Breaking

Saturday, June 22, 2019

മണ്ണിലേക്ക് മടങ്ങി, പ്രളയകാലത്തെ രക്ഷകന്‍

കോയമ്പത്തൂർ: കഴിഞ്ഞ വർഷം കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ രക്ഷാപ്രവർത്തനത്തിനെത്തിയ വ്യോമസേനാ ഉദ്യോഗസ്ഥരിൽ മലയാളിയായ സ്ക്വാഡ്രൺ ലീഡർ എച്ച്. വിനോദുമുണ്ടായിരുന്നു. സ്കൂൾപഠനകാലം മുതലേ വിനോദിനും സഹോദരൻ വിവേകിനും സൈനികസേവനമായിരുന്നു ലക്ഷ്യം. ധീരനായ സഹോദരന് എല്ലാ സങ്കടവും ഉള്ളിലൊതുക്കി അന്ത്യകർമങ്ങൾ നിർവഹിക്കുമ്പോഴും സഹോദരൻ സ്ക്വാഡ്രൺ ലീഡർ വിവേകും ധീരത കൈവിട്ടില്ല. കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതുവരെ പ്രതീക്ഷ കൈവിടാതിരുന്ന ഭാര്യ രുക്മിണിയും കണ്ണീർ വറ്റിയ കണ്ണുകളോടെ വിനോദിനെ യാത്രയാക്കി. ഔദ്യോഗിക ബഹുമതികളോടെ വ്യോമസേനയും. തൃശ്ശൂർ പെരിങ്ങണ്ടൂർ നടുവിലാർമഠത്തിൽ പരേതനായ പി.വി. ഹരിഹരന്റെയും തങ്കമണിയുടെയും മകനാണ് വിനോദ്. കുടുംബത്തോടൊപ്പം കോയമ്പത്തൂർ സിങ്കാനല്ലൂരിലായിരുന്നു താമസം. 2011-ൽ ആണ് വായുസേനയിൽ ചേരുന്നത്. 2016-ൽ ആയിരുന്നു കൊല്ലങ്കോട് സ്വദേശിനി രുക്മിണിയുമായുള്ള വിവാഹം. ജൂലായ് 22-ന് വിനോദിന്റെ 31-ാം പിറന്നാളാണ്. അമ്മ വാങ്ങിവെച്ച സമ്മാനമായ ടീഷർട്ടിടാൻ അന്നെത്തുമെന്ന് തങ്കമണിക്കും ഗർഭിണിയായ ഭാര്യയ്ക്കും വിനോദ് ഉറപ്പുനൽകിയതായിരുന്നു. ജൂൺ മൂന്നിനാണ് വിനോദുൾപ്പെടെ 13 വ്യോമസേനാ ഉദ്യോഗസ്ഥരുമായി വിമാനം അരുണാചൽപ്രദേശിൽ കാണാതാവുന്നത്. ലിപോ വനമേഖലയിൽ തകർന്നുവീണ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് ജൂൺ 12-ന് വ്യോമസേന സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സൂലൂർ വ്യോമസേനാകേന്ദ്രത്തിൽ മൃതദേഹം എത്തിച്ചത്. കേരള സർക്കാരിന്റെ പ്രതിനിധിയായി പാലക്കാട് എ.ഡി.എം. എൻ.എം. മെഹർ അലി പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന്, സിങ്കാനല്ലൂർ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഫൈറ്റ് എൻജിനിയർ കൊല്ലം അഞ്ചൽ സ്വദേശി എസ്. അനൂപ് കുമാറിന്റെ മൃതദേഹം (28) അഞ്ചൽ ആലഞ്ചേരി വിജയ വിലാസം വീട്ടുവളപ്പിലും കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കോർപ്പറൽ എൻ.കെ. ഷരിന്റെ (26) മൃതദേഹം വീട്ടുവളപ്പിലും പൂർണ്ണ സൈനിക ബഹുമതികളോടെ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.


from mathrubhumi.latestnews.rssfeed http://bit.ly/2L8lolU
via IFTTT