ഡ്രൈവിങ് ലൈസൻസ് സ്മാർട്ട് കാർഡ് രൂപത്തിലാക്കുന്ന പദ്ധതി ഇനിയും വൈകുമെന്ന് ഉറപ്പായി. അതുകൊണ്ട് കെട്ടിക്കിടക്കുന്ന അപേക്ഷകളിലുള്ള ലൈസൻസുകളെല്ലാം പഴയരൂപത്തിൽത്തന്നെ ആർ.ടി. ഓഫീസുകൾവഴി നേരിട്ട് നൽകാൻ തുടങ്ങി. ഏഴുമാസമായി സംസ്ഥാനത്ത് ലൈസൻസ് വിതരണം മുടങ്ങിട്ട്. അറുപതിനായിരത്തിലേറേ ലൈസൻസുകളാണ് കെട്ടിക്കിടക്കുന്നത്. സ്മാർട്ട് ലൈസൻസ് നിർമാണത്തിനായി ഏജൻസിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ നിയമക്കുരുക്കിലായതാണ് കാരണം. ഊരാളുങ്ങൽ സൊസൈറ്റിയെയാണ് സർക്കാർ ഇതിനായി തിരഞ്ഞെടുത്തിരുന്നത്. ഇതിനെതിരേ ഹൈക്കോടതിയിൽ ഹർജി വന്നതോടെ പദ്ധതി മുടങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ കരുനാഗപ്പള്ളി, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്മാർട്ട് കാർഡ് ലൈസൻസ് വിതരണംചെയ്തിരുന്നു. 2019 ജനുവരി ഒന്നുമുതൽ സംസ്ഥാനത്ത് മുഴുവൻ വ്യാപിപ്പിക്കാനായിരുന്നു തീരുമാനം. ലൈസൻസ് ഉടമയെ സംബന്ധിച്ച എല്ലാവിവരങ്ങളും എളുപ്പത്തിൽ അറിയാൻ കഴിയുമെന്നതാണ് സ്മാർട്ട് ലൈസൻസിന്റെ പ്രത്യേകത. ലൈസൻസ് വിതരണം മുടങ്ങിയതോടെ ടെസ്റ്റ് പാസായവർക്ക് അതിന്റെ വിവരങ്ങൾ പ്രിന്റ് ചെയ്ത് നൽകുകയാണ് ഇതുവരെ ചെയ്തിരുന്നത്. ഇതിന് നിയമസാധുതയില്ല. ഈ സാഹചര്യത്തിലാണ് തൽക്കാലം പഴയ രീതിയിൽത്തന്നെ ലൈസൻസ് വിതരണംചെയ്യാൻ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചത്. ഇതുപ്രകാരം എല്ലാ ജില്ലകളിലും അതത് ഓഫീസുകളുടെകീഴിൽ പരീക്ഷ പാസായവരെയെല്ലാം ഒറ്റദിവസം വിളിച്ചുവരുത്തി നേരിട്ട് ലൈസൻസ് നൽകുകയാണിപ്പോൾ. അപേക്ഷയുടെകൂടെ ലൈസൻസ് അയയ്ക്കാനുള്ള കവറുകൾ വെക്കാത്തതും ഇതിനു കാരണമായി. ആയിരവും രണ്ടായിരവും പേർ ഒരുമിച്ച് ഓഫീസുകളിലെത്തി ലൈസൻസ് കൈപ്പറ്റുകയാണ് ചെയ്യുന്നത്. ഇപ്പോഴത്തെ ലാമിനേഷൻചെയ്ത ലൈസൻസ് വൈകാതെ പ്ലാസ്റ്റിക് കാർഡിലേക്ക് മാറുമെന്ന് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത് അറിയിച്ചു. കേസ് അവസാനിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. കേസ് തീരുന്നതോടെ സ്മാർട്ട് കാർഡ് പുനഃസ്ഥാപിക്കും. നിലവിൽ ലൈസൻസ് കൈപ്പറ്റിയവർക്ക് അപേക്ഷനൽകി സ്മാർട്ടാക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു. Content Highlights: Smart Driving Licence Distribution
from mathrubhumi.latestnews.rssfeed http://bit.ly/31ID0uz
via
IFTTT