Breaking

Friday, June 28, 2019

ബസിൽ അടുത്തിരുന്നതിന് യുവതിയുടെ പരാതി: ചെയ്യാത്ത കുറ്റത്തിനാണ് അനുഭവിച്ചത്- മനുപ്രസാദ്

ആലപ്പുഴ/കായംകുളം: 'ഒരുപാട് സങ്കടമുണ്ട്. ചെയ്യാത്ത കുറ്റത്തിനാണ് ഇത്രയും അനുഭവിച്ചത്. നാട്ടുകാർക്കും വീട്ടുകാർക്കും എന്നെ അറിയാം. ഞാൻ തെറ്റുകാരനല്ല. എനിക്ക് പേടിക്കേണ്ട കാര്യവുമില്ല. പക്ഷേ, തല്ലുകേസല്ലല്ലോ.. എല്ലാവരും വിശ്വസിച്ചെന്ന് വരില്ല.' -ബസ് യാത്രക്കാരിയുടെ പരാതിയെത്തുടർന്ന് ബസിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മനുപ്രസാദിന്റേതാണീ വാക്കുകൾ. ചൊവ്വാഴ്ച വൈകീട്ട് നടത്തിയ ബസ് യാത്രയാണ് അമ്പലപ്പുഴ സ്വദേശിയും ഒരുകാലിന് ചെറിയ ബുദ്ധിമുട്ടുമുള്ള മനുപ്രസാദിന് മറക്കാനാവാത്ത അനുഭവം സമ്മാനിച്ചത്. ചങ്ങൻകുളങ്ങര ഭാഗത്തുനിന്നാണ് മനുപ്രസാദ് കെ.എസ്.ആർ.ടി.സി. ബസിൽ കയറിയത്. ബസിലെ ജനറൽ സീറ്റിൽ പരാതിക്കാരിയുടെ അടുത്ത് ഇരുന്നതാണ് പ്രകോപനത്തിന് കാരണമായത്. ഇതിഷ്ടപ്പെടാതിരുന്ന യുവതി ഇയാളോട് കയർക്കുകയും എഴുന്നേറ്റ് മാറുകയും ചെയ്തു. പിന്നീട് ഇവർ പോലീസുകാരനായ ഭർത്താവിനെ വിളിച്ച് വിവരം പറഞ്ഞു. കായംകുളം പോലീസിന്റെ നിർദേശത്തെത്തുടർന്ന് ഹരിപ്പാട് സ്റ്റാൻഡിൽ ബസ് തടഞ്ഞ് ഹൈവേ പോലീസ് മനുപ്രസാദിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ബസിലെ യാത്രക്കാർ ഒന്നടങ്കം പ്രതിഷേധിച്ചെങ്കിലും വകവയ്ക്കാതെ പോലീസ് മനുവിനെ കൊണ്ടുപോകുകയായിരുന്നു. അടുത്തദിവസം ഹാജരാകാൻ കായംകുളം പോലീസ് നിർദേശിച്ചു. യുവതിയോടും വരാൻ പറഞ്ഞു. എന്നാൽ, യുവതി ഹാജരായില്ല. തുടർന്ന് മനുവിനെ പോലീസ് പറഞ്ഞുവിടുകയായിരുന്നു. 'എന്തുകൊണ്ടാണ് ആ സ്ത്രീ അങ്ങനെ പെരുമാറിയതെന്നറിയില്ല. ചിലപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യമാകാം. സ്ത്രീകളടക്കമുള്ള യാത്രക്കാരെല്ലാം എന്റെ ഭാഗത്ത് തെറ്റില്ലെന്ന് വ്യക്തമാക്കുന്നത് ലൈവ് വീഡിയോയിലുണ്ട്. പക്ഷേ, അതിന് താഴെപ്പോലും ചിലർ എനിക്കെതിരേ കമന്റിടുന്നുണ്ട്. അതിനാൽ ഞാൻ തെറ്റുകാരനല്ലെന്ന് തെളിയിച്ചാലും ചിലർ അത് വിശ്വസിക്കണമെന്നില്ല. അതിൽ വേദനയുണ്ട്. എന്തായാലും തളരില്ല. സധൈര്യം നേരിടും. യുവതിയുടെ പരാതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ പോലീസ് തയ്യാറാകുന്നില്ല. വിവരാവകാശം കൊടുത്ത് വിവരങ്ങൾ എടുക്കാനാണ് അവർ പറയുന്നത്. ഇനി എന്തുവേണമെന്ന് ആലോചിച്ച് തീരുമാനിക്കും' -മനുപ്രസാദ് പറയുന്നു. യുവതി പരാതിനൽകിയ സാഹചര്യത്തിൽ നടപടിയെടുക്കാതിരിക്കാൻ കഴിയില്ലെന്നും യുവതിക്കെതിരേ മനുപ്രസാദ് പരാതി നൽകാത്തതിനാൽ തുടർനടപടി സാധ്യമാകുന്നില്ലെന്നുമാണ് പോലീസിന്റ വിശദീകരണം. ഇതിനിടെ അനാവശ്യമായി ബസിൽനിന്ന് മനുപ്രസാദിനെ ഇറക്കിക്കൊണ്ടുപോയ പോലീസിന്റെ നടപടിയിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം കനക്കുന്നുണ്ട്. content highlights:ksrtc bus kayamkulam


from mathrubhumi.latestnews.rssfeed https://ift.tt/2XGvNvE
via IFTTT