Breaking

Thursday, June 20, 2019

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് കേന്ദ്രം മുന്നോട്ട്, പ്രത്യേക സമിതിയുണ്ടാക്കും

ന്യൂഡൽഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' എന്ന ലക്ഷ്യം നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽചേർന്ന യോഗത്തിൽ തീരുമാനം. ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്താനുള്ള നിർദേശം നടപ്പാക്കുന്നതു പരിശോധിക്കാൻ പ്രത്യേകസമിതിയുണ്ടാക്കുമെന്ന് വിവിധ പാർട്ടിനേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. സമിതിയുടെ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കും. യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പാർട്ടികളും ആശയത്തെ പിന്തുണച്ചതായി യോഗതീരുമാനങ്ങൾ വിവരിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മാധ്യമങ്ങളോടുപറഞ്ഞു. 40 പാർട്ടികളെ ക്ഷണിച്ചെന്നും 21 പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തെന്നും മൂന്നു പാർട്ടികൾ അഭിപ്രായം എഴുതിയ കത്തുനൽകിയെന്നും രാജ്നാഥ് സിങ് പറഞ്ഞു. പാർലമെന്റിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തൽ, ഗാന്ധിജിയുടെ 150-ാം ജന്മവാർഷികാഘോഷം, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം എന്നിവയും യോഗം ചർച്ചചെയ്തു. ബി.ജെ.പി. പ്രകടനപത്രികയിലുള്ള 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' എന്ന ആശയം സമയബന്ധിതമായി നടപ്പാക്കാനാണു സർക്കാർ നീക്കമെന്നാണു വിലയിരുത്തലുകൾ. ഇക്കാര്യത്തിൽ പാർലമെന്റിലും ചർച്ച വന്നേക്കുമെന്നാണു വിവരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, നരേന്ദ്രസിങ് തോമർ, പ്രൾഹാദ് സിങ് ജോഷി, താവർചന്ദ് ഗഹ്ലോത് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. എന്നാൽ, എൻ.ഡി.എ. ഘടകകക്ഷിയായ ശിവസേനയുടെ നേതാവ് ഉദ്ധവ് താക്കറെ യോഗത്തിനെത്തിയില്ല. ജാഗ്രതവേണമെന്നു പാർട്ടികൾ 'ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്' എന്ന ആശയം നടപ്പാക്കുന്നതു ജാഗ്രതയോടെ വേണമെന്ന് ഒട്ടേറെ പാർട്ടികൾ അഭിപ്രായപ്പെട്ടു. ഏതെങ്കിലുമൊരു പാർട്ടിയുടെ അജൻഡയല്ല ഇതെന്നു പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള വിഷയമായതിനാൽ എല്ലാ പാർട്ടികളും അർഹിക്കുന്ന പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസും പ്രമുഖ നേതാക്കളും ബഹിഷ്കരിച്ചു യഥാർഥപ്രശ്നങ്ങളിൽനിന്നു ജനശ്രദ്ധ തിരിച്ചുവിടാനാണ് പ്രധാനമന്ത്രി യോഗംവിളിച്ചതെന്നു കുറ്റപ്പെടുത്തി കോൺഗ്രസിന്റെ ബഹിഷ്കരണം. ഇടതുപാർട്ടികളായ സി.പി.എം., സി.പി.ഐ., ആർ.എസ്.പി. തുടങ്ങിയവ പങ്കെടുത്ത് തങ്ങളുടെ എതിർപ്പറിയിച്ചു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, എസ്.പി. നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി. നേതാവ് മായാവതി തുടങ്ങിയ പ്രമുഖരൊന്നും പങ്കെടുത്തില്ല. Content Highlights:one nation, one election, PM Narendra Modi


from mathrubhumi.latestnews.rssfeed http://bit.ly/2Xqh4Fg
via IFTTT