Breaking

Friday, June 21, 2019

നാട്ടുകാരുടെ മുന്നില്‍ അധ്വാനിച്ച് ജീവിക്കുന്നവര്‍; എന്നാല്‍ തൊഴില്‍ കള്ളനോട്ടടി

തൃശ്ശൂർ: കള്ളനോട്ട് അച്ചടിച്ച് മധ്യകേരളത്തിൽ വിതരണം ചെയ്യുന്നതിനിടെ പിടിയിലായ ബർണാഡ് സഹോദരങ്ങൾ നാട്ടുകാരുടെ മുന്നിൽ അധ്വാനിച്ച് ജീവിക്കുന്നവർ. ചേട്ടൻ നിർമാണജോലി ചെയ്തും അനിയൻ ഓട്ടോറിക്ഷയോടിച്ചും ഉപജീവനം കണ്ടെത്തുന്നുവെന്നാണ് നാട്ടുകാർ അറിഞ്ഞിരുന്നത്. കൊലപാതകക്കേസിൽ ബെന്നി ബർണാഡ് ജയിലിൽ കഴിയവേ പരിചയപ്പെട്ട കള്ളനോട്ട് കേസ് പ്രതികളിൽനിന്നാണ് ഇവർ നിർമാണത്തിന്റെ സാങ്കേതികവശങ്ങൾ മനസ്സിലാക്കിയത്. കൂട്ടുകാരുടെ സഹായത്തോടെ വിദേശനിർമിത പ്രിന്റർ വാങ്ങി കള്ളനോട്ട് നിർമാണം തുടങ്ങുകയായിരുന്നു. മാസങ്ങൾക്കുമുമ്പ് തൃശ്ശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപമുള്ള സ്വകാര്യ ഹോട്ടലിൽ നൈജീരിയൻ സ്വദേശിയടക്കം കണ്ണിയായ കള്ളനോട്ടുകേസിന് രാജ്യാന്തരബന്ധങ്ങളുണ്ടെന്ന് പോലീസിന് വ്യക്തമായിരുന്നു. ഇതിന്റെ പിന്നാലെയായിരുന്നു പോലീസ്. വിവിധ കേസുകൾ പിന്തുടരുന്നതിനിടയിൽ ആഴ്ചകൾക്കുമുമ്പാണ് ആലപ്പുഴയിലെ ബർണാഡ് സഹോദരന്മാരുടെ കള്ളനോട്ട് ഇടപാട് ശ്രദ്ധയിൽപ്പെടുന്നത്. തുടർനിരീക്ഷണമാണ് ഇരുവരെയും കുടുക്കിയത്. വിദേശനിർമിത യന്ത്രത്തിൽ കള്ളനോട്ടടി; സഹോദരങ്ങൾ അറസ്റ്റിൽ ഒരുലക്ഷം രൂപയുടെ നല്ലനോട്ടുകൾ കൊടുത്താൽ രണ്ടുലക്ഷം രൂപയുടെ കള്ളനോട്ടുകൾ നൽകുന്നതാണ് ഇവരുടെ രീതി. സംസ്ഥാനത്ത് വൻതോതിൽ ഏജന്റുമാർ ഇതിനായി ഉണ്ടെന്ന് പോലീസ് പറയുന്നു. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി ലക്ഷക്കണക്കിനു രൂപയുടെ കള്ളനോട്ടുകൾ ഇതിനകം ഇവർ വിതരണം ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇവർ കള്ളനോട്ടുകൾ വിതരണംചെയ്ത ആളുകളെപ്പറ്റി അന്വേഷണം നടത്തിവരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയശേഷം കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ യതീഷ്ചന്ദ്ര അറിയിച്ചു. സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി. സി.ഡി. ശ്രീനിവാസൻ, തൃശ്ശൂർ എ.സി.പി. വി.കെ. രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. Content Highlights:fake currency printing brothers arrested by crime branch in thrissur


from mathrubhumi.latestnews.rssfeed http://bit.ly/2x8G1WO
via IFTTT