Breaking

Wednesday, June 19, 2019

പ്രധാനമന്ത്രിയുടെ യോഗം: ചന്ദ്രശേഖര്‍ റാവുവും ചന്ദ്രബാബു നായിഡുവും പങ്കെടുക്കില്ല

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച വിവിധ പാർട്ടി അധ്യക്ഷന്മാരുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചതിനു പിന്നാലെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നു. മുൻ ആന്ധ്രാ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും യോഗത്തിൽ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോർട്ട്. തന്റെ തീരുമാനം വിശദീകരിക്കുന്നതിന് ചൊവ്വാഴ്ച ചന്ദ്രശേഖർ റാവു പത്രസമ്മേളനം വിളിച്ചിരുന്നു. കേന്ദ്രസർക്കാരുമായി ഭരണഘടനാപരമായ ബന്ധം മാത്രമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ പങ്കെടുത്തിട്ട് എന്താണ് ചർച്ചചെയ്യാനുള്ളത്? കേന്ദ്രവുമായി ചർച്ച നടത്തിയിട്ട് ഒരു കാര്യവുമില്ല. ഒരു രൂപയുടെ സഹായം പോലും കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് ലഭിക്കില്ല. മോദിയുടേത് ഒരു ഫാസിസ്റ്റ് സർക്കാരാണ്. അതൊരു വസ്തുതയാണ്- അദ്ദേഹം പറഞ്ഞു. എന്നാൽ, ചന്ദ്രശേഖർ റാവുവിന് പകരം അദ്ദേഹത്തിന്റെ മകൻ കെ.ടി രാമറാവു പ്രധാനമന്ത്രി ബുധനാഴ്ച വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വിദേശത്ത് പോകുന്നതിനാൽ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് വിവരം. കുടുംബത്തോടൊപ്പം ഒരാഴ്ചത്തേയ്ക്കാണ് അദ്ദേഹം വിദേശ സന്ദർശനത്തിന് പോകുന്നത്. ജൂൺ 25ന് മാത്രമേ അദ്ദേഹം തിരികെയെത്തൂ എന്നും പാർട്ടി വക്താവ് വ്യക്തമാക്കി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയം ചർച്ചചെയ്യുന്നതിന് ബുധനാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത വിവിധ പാർട്ടി അധ്യക്ഷന്മാരുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരത്തെ വ്യക്തമാക്കിയിരുന്നു. വളരെ ഗൗരവമേറിയ വിഷയത്തിൽ തിടുക്കപ്പെട്ട് തീരുമാനം എടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി അവർ പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ ധവളപത്രം പുറത്തിറക്കണമെന്നും വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് നിലപാട് വ്യക്തമാക്കാൻ ആവശ്യത്തിന് സമയം അനുവദിക്കണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു. വേണ്ടത്ര ചർച്ച നടത്താതെയാണ് കേന്ദ്രസർക്കാർ യോഗം വിളിച്ചിട്ടുള്ളതെന്നാണ് മമതയുടെ നിലപാട്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിൽ മിക്ക പ്രതിപക്ഷ പാർട്ടികൾക്കും എതിർപ്പാണുള്ളത്. പാർട്ടി സ്ഥാപകദിനവുമായി ബന്ധപ്പെട്ട തിരക്കുകൾ ഉള്ളതിനാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും വ്യക്തമാക്കിയിട്ടുണ്ട്. Content Highlights:KCR and Naidu Skips PMs One Nation, One Election Meet


from mathrubhumi.latestnews.rssfeed http://bit.ly/2WLnRF6
via IFTTT