീയപാതകളുടെ വികസനത്തിനുള്ള അവസാന തടസ്സവും നീങ്ങി. 45 മീറ്റർ വീതിയിൽ 600 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാതയുടെ വികസനത്തിന് മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന 44,000 കോടി രൂപയിൽ പകുതിയിലേറെയും ഭൂമിയേറ്റെടുക്കലിനാണ് വേണ്ടിവരുന്നത്. മറ്റുസംസ്ഥാനങ്ങളിലുള്ളതിനെക്കാൾ ഇവിടത്തെ ഉയർന്ന വിലയാണ് ഇതിനുകാരണം. ഭൂമിവിലയുടെ നാലിലൊന്ന് സംസ്ഥാനം വഹിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഗഡ്കരിയുടെ ആവശ്യം. ജി.എസ്.ടി. വരുമാനം ഒഴിവാക്കുന്നതടക്കം ഇതിനുള്ള വഴികളും നിർദേശിച്ചിരുന്നു. തുടർന്നാണ് സംസ്ഥാനത്ത് ഉന്നതതലയോഗം ചേർന്നതും പണം കൈമാറാൻ തീരുമാനിച്ചതും. എന്തുവിട്ടുവീഴ്ചചെയ്തും പാതവികസനം വേഗത്തിലാക്കുകയാണ് സർക്കാർ ലക്ഷ്യം. പലവിധത്തിൽ സമാഹരിക്കുന്ന പണം ഒറ്റത്തവണയായി നൽകുന്നതും സർക്കാർ പരിഗണിക്കും. പണം കണ്ടെത്താൻ വഴികൾ ഇങ്ങനെ * നിർമാണസാമഗ്രികളുടെ ജി.എസ്.ടി. വരുമാനത്തിൽ സംസ്ഥാനവിഹിതം ഒഴിവാക്കും. ഇതുവഴി മൂവായിരം കോടി കണ്ടെത്താനാകും. * പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക ഫണ്ടിൽനിന്ന് 1000 കോടി ഉൾപ്പെടുത്തുന്നത് പരിഗണിക്കും. * പ്രധാന വകുപ്പുകളുടെ പദ്ധതിവിഹിതത്തിലെ 20 ശതമാനം തുക വെട്ടിക്കുറച്ച് പണം ഇതിലേക്ക് മാറ്റും. * ദേശീയപാതാ അതോറിറ്റി പരിഗണിക്കുന്നതുപോലെ മസാലബോണ്ടിലൂടെ. * കിഫ്ബിവഴി ധനസമാഹരണം. ജി.എസ്.ടി. ഒഴിവാക്കി കിട്ടുന്ന തുകയ്ക്കുപുറമേ നിർമാണത്തിനാവശ്യമായ പാറ, മണൽ തുടങ്ങിയവ ലഭ്യമാക്കുന്നതും സർക്കാർവിഹിതമായി കണക്കാക്കാമെന്ന് അതോറിറ്റി പറഞ്ഞിരുന്നു. മണലും പാറയുമൊക്കെ നൽകുന്നത് സാങ്കേതിക കുരുക്കിൽപ്പെടുമെന്നതിനാൽ കേരളം അത് പരിഗണിച്ചില്ല. അടുത്തിടെ ഭൂമി ഏറ്റെടുക്കാനുള്ള മുൻഗണനപ്പട്ടികയിൽനിന്ന് കേരളത്തെ ഒഴിവാക്കിയത് വിവാദമായിരുന്നു. കേരളം പ്രതിഷേധിച്ചതോടെ ഗഡ്കരി അറിയാതെ അതോറിറ്റിയെടുത്ത തീരുമാനം അദ്ദേഹംതന്നെ ഇടപെട്ട് റദ്ദാക്കി. ഇനി തടസ്സമുണ്ടാകില്ലെന്നു പ്രതീക്ഷ ദേശീയപാത നാലുവരിപ്പാതയാക്കാൻ കേന്ദ്രമന്ത്രിയുടെ അധ്യക്ഷതയിലുണ്ടായ തീരുമാനം സ്വാഗതാർഹമാണ്. വിശദ പദ്ധതിരേഖ തയ്യാറാക്കൽ, ഭൂമി ഏറ്റെടുക്കൽ, പണം വിതരണം എന്നിവ തുടങ്ങാൻ കളക്ടർമാരെയും ദേശീയപാതാ വിഭാഗത്തെയും ചുമതലപ്പെടുത്തി. ഇനി തടസ്സമുണ്ടാകില്ലെന്നാണു പ്രതീക്ഷ. കാസർകോട് ജില്ലയിലെ രണ്ട് റീച്ചുകളുടെ പണി തുടങ്ങാനും ടെൻഡർ പൂർത്തിയായ കോഴിക്കോട് ബൈപ്പാസ് നിർമാണത്തിൽ അനാസ്ഥകാട്ടിയ കരാർ കമ്പനിക്കെതിരേ നടപടിയെടുക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മറ്റുറീച്ചുകളുടെ പണി തുടങ്ങാനും കേന്ദ്രത്തിനയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. -ജി. സുധാകരൻ, പൊതുമരാമത്ത് മന്ത്രി Content Highlights:National highway development, kerala will give 6000 crore


from mathrubhumi.latestnews.rssfeed https://ift.tt/2Xhrurm
via IFTTT