Breaking

Thursday, June 20, 2019

കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം; റിസർവ് ബാങ്ക് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: കർഷകരെടുത്ത എല്ലാ വായ്പകൾക്കും സംസ്ഥാന സർക്കാർ ഡിസംബർ 31 വരെ ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന് റിസർവ് ബാങ്ക് അനുമതി നിഷേധിച്ചു. കാർഷികവായ്പയ്ക്കും കൃഷി പ്രധാന വരുമാനമാർഗമായ കർഷകരെടുത്ത എല്ലാത്തരം വായ്പകൾക്കുമാണ് മൊറട്ടോറിയം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് മേയ് 29-ന് ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ, മാർച്ച് 31-ന് അവസാനിച്ച മൊറട്ടോറിയം ഇനി നീട്ടേണ്ടെന്നാണ് റിസർവ് ബാങ്ക് നിലപാട്. ഇടുക്കി, വയനാട് ജില്ലകളിൽ കർഷക ആത്മഹത്യകളുണ്ടായിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോഴുള്ള പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്ന് വ്യക്തമായതിനെത്തുടർന്ന് മുഖ്യമന്ത്രി സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ യോഗം വിളിച്ചാണ് വായ്പയ്ക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം തീരുമാനിച്ചത്. ഇതു നടപ്പാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ അനുമതി വേണം. ബാങ്കേഴ്സ് സമിതി ഇതിന് അനുമതി തേടിയപ്പോഴാണ് മൊറട്ടോറിയം നീട്ടേണ്ടെന്ന മറുപടി ലഭിച്ചത്. കർഷകർ മറ്റാവശ്യങ്ങൾക്ക് എടുക്കുന്ന വായ്പയും കാർഷികവൃത്തിയിൽനിന്നുള്ള വരുമാനത്തിൽനിന്നാണ് അടയ്ക്കുന്നത്. പ്രളയംമൂലം കഴിഞ്ഞവർഷം കൃഷി നശിച്ചതിനാൽ പലർക്കും വായ്പ തിരിച്ചടയ്ക്കാനാകാതിരുന്നത് കർഷകരെ പ്രതിസന്ധിയിലാക്കി. മൊറട്ടോറിയം സംബന്ധിച്ച മന്ത്രിസഭാതീരുമാനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങിയത് നേരത്തേ വിവാദമായിരുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ ഉത്തരവ് ഇറക്കാനാകാതെ വന്നതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞേ പിന്നീട് ഉത്തരവിറക്കാനായുള്ളൂ. മൊറട്ടോറിയം ഏർപ്പെടുത്താനാണ് സംസ്ഥാനസർക്കാരിന്റെ തീരുമാനം എന്നതിനാൽ ജപ്തിനടപടികളോട് റവന്യൂ, പോലീസ് സംവിധാനങ്ങൾ നിലവിൽ സഹകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ബാങ്കുകൾ ജപ്തിനടപടികൾ തത്കാലം നിർത്തിവെച്ചിരിക്കയാണ്. മൂന്നുവർഷത്തിനിടെ 15 കർഷക ആത്മഹത്യ : കഴിഞ്ഞ മൂന്നുവർഷത്തിനിടെ കേരളത്തിൽ 15 കർഷകർ ആത്മഹത്യ ചെയ്തെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയിൽ പറഞ്ഞു. ഇടുക്കിയിൽ പത്തുപേരും വയനാട്ടിൽ അഞ്ചുപേരും. ഇടുക്കിയിൽ ഒൻപത് കർഷകരുടെ ആശ്രിതർക്ക് 29 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് വിതരണം ചെയ്തു. വയനാട്ടിലെ സഹായവിതരണ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. മൊറട്ടോറിയം വന്നിരുന്നെങ്കിൽ * ഡിസംബർ 31 വരെ ജപ്തിനടപടികൾ ഉണ്ടാവില്ല. * വായ്പാ തിരിച്ചടവ് നീണ്ടുകിട്ടും. * ഇക്കാലയളവിലെ പലിശ പിന്നീട് നൽകണമെങ്കിലും പിഴപ്പലിശ ഉണ്ടാകില്ല. മൊറട്ടോറിയം ഇല്ലെങ്കിൽ * ബാങ്കുകൾക്ക് ജപ്തിയിലേക്കും മറ്റും നീങ്ങാൻകഴിയും. * പലിശയടയ്ക്കുന്നതിൽ വീഴ്ചവന്നാൽ പിഴപ്പലിശ നൽകാൻ കർഷകർ ബാധ്യസ്ഥരാകും. * ജപ്തിക്ക് ബാങ്കുകൾക്ക് നിയമപരമായ പിൻബലം ലഭിക്കും. Content Highlights:farmers loan moratorium-reserve bank of india


from mathrubhumi.latestnews.rssfeed http://bit.ly/2IqFTbG
via IFTTT